കോഴിക്കോട്-ഒമാന്‍ ടിക്കറ്റ് നിരക്ക് 80,000, വിമാനക്കമ്പനികളുടെ കൊള്ളയ്ക്കു കേന്ദ്രത്തിന്റെ മൗനപിന്തുണ, ഇന്ത്യയിലേക്കില്ലെന്നു പ്രവാസികള്‍

| Tuesday September 6th, 2016

പ്രത്യേക ലേഖകന്‍/www.vyganews.com

തിരുവനന്തപുരം: ഓണവും ബക്രീദും മുന്നില്‍ക്കണ്ട് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് 15 ഇരട്ടി വരെ ഉയര്‍ത്തി.

ഇതിനെക്കുറിച്ചു പ്രവാസികള്‍ വ്യാപകമായി പരാതിപ്പെട്ടിട്ടും സിവില്‍ വ്യോമയാന മന്ത്രാലയം കണ്ണടയ്ക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഉടമയിലെ എയര്‍ ഇന്ത്യയും കൊള്ളയ്ക്ക് ഒട്ടും പിന്നിലല്ല. കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സെക്ടറിലാണ് പണപ്പിരിവ് ഏറെയും.

ഈ മാസം എട്ടു മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പത്തു ദിവസത്തോളം നീളുന്ന അവധി തുടങ്ങുകയാണ്. ഇതു മുന്നില്‍ക്കണ്ടാണ് വിമാനക്കമ്പനികള്‍ കൊള്ള നടത്തുന്നത്.

ബക്രീദും ഓണവും ആഘോഷിക്കാന്‍ മലയാളികളില്‍ വലിയൊരു വിഭാഗം ഈ സമയത്ത് നാട്ടിലേക്കു വരുന്നുണ്ട്. അതു മുന്നില്‍ക്കണ്ടാണ് മലയാളികളെ പിഴിയാന്‍ വിമാനക്കമ്പനികള്‍ ശ്രമിക്കുന്നത്.
കോഴിക്കോട് – ദുബായ് സെക്ടറില്‍ അയ്യായിരം രൂപ മുതല്‍ ഏഴായിരം വരെയായിരുന്നു പതിവ് നിരക്ക്. ഇപ്പോള്‍ അത് 35000 രൂപയിലെത്തി നില്‍ക്കുകയാണ്. കെച്ചി-ദുബായ് സെക്ടറില്‍ രണ്ടായിരം രൂപ കുറച്ചിട്ടുണ്ട്.

ദോഹയില്‍ നിന്ന് കേരളത്തിലേക്ക് 30000 രൂപ വരെ ചുമത്തുന്നുണ്ട്. ഇതേസമയം, മറ്റു സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ ഇതിന്റെ പകുതി പോലും തുക ചാര്‍ജ് ചെയ്യുന്നുമില്ല.

കോഴിക്കോട്-ഒമാന്‍ ചാര്‍ജ് 17ാം തിയതി 80,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. പതിവായി ഈ റൂട്ടില്‍ എണ്ണായിരത്തിനു മുകളില്‍ ചാര്‍ജ് വരാറില്ല. താരതമ്യേന ടിക്കറ്റ് നിരക്ക് കുറവുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കാര്യവും വ്യത്യസ്തമല്ല.

എന്തായാലും കൊള്ളയ്ക്കു സര്‍ക്കാര്‍ കൂടി കണ്ണടച്ചതോടെ യാത്ര ഒഴിവാക്കി ഇന്ത്യയിലേക്കു വരേണ്ടെന്ന തീരുമാനത്തിലാണ് വലിയൊരു വിഭാഗം പ്രവാസികള്‍.

Comments

comments

Tags: ,