വയലാര്‍ അവാര്‍ഡ് പ്രഭാ വര്‍മയ്ക്ക് നല്‍കിയത് എന്ത് ഉദ്ദേശ്യത്തില്‍ ?

| Thursday October 10th, 2013

ആര്‍ മനോജ്‌

ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് പ്രഭാ വര്‍മയ്ക്ക് നല്‍കിയത് എന്ത് ഉദ്ദേശ്യത്തില്‍ ?. പുരസ്‌കാര തീരുമാനത്തോടെ വയലാര്‍ അവാര്‍ഡ് ട്രസ്റ്റിന്റെ താല്‍പര്യങ്ങള്‍ വീണ്ടും സംശയത്തിന്റെ നിഴലിലാവുകയായണ്. വയലാര്‍ അവാര്‍ഡ് ജനാധിപത്യപരവുമല്ല; നിഷ്പക്ഷവുമല്ലെന്ന് ഇത്തവണത്തെ പുരസ്‌കാരവും തെളിയിക്കുന്നു. പ്രഭാ വര്‍മയുടെ ശ്യാമമാധവം എന്ന കൃതിക്കാണ് ഇത്തവണത്തെ വയവാര്‍ അവാര്‍ഡ്.

മൗലികതയില്ലാത്ത കൃതിയാണ് ശ്യാമമാധവം. ഇത് വയലാര്‍ അവാര്‍ഡിന്റെ പാരമ്പര്യവും നിലവാരവും കാത്തുസൂക്ഷിക്കുന്ന കൃതിയല്ല. സമീപ വര്‍ഷങ്ങളിലായി വയലാര്‍ അവാര്‍ഡ് ആര്‍ക്കും കൊടുക്കാവുന്ന ഒരവാര്‍ഡായി അധ:പതിച്ചതിന്റെ അവസാന ഉദാഹരണമാണ് ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനവും.
വയലാര്‍ അവാര്‍ഡിന്റെ സത്യസന്ധയില്‍ നിഷ്പക്ഷരായ വായനക്കാര്‍ക്കും മലയാളികള്‍ക്കും സംശയം തോന്നിത്തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഉപ്പ് ( ഒ എന്‍ വി കുറുപ്പ്) പോലെ ശരാശരി നിലവാരം മാത്രമുളള കവിതാ സമാഹാരത്തിന് വയലാര്‍ അവാര്‍ഡുപോലെ മലയാളികള്‍ മാനിക്കുന്ന ഒരു പുരസ്‌കാരം കൊടുത്തുതുടങ്ങിയ അന്നുമുതല്‍ അധ:പതനത്തിന്റെ ചിഹ്നങ്ങള്‍ കണ്ടുതുടങ്ങി.

ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ അവാര്‍ഡ് നിര്‍ണയമാണ് തങ്ങള്‍ നടത്തുന്നതെന്ന് ട്രസ്റ്റ് അവകാശപ്പെടുന്നു. എന്നാല്‍ അത് അങ്ങേയറ്റം ആസൂത്രിതവും തന്ത്രപരവുമാണെന്ന് അടുത്തകാലത്തെ ഓരോ അവാര്‍ഡ് പ്രഖ്യാപനവും തെളിയിക്കുന്നു. പ്രമേയത്തിലോ ആഖ്യാനത്തിലോ കാവ്യഭാഷയിലോ യാതൊരു പുതുമയുമില്ലാത്ത പദ്യാഖ്യാനമാണ് ശ്യാമമാധവം. അതിന്റെ പ്രസിദ്ധീകരണം ടി പി ചന്ദ്രശേഖരന്‍ വധത്തെ പ്രഭാവര്‍മ അനുകൂലിച്ചതിന്റെ പേരില്‍ അല്ലെങ്കില്‍പ്പോലും, നിറുത്തിവച്ച മലയാളം വാരികയുടെ പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായരുടെ നിശ്ചയദാര്‍ഢ്യത്തെ അംഗീകരിക്കണം.

പ്രഭാ വര്‍മ
പ്രഭാ വര്‍മ

കൃഷ്ണകഥ പലരൂപത്തിലും ഭാവത്തിലും ഇന്ത്യന്‍ ഭാഷകളില്‍ ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലും പദ്യഗദ്യ ഭേദമില്ലാതെ നിരവധി കൃതികള്‍ ഈ വിഷയത്തിലുണ്ടായി. ഇതില്‍ പുതുതായി എന്താണ് പ്രഭാവര്‍മ ദര്‍ശിച്ചിട്ടുളളത്. ദര്‍ശനത്തില്‍ പുതുമയുണ്ടെന്ന് അവാര്‍ഡ് നിര്‍ണയസമിതി വിലയിരുത്തി. എന്നാല്‍ ശ്രീകൃഷ്ണനെ ഗാന്ധിജിയോട് ഉപമിച്ച കുട്ടികൃഷ്ണ മാരാരുടെ നിരീക്ഷണത്തിലുപരി എന്തെങ്കിലും ദാര്‍ശനിക ഗൗരവം, ശേഷമുളള എഴുത്തുകാര്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ടോ?. അവാര്‍ഡ് നിര്‍ണയ സമിതി കണ്ട പുതുമ എന്താണ്?.

മലയാളത്തില്‍ കടമ്മനിട്ട രാമകൃഷ്ണന്‍ , ഡി വിനയചന്ദ്രന്‍ , എ അയ്യപ്പന്‍ , കെ ജി ശങ്കരപ്പിള്ള  തുടങ്ങിയ കവികള്‍ക്കൊന്നും ലഭിക്കാത്ത പുരസ്‌കാരമാണ് പ്രഭാ വര്‍മയ്ക്ക് നല്‍കിയിരിക്കുന്നത്. നാടക രംഗത്ത് എന്‍ എന്‍ പിളള, ജി ശങ്കരപ്പിള്ള, തോപ്പില്‍ ഭാസി, കെ ടി മുഹമ്മദ്, ഇബ്രാഹിം വേങ്ങര, പി എം താജ്, പി എം ആന്റണി, ആര്‍ നരേന്ദ്രപ്രസാദ് തുടങ്ങിയ മൗലിക പ്രതിഭകളെയൊന്നും ഇത:പര്യന്തം ഈ ‘വമ്പന്‍ പുരസ്‌കാരത്തിന്’ പരിഗണിച്ചതായിപ്പോലും അറിവില്ല. നാട്യശാസ്ത്രം അംഗീകരിച്ച നാടകസാഹിത്യം വയലാര്‍ അവാര്‍ഡിന് പരിഗണനനീയമല്ലെന്ന് ചിന്തിക്കാം!.

കഴിഞ്ഞവര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട്, വയലാര്‍ അവാര്‍ഡ് ട്രസ്റ്റിന്റെ സ്വാര്‍ഥതാല്‍പര്യങ്ങളെപ്പറ്റി വിശദമായൊരു ചര്‍ച്ച കുങ്കുമം വാരിക പ്രസിദ്ധീകരിച്ചു. കുങ്കുമത്തിന്റെ ചീഫ് എഡിറ്ററും ട്രസ്റ്റ് അംഗവുമായ എം കെ സാനു കുങ്കുമത്തിന്റെ എഡിറ്റര്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. തന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നു എന്നതാണ് രാജിക്ക് അദ്ദേഹം പറഞ്ഞ കാരണം. എന്നാല്‍ , കുങ്കുമം പോലൊരു മാസികയുടെ അഭിപ്രായത്തെ അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നതാണ് പുതിയ അവാര്‍ഡ് പ്രഖ്യാപനവും.

ഭഅഗ്‌നിസാക്ഷി’ക്കും ‘മകരക്കൊയ്ത്തി’നും ‘കയറി’നും ‘പ്രതിപാത്രം ഭാഷണഭേദ’ത്തിനും ‘ഗുരുസാഗര’ത്തിനും ‘മരുഭൂമികള്‍ ഉണ്ടാകുന്നതിനും’ കൊടുത്ത് ആദരവ് നേടിയ പുരസ്‌കാരം ‘ജീവിതത്തിന്റെ പുസ്തകത്തി’നും’ ശ്യാമമാധവ’ത്തിനും കൊടുക്കുമ്പോള്‍ ട്രസ്റ്റിന്റെ സത്യസന്ധത മലയാളി സമൂഹത്തിന് മുന്നില്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നു.

അവാര്‍ഡ് കമ്മിറ്റികള്‍ അരങ്ങേറട്ടെ. തല്‍പര കക്ഷികള്‍ കയ്യേറട്ടെ. ‘പൂജനീയ വെളളവര പ്രതിഭകള്‍ ‘ ഉണ്ടാവട്ടെ.

അടിക്കറുപ്പ്: വയലാര്‍ അവാര്‍ഡ് ട്രസ്റ്റ് അംഗങ്ങളായ മലയാറ്റൂര്‍ രാമകൃഷ്ണന്‍ , ഒ എന്‍ വി കുറുപ്പ്, എം കെ സാനു തുടങ്ങിയവര്‍ തന്നെ പുരസ്‌കാരം നേടിയെടുത്തതിനെപ്പറ്റി ആയിരുന്നു പ്രസ്തുത കുങ്കുമം ചര്‍ച്ച. അതുകൊണ്ടാണോ സാനു മാഷ് എഡിറ്റര്‍ സ്ഥാനം രാജിവച്ചത്?.

അഭിപ്രായങ്ങള്‍ ലേഖകന്റേതാണ്, വൈഗ ന്യൂസിന്റേതല്ല.
-എഡിറ്റര്‍

 

 

സച്ചിന്‍ ; ക്രിക്കറ്റിലെ ദൈവ സ്പര്‍ശം

 

മുസ്ലീം പെണ്‍കുട്ടികളെ ആര്‍ക്കാണ് പേടി?

 

എം.എസ് ബാബുരാജിന്റെ ജീവിതം നോവലില്‍

 

നിങ്ങളാണെന്നെ വര്‍ഗീയവാദിയാക്കിയത്

 

അപ്പോള്‍ ഇതാണ്, വര്‍ഗ്ഗീയവാദം

Comments

comments

Tags: , , , ,