ശ്രീശാന്തിന്റെ വിലക്കു നീക്കില്ലെന്ന് ബിസിസിഐ, താരത്തിന്റെ ക്രിക്കറ്റ് ജീവിതത്തിനു തിരശ്ശീല വീഴുന്നു, ബിജെപിക്കു മൗനം

| Tuesday April 18th, 2017

മുംബയ്: ഐപിഎല്‍ കോഴക്കേസില്‍ പ്രതിക്കൂട്ടിലാവുകയും പിന്നീടു കുറ്റവിമുക്തനാവുകയും ചെയ്ത മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കു പിന്‍വലിക്കാനാവില്ലെന്ന് ബിസിസിഐ നിലപാട് ആവര്‍ത്തിച്ചു.

ബിജെപിക്കു വേണ്ടി കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുക വരെ ചെയ്ത ശ്രീശാന്ത് ഇത്തരം ചില ലക്ഷ്യങ്ങള്‍ കൂടി വച്ചായിരുന്നു രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പക്ഷേ, ഇപ്പോള്‍ തന്നെ ബിജെപി കൈയൊഴിഞ്ഞതില്‍ ശ്രീ ഖിന്നനാണ്.

തനിക്കുവേണ്ടി ബിജെപി നേതൃത്വം ഇടപെടുമെന്ന് ശ്രീശാന്ത് കരുതിയെങ്കിലും ആവശ്യം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ കൈയൊഴയുകയായിരുന്നു. തിരുവനന്തപുത്തായിരുന്നു കഴിഞ്ഞ തവണ ശ്രീശാന്ത് ബിജെപിക്കു വേണ്ടി മത്സരിച്ചതും ദയനീയമായി പരാജയപ്പെട്ടതും.

ഇപ്പോള്‍ കോടതി കനിഞ്ഞിട്ടും ബിസിസി ഐ ശ്രീശാന്തിന്റെ കരിയര്‍ ഇല്ലാതാക്കുന്ന നിലപാടിലാണ്. കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ശ്രീശാന്ത് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി വിലക്കു നീക്കാനാവില്ലെന്നു വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്.

ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും പുതിയതായി ഉണ്ടായിട്ടില്ലെന്നാണ് ബിസിസിഐയുടെ പറയുന്നത്. ക്രിക്കറ്റിലെ അഴിമതികള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബിസിസഐക്കുള്ളത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെസിഎ ഭാരവാഹികളായ ടി.സി. മാത്യുവും കെ. അനന്തനാരായണനും കൂടി പങ്കെടുത്ത ബിസിസിഐ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ശ്രീശാന്ത് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും സിഇഒയുടെ കത്തില്‍ പറയുന്നു.

ഡല്‍ഹി കോടതി കുറ്റവിമുക്തനാക്കിയിട്ടും ആജീവനാന്ത വിലക്ക് ബിസിസിഐ തുടരുന്നതിനിടെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ പോകുന്നതിനു വേണ്ടിയാണ് വിലക്കു നീക്കാന്‍ ശ്രീശാന്ത് ആവശ്യപ്പെട്ടത്.

ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിലക്ക് നീക്കാന്‍ ശ്രീശാന്തിന് വീണ്ടും ബിസിസിഐയെ സമീപിക്കാമെന്ന് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അദ്ദേഹം വീണ്ടും ബിസിസി ഐക്കു മുന്നിലെത്തുകയായിരുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയോടെ മാര്‍ച്ച് ആറിനാണ് ശ്രീശാന്ത് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ബിസിസിഐയെ സമീപിച്ചത്. ഏപ്രില്‍ 15 ന്് ശ്രീശാന്തിന് നല്‍കിയ മറുപടി കത്തിലാണ് ബിസിസിഐ മുന്‍ നിലപാട് ആവര്‍ത്തിച്ചത്.

ഐപിഎല്‍ കോഴയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് പുറമേ രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങളായിരുന്ന അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ താരങ്ങള്‍ക്കും ബിസിസഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

തന്റെ ക്രിക്കറ്റ് ജീവിതത്തിന് ഏതാണ്ട് തിരശ്ശീല വീഴുന്ന ഈ ഘട്ടത്തില്‍ ശ്രീശാന്തിനു വീണ്ടും മേല്‍ കോടതിയെ സമീപിക്കുക മാത്രമാണ് പോംവഴി.

Comments

comments

Tags: ,