മോഡിരാജ്യം വന്നാല്‍ എന്താണ് കുഴപ്പം?

| Friday October 4th, 2013

സെബിന്‍ ഏബ്രഹാം ജേക്കബ്‌

മോഡിവന്നാല്‍ എന്താണു് കുഴപ്പം?
സര്‍ദാര്‍ജിയെക്കാള്‍ ഭേദമല്ലേ?
മോഡിക്കു സര്‍വ്വപിന്തുണയും!
മോഡി കീ ജയ്…
ഗുജറാത്തിലെ മുസ്ലീങ്ങള്‍ക്കു് കുഴപ്പമില്ലല്ലോ…

കേരളത്തില്‍ മോഡിക്കു് പിന്തുണക്കാര്‍ കൂടിവരുന്നതിന്റെ ലക്ഷണം. മോഡി വന്നാല്‍ പ്രത്യക്ഷത്തില്‍ കുഴപ്പമുണ്ടാകുമെന്നു് കരുതാന്‍ ന്യായമില്ല. കാരണം മോഡി ഒരു രാഷ്ട്രീയക്കാരനാണു്. മന്‍മോഹന്‍സിങ്ങിനു് അടുത്തതവണ യുപിഎ വരണമെങ്കില്‍ ഇന്നപോലെ ചെയ്യണമെന്നോ ഒന്നുമില്ല. ഫാക്റ്റ്സ് ആന്‍ഡ് ഫിഗേഴ്സിനപ്പുറത്തേക്കു് അയാളിലെ ഇക്കണോമിസ്റ്റ് വളര്‍ന്നിട്ടില്ല. അതേ സമയം മോഡി അങ്ങനെയല്ല. അടിമുടി രാഷ്ട്രീയക്കാരനാണു്. അരനൂറ്റാണ്ടിലേറെക്കാലമായി gettoisation നടന്നുകൊണ്ടിരുന്ന ഗുജറാത്തില്‍ അധികാരമുറപ്പിക്കാന്‍ അവശ്യംവേണ്ട പിന്തുണയുറപ്പിക്കാന്‍ വര്‍ഗ്ഗീയധ്രുവീകരണം മൂര്‍ച്ഛിപ്പിക്കുന്നതിലൂടെ സാധ്യമാകുമെന്നു് മോഡിയിലെ രാഷ്ട്രീയക്കാരന്‍ കണക്കുകൂട്ടി. അങ്ങനെ ചുവടുറപ്പിച്ചശേഷം മോഡി ലൈന്‍ ഒന്നുമാറ്റിപ്പിടിച്ചു. വികസനത്തിന്റെ റൂഹാറുക്കുദിശാതമ്പുരായി സ്വയം അവരോധിച്ചു. അങ്ങനെ ദേശീയരാഷ്ട്രീയത്തിലേക്കു് മോഡി വിത്തിറക്കി.

 

വികസനത്തിനു് നാംകൊടുക്കുന്ന അര്‍ത്ഥമെന്തെന്നറിയില്ല. എങ്കിലും കൂട്ടത്തില്‍ ഏറ്റം ദരിദ്രനായവന്റെ പട്ടിണി മാറ്റിയോ എന്നും എല്ലാഗ്രാമങ്ങളിലും പള്ളിക്കൂടങ്ങളെത്തിയോ എന്നും നഗരഗ്രാമവ്യത്യാസമില്ലാതെ ജീവിതനിലവാരമുയര്‍ത്താന്‍ സാധിച്ചോ എന്നും പൊതുജനാരോഗ്യരംഗം ഏവര്‍ക്കും പ്രാപ്യമായോ എന്നും നോക്കിയല്ല, ആരും മോഡിയെ വികസനനായകന്‍ എന്നുവിളിക്കുന്നതു്. അതൊക്കെ ചെയ്യാന്‍ ശ്രമിച്ച നിതീഷ്‌കുമാറിനെ വികസനനായകന്‍ എന്നാരും വിളിക്കുന്നുമില്ല. പകരം നഗരങ്ങളില്‍ തലങ്ങുംവിലങ്ങും സ്ഥാപിച്ച ഫ്ളൈ ഓവറുകളും അണ്ടര്‍പാത്തുകളും ബൈപ്പാസുകളും ഹൈവേകളുമാണു് നമുക്കു് വികസനം കൊണ്ടുവരുന്ന വണ്ടികള്‍.

സൂറത്തിലും അഹമ്മദാബാദിലും ഒക്കെ ഇവയുടെ അലൈന്‍മെന്റ് തീരുമാനിക്കുമ്പോള്‍ അതു് കൃത്യമായി മുസ്ലീം ഭൂരിപക്ഷമേഖലകളെ തുടച്ചുമാറ്റിക്കൊണ്ടുപോകുന്നുണ്ടു്. ഡിസ്‌പ്ലേസ്ഡ് ആവുന്നതില്‍ കൂടുതല്‍ മുസ്ലീങ്ങളാണു്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദര്‍ഗകള്‍ വരെ റോഡ് വികസനത്തിന്റെ ഭാഗമായി നിരപ്പാക്കിയിട്ടുണ്ടു്. എന്നാല്‍ ഇതിനെയെല്ലാം നെഗേറ്റ് ചെയ്യാനാവുമാറു് ‘മോഡി’ കൂട്ടിയ റോഡുകള്‍ ക്ഷേത്രങ്ങളേയും അവയുടെ കാണിക്കവഞ്ചികളേയും വെറുതെ വിടാറുമില്ല. അവയും പോകുന്നതുകൊണ്ടു്, മോഡിക്കു് ലാഭമേയുള്ളൂ. മുസ്ലീങ്ങള്‍ വര്‍ഷങ്ങളായി തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശം തുടച്ചുനീക്കുമ്പോള്‍ ഇപ്പുറത്തു് ഒരമ്പലം പോകുന്നതു് വലിയ പ്രശ്നമാണോ?

Narendra-Modi_Vyganews13

മോഡിയുടെ വികസനം സംബന്ധിച്ച പൊള്ളക്കണക്കുകള്‍ പലരും പലവുരു ചോദ്യംചെയ്തിട്ടുണ്ടു്. നാടിന്റെ വികസനമളക്കാന്‍ നിലവിലുള്ള പല മാനദണ്ഡങ്ങളും പ്രകാരം ഗുജറാത്ത് എത്രമാത്രം പുറകിലാണെന്നു് അവരൊക്കെയും കണക്കുകള്‍ നിരത്തി സ്ഥാപിച്ചിട്ടുണ്ടു്.

ഗുജറാത്തിലെ വ്യാവസായിക മുന്നേറ്റമാവട്ടെ, മോഡി മൂലമല്ല, മോഡി അതിലൊരു ഘടകമേയല്ല എന്നും, ഗുജറാത്തികളുടെ പൊതുവിലുള്ള സംരംഭകത്വസംസ്കാരത്തിന്റെ പ്രതിഫലനമാണെന്നും ഇവര്‍ പറയുന്നു.

അക്കാര്യത്തില്‍ തര്‍ക്കമുണ്ടായേക്കാം. അതിലേക്കല്ല, ഞാന്‍ കടക്കുന്നതു്. പകരം, മൃഗാധിപത്യം വന്നാല്‍ എന്ന ബാലരമക്കഥപോലെ മോഡിരാജ്യം വന്നാല്‍ എന്ന ചോദ്യത്തിലേക്കാണു്.

സെബിന്‍ ഏബ്രഹാം ജേക്കബ്‌
സെബിന്‍ ഏബ്രഹാം ജേക്കബ്‌

മോഡിപ്പിന്തുണക്കാരില്‍ പലരും മന്‍മോഹന്‍സിങ്ങിനെ പരാമര്‍ശിക്കുമ്പോള്‍ പേരുപറയാതെ സര്‍ദാര്‍ജി എന്നു പറയുന്നതുകേള്‍ക്കാം. അവിടെ കൃത്യമായി മന്‍മോഹനെ ഒരു അപരസ്വത്വത്തിലേക്കു് തളച്ചിടുകയാണു്. നമുക്കു് (ഉപരിവര്‍ഗ്ഗ മേല്‍ജാതി ഹിന്ദു) പുറത്തുള്ള ആളാണു് (the other) മന്‍മോഹന്‍ എന്നു് അബോധമായി സ്ഥാപിക്കുകയാണു്. ഈ കള്ളിതിരിക്കലുകള്‍ അനുയായികള്‍ മാത്രമല്ല ചെയ്യുന്നതു്. മോഡി തന്നെ, ബിജെപി സംഘടിപ്പിച്ച ഇസ്ലാമിക വിശ്വാസികളുടെ ഒരു പൊതുയോഗത്തില്‍ അവരോടു് വട്ടത്തൊപ്പി അണിഞ്ഞെത്താന്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ അതിനു് മാസങ്ങള്‍ക്കു മാത്രം മുമ്പാണു്, മോഡിയെ ആ തൊപ്പി അണിയിക്കാന്‍ ചില മുസ്ലീങ്ങള്‍ തുനിഞ്ഞപ്പോള്‍ തട്ടിമാറ്റിയതും വിലക്കിയതും. ജൂതരുടെ മഞ്ഞ ബാഡ്ജ് പോലെ മുസ്ലീങ്ങളുടെ വട്ടത്തൊപ്പി, മുസ്ലീങ്ങള്‍ മാത്രം ധരിക്കണമെന്നും മുസ്ലീങ്ങള്‍ ധരിച്ചേ തീരുവെന്നും മോഡിക്കു് നിര്‍ബന്ധമാണു്. അതായതു്, കര്‍ക്കശക്കാരനായ ഭരണാധികാരി എന്നറിയപ്പെടാന്‍ മോഡി നീക്കുന്ന കരുക്കളില്‍ ചുണ്ണാമ്പുതൊട്ടു് അടയാളം വയ്ക്കുന്ന പഴയ പരിപ്പു വേവാതെ കിടപ്പുണ്ടു്.

അഴിമതിയില്ല എന്നാണു് മോഡിയുടെ ഗുണമായി ഏവരും പറയുന്നതു്. വലിയവ്യവസായങ്ങള്‍ക്കു് വിലയോ വാടകയോ പോയിട്ടു് നികുതിപോലുമൊഴിവാക്കി ഹെക്റ്റര്‍കണക്കിനു ഭൂമി സൌജന്യമായി നല്‍കുന്നതും കോണ്‍ഗ്രസിന്റെ ബി ടീം പോലെ റിലയന്‍സിനു വേണ്ടി പണിയെടുക്കുന്നതും അഴിമതിയുടെ കളത്തില്‍ വരില്ലായിരിക്കും. കാണാന്‍ ഇഷ്ടമുള്ളതേ നമ്മള്‍ കാണൂ എന്നുമുണ്ടല്ലോ. ‘വേണ്ടാത്തതു’ പറഞ്ഞാല്‍ യു ആര്‍ അനന്തമൂര്‍ത്തിക്കു് പോലും ലഭിക്കുന്ന പ്രതികരണം എങ്ങനെയെന്നും നാം കണ്ടുകഴിഞ്ഞല്ലോ.

മോഡിയുടെ ക്ലീന്‍ ഇമേജില്‍ കാര്യമുണ്ടോ എന്നു് നോക്കേണ്ടതു്, മോഡിയെ മാത്രം നോക്കിക്കൊണ്ടല്ല. മായാ കോട്‌നാനി മുതല്‍ ഹിരേണ്‍ പാണ്ഡ്യ വരെയുള്ളവരെ ഇടവും വലവും നിര്‍ത്തിയാണു് മോഡി ക്ലീന്‍ ആവുന്നതു്. അതായതു്, ഭരണത്തിലെന്തെങ്കിലും നേട്ടമുണ്ടെങ്കില്‍ അതെല്ലാം മോഡിയുടെ കഴിവും ചെയ്തുകൂട്ടുന്ന തിന്മകളുടെ ഉത്തരവാദിത്തം മറ്റുള്ളവര്‍ക്കും എന്നു വേര്‍തിരിച്ചുവച്ചിട്ടുണ്ടു്. എന്നാല്‍ ഈ മറ്റുള്ളവര്‍ ഇടയ്ക്കിടെ മാറുമെന്നല്ലാതെ അതു് മോഡിരാജിന്റെ അവിഭാജ്യഘടകമായി തുടരുന്നുണ്ടു്. അവരെക്കൊണ്ടു് തനിക്കുവേണ്ടതെല്ലാം നിവര്‍ത്തിച്ചും അവരുമായി തന്നെത്തന്നെ താരതമ്യം ചെയ്യാന്‍ അവസരം നല്‍കി താന്‍ എത്രനല്ലവനാണെന്നു പറയിപ്പിച്ചുമുള്ള ആ പോക്കു്, പഴയ കടത്തുവഞ്ചിക്കാരന്റെ മകന്റെ കഥയെ ഓര്‍മ്മിപ്പിക്കുന്നതാണു്. മുട്ടറ്റം വെള്ളത്തില്‍ മനുഷ്യരെ ഇറക്കിവിട്ടിരുന്ന കടത്തുകാരനെ മരിച്ചപ്പോള്‍ ജനം ചീത്തവിളിക്കുന്നതുകണ്ടു്, അപ്പന്റെ പണിയേറ്റെടുത്ത മകന്‍ അരയൊപ്പം വെള്ളത്തില്‍ അവരെ ഇറക്കിവിട്ടിട്ടു്, അപ്പന്‍ എത്രഭേദമായിരുന്നുവെന്നു് പറയിപ്പിച്ച അതേ സമ്പ്രദായം.

Narendra-Modi_Vyganews12

ഇതു് മനസ്സിലാക്കാന്‍ പഴയ ബിജെപി ഭരണകാലം പരിഗണിച്ചാല്‍ മതി. ക്ലീന്‍ ഇമേജുമായാണു് അന്നു് വാജ്പേയി പ്രധാനമന്ത്രിയായതു്. അഴിമതിയില്ല. കവിത എഴുതും. ഹിന്ദിയില്‍ മനോഹരമായി പ്രസംഗിക്കും. അദ്വാനിയെപ്പോലെ രഥയാത്ര നടത്തിയിട്ടില്ല. സൌമ്യനും സത്ഗുണസമ്പന്നനും. ആ വാജ്പേയി ഭരണയന്ത്രം തിരിച്ചപ്പോഴാണു് അപ്പുറത്തു് മുരളീ മനോഹര്‍ ജോഷി, മാനവവിഭവശേഷി മന്ത്രാലയം ഉപയോഗപ്പെടുത്തി ഇന്ത്യയിലെ പാഠപുസ്തകങ്ങളില്‍ വിഷം പുരട്ടിയതു്. അതിന്റെ നേട്ടം ബിജെപി ഇനിയും പൂര്‍ണ്ണമായി കൊയ്യാനിരിക്കുന്നതേയുള്ളൂ. അതായതു്, ആര്‍എസ്എസ് അജണ്ട കൃത്യമായി നടപ്പാക്കാന്‍, അതിന്റെ പാപഭാരം ഏറ്റെടുക്കാന്‍ ഇടത്തുംവലത്തും സ്വയംസേവകര്‍ തയ്യാറാണു്. എംഎം ജോഷിയായും രാം ജത്‌മലാനിയായും ജസ്വന്ത് സിങ്ങായും അതായും ഇതായും ഒക്കെ വാജ്പേയിക്കും അദ്വാനിക്കും തുണയും മറയും നിന്നവരുടെ പിന്തലമുറ ഇനി ബിജെപി വന്നാലും മറ്റെവിടെയും പോകാതെ അവിടെത്തന്നെയുണ്ടാവും.

ക്ലീന്‍ ഇമേജുകാരന്‍ ഇന്ത്യയെ തിളക്കുമ്പോള്‍ (പഴയ ഇന്ത്യ ഷൈനിങ് ക്യാമ്പെയ്ന്‍ ഓര്‍മ്മിക്കുക), നമുക്കു് അന്നു് കമലാദാസ് ചെയ്തതുപോലെ പായസംവച്ചുകഴിക്കാം. മോഡിയെ കാണാന്‍ എന്തുസുന്ദരനാ എന്നത്ഭുതംകൂറാം. കോണ്‍ഗ്രസ് ഇപ്പോള്‍ നമുക്കുമേലെ അടിച്ചേല്‍പ്പിക്കുന്ന നെറികെട്ട സാമ്പത്തികനയം കുറേക്കൂടി വേഗത്തില്‍ നടപ്പിലാക്കാന്‍ പണ്ടു് ഡിസ്‌ഇന്‍വെസ്റ്റ്മെന്റ് മിനിസ്റ്ററിനെ തന്നെയുണ്ടാക്കിയ പാരമ്പര്യം ബിജെപി തുടര്‍ന്നും കാത്തുസൂക്ഷിക്കുമെന്നു് നമുക്കു് ഉറപ്പിക്കാം. അങ്ങനെ ഇന്ത്യ സൂപ്പര്‍ പവര്‍ ആയി പറന്നുയരുന്ന ഒരു നാളെയെ നമുക്കു് സ്വപ്നം കാണാം.

Comments

comments

Tags: , , , , ,