ബെന്യാമിന്‍ വലിയ എഴുത്തുകാരനും പണക്കാരനുമായപ്പോള്‍ എന്നെ മറന്നു: ആടുജീവിതത്തിലെ നായകന്‍ നജീബ്

| Wednesday October 23rd, 2013

 

സമീപകാല മലയാള സാഹിത്യ ചരിത്രത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകമാണ് ബെന്യാമിന്റെ ആടുജീവിതം. നജീബ് എന്ന മലയാളി പ്രാവാസിയുടെ മരുഭൂമിയിലെ ദുരിതജീവിതം വായനക്കാരന്റെ ഹൃദയത്തില്‍ അക്ഷരാര്‍ഥത്തില്‍ തീകോരിയിടുകയായിരുന്നു. എന്നാല്‍ തന്റെ ജീവിതം പകര്‍ത്തിയെഴുതിയ ബെന്യാമിന്‍ പണവും പ്രശസ്തിയും ആയപ്പോള്‍ തന്നെ തിരിഞ്ഞുനോക്കുന്നുപോലുമില്ലെന്ന് കഥാനായകന്‍ നജീബ് പറയുന്നു.

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയാണ് നജീബ്. 75 എഡിഷനുകളിലായി 75000 കോപ്പികള്‍ക്കടുത്ത് വിറ്റഴിഞ്ഞ ആടുജീവിതം ബെന്യാമിനെ സാമ്പത്തികമായി നല്ലനിലയില്‍ എത്തിച്ചു. പക്ഷേ, കഥാനായകനിപ്പോഴും കടവും പട്ടിണിയും പരിവട്ടവുമായി തന്റെ കൊച്ചുവീട്ടില്‍ കഴിയുകയാണ്.

aadu_jeevitham_vyganews

ആടുജീവിതത്തില്‍ വിവരിക്കുന്നതില്‍ മുക്കാല്‍ ഭാഗവും എന്റെ ജീവിതം തന്നെയാണ്. കുറച്ചൊക്കെ ബെന്യാമിന്‍ കയ്യില്‍നിന്ന് ഇട്ടിട്ടുണ്ട്. മസറയിലെ കഷ്ടപ്പാടും മരുഭൂമിയിലെ ഓട്ടവുമൊക്കെ അതുപോലെതന്നെ ഞാന്‍ അനുഭവിച്ചതാണ്. സത്യം പറഞ്ഞാല്‍ പുസ്തകത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണ് ഞാന്‍ അനുഭവിച്ചത്- നജീബ് പറയുന്നു.

നജീബ് തുടരുന്നു…

ഒരു പരിചയക്കാരന്‍ വഴി വന്ന വിസയില്‍ തൊണ്ണൂറ്റി രണ്ടിലാണ് ആദ്യമായി ഗള്‍ഫില്‍ പോകുന്നത്. അവിടെ ചെന്നിറങ്ങി ഒരു കാട്ടറബിയുടെ കയ്യില്‍ ചെന്നു പെട്ടു. നരകമായിരുന്നു അത് നരകം. അവിടെനിന്നു രക്ഷപ്പെട്ടത് ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ്. കഷ്ടപ്പാടു കാരണം മരിക്കാന്‍ ആഗ്രഹിച്ചു. തൂങ്ങിച്ചാകാന്‍ മരുഭൂമിയില്‍ ഒരു മരംപോലുമില്ലായിരുന്നു. പാമ്പുകടിയേറ്റു ചത്ത ആടുകളെയാണ് ദിവസവും രാവിലെ കാണുന്നത്. പാമ്പുകടിക്കായി തയ്യാറെടുത്ത് കിടന്നെങ്കിലും എന്നെ ഒരു പാമ്പും കടിച്ചില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പാമ്പു കടിച്ചു കൊന്നില്ലല്ലോ എന്നോര്‍ത്ത് കരയും.

സൗദിയില്‍ നിന്ന് രക്ഷപ്പെട്ടുവന്ന് കുറേക്കാലം പണിയൊന്നുമില്ലാതെ നാട്ടില്‍ നിന്നു. ഉണ്ടായിരുന്ന കിടപ്പാടം പണയംവെച്ചാണ് വിസ എടുത്തത്. തിരിച്ചുവന്നപ്പോള്‍ ജീവന്‍മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഉണ്ടായിരുന്ന കൂരയും നഷ്ടമായി. ബന്ധുവീടുകളിലായിരുന്നു പിന്നെ താമസം. 2005ല്‍ അളിയന്‍ വഴി വീണ്ടും ഗള്‍ഫില്‍ പോകാന്‍ അവസരം വന്നു. ബഹ്‌റൈനിലേക്കായിരുന്നു പോയത്. അളിയന്റെ സുഹൃത്ത് സുനില്‍ എന്നൊരാളെ പോയിക്കണ്ടു. ബഹ്‌റൈനിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ ഒരു ജോലിയുണ്ട്. പക്ഷേ കഷ്ടപ്പാടാണ്, നിങ്ങള്‍ക്കാ ജോലി ചെയ്യാനാവില്ല എന്ന് എന്നോടു പറഞ്ഞു. ആക്രിസാധനങ്ങള്‍ പെറുക്കുന്ന ജോലി ആയിരുന്നു. എനിക്കതുകേട്ടു ചിരിവന്നു. ഞാന്‍ മുമ്പ് അനുഭവിച്ച ആടുജീവിതത്തെക്കുറിച്ച് സുനിലിനോടു പറഞ്ഞു. എന്റെ കഥ സുനില്‍ സുഹൃത്തായ ബെന്യാമിനോട് പറഞ്ഞു. ഇതാണ് ആടുജീവിതത്തിന്റെ പിറവിക്ക് കാരണം.

നജീബ് ബെന്യാമിനൊപ്പം

സുനില്‍ പറഞ്ഞതുകേട്ട് ബെന്യാമിന്‍ എന്നെ കാണാന്‍ വന്നു. ഇതിന് മുന്‍പ് ഏഴു പുസ്തകം അയാള്‍ എഴുതിയിരുന്നെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആക്രി പെറുക്കാനുള്ള ഉന്തുവണ്ടിയുമായി ഞാന്‍ പോകുന്നിടത്തെല്ലാം ബെന്യാമിന്‍ ഒപ്പംകൂടി ഓരോ കാര്യങ്ങള്‍ ചോദിച്ചു നടക്കും. അനുഭവിച്ച കാര്യങ്ങള്‍ ഞാന്‍ വിശദമായി പറയും. പുസ്തകമാക്കാനാണ് ചോദിക്കുന്നതെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. കുറേക്കാലം കഴിഞ്ഞാണ് ആടുജീവിതം പുസ്തകമാക്കുന്നത്.

ആദ്യപ്രതി എനിക്കു തന്നായിരുന്നു ആടുജീവിതത്തിന്റെ പ്രകാശനം. പിന്നെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അവാര്‍ഡ് കിട്ടിക്കഴിഞ്ഞാണ് ബെന്യാമിന് പിന്നെ അനക്കം വെച്ചത്. ആള്‍ക്കാരൊക്കെ വിളിക്കാന്‍ എന്നെ തുടങ്ങി. ഒരുപാടു പരിപാടിക്കു എന്നെയും കൊണ്ടുപോയി. കഥയിലെ നായകനാണ് ഞാനെന്ന് എല്ലാവരോടും പറഞ്ഞു. പക്ഷേ ഇപ്പോള്‍ വലിയ ആളായിക്കഴിഞ്ഞപ്പോള്‍ ബെന്യാമിന്‍ എന്നെയൊന്ന് വിളിക്കുകപോലുമില്ല. അയാള്‍ ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. അന്നത്തെ ബെന്യാമിനല്ല ഇപ്പോള്‍. വലിയ എഴുത്തുകാരനും പണക്കാരനുമൊക്കെ ആയി. നാട്ടില്‍ വന്ന സമയത്ത് പലതവണ ബെന്യാമിനെ വിളിച്ചു. പക്ഷേ ഒന്നു കാണാന്‍കൂടി ബെന്യാമിന്‍ തയ്യാറായില്ല. പണ്ട് വീട്ടില്‍ വരാമെന്നൊക്കെ പറഞ്ഞതാണ്. പക്ഷേ വന്നില്ല.

ബെന്യാമിന്‍
ബെന്യാമിന്‍

ബെന്യാമിന്‍ എന്റെ ആക്രിവണ്ടിയുടെ പിറകേ എത്രനാള്‍ നടന്നതാണ്. അയാളിപ്പോള്‍ ഒഴിഞ്ഞുമാറുകയാണ്. പണവും പ്രശസ്തിയും ആയപ്പോള്‍ ബെന്യാമിന്‍ എല്ലാം മറന്നു. എനിക്ക് അയാളുടെ പണമൊന്നും വേണ്ട. ഇടയ്ക്ക് ഒന്നു വിളിക്കാമല്ലോ.

പലരും പറഞ്ഞു നിങ്ങളുടെ കഥ വിറ്റാണ് അയാള്‍ പണക്കാരനായത് അതുകൊണ്ട് കേസുകൊടുക്കണം എന്നൊക്കെ. ദൈവത്തിനു നിരക്കാത്ത ഒന്നും ചെയ്യില്ലെന്നാണ് എന്റെ തീരുമാനം. ജീവന്‍ തിരിച്ചു കിട്ടിയതുതന്നെ ദൈവത്തിന്റെ കൃപ. ബെന്യാമിന് എഴുതാന്‍ കഴിവുണ്ടായിരുന്നു. അയാള്‍ എഴുതി. എന്റെ ജീവിതം പഴയപോലെ ദുരിതത്തില്‍ മുങ്ങിനീങ്ങുന്നു.

മംഗളം വാരികയില്‍ എം എച്ച് അനുരാജിന് നല്‍കിയ അഭിമുഖത്തിലാണ് നജീബ് തന്റെ ദുരിതകഥയും ബെന്യാമിന്റെ അവഗണനയും തുറന്നു പറഞ്ഞത്.

 

വയലാര്‍ അവാര്‍ഡ് പ്രഭാ വര്‍മയ്ക്ക് നല്‍കിയത് എന്ത് ഉദ്ദേശ്യത്തില്‍ ?

 

സ്ത്രീകളുടെ മൂത്രപ്പുരകള്‍ അഥവാ ചില സ്ത്രീപക്ഷ ആവശ്യങ്ങള്‍

 

വിലാപങ്ങള്‍ ഇപ്പോഴും തുടരുകയാണ്…

 

നിങ്ങളാണെന്നെ വര്‍ഗീയവാദിയാക്കിയത്

 

അപ്പോള്‍ ഇതാണ്, വര്‍ഗ്ഗീയവാദം

 

സന്യാസത്തിന്റെ മറവിലെ കാമവെറിയന്മാര്‍

 

ഹജ്ജ് എങ്ങനെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമമാവും?

 

മുസ്ലീം പെണ്‍കുട്ടികളെ എന്തിന് വേട്ടയാടുന്നു?

 

മുസ്ലീം പെണ്‍കുട്ടികളെ ആര്‍ക്കാണ് പേടി?

 

വരൂ നമുക്ക് കൊളുക്കുമലയിലേക്ക് പോകാം

 

സാരംഗിലേക്ക് ഒരു യാത്ര

 

സിറിയയില്‍ നിന്നുള്ള അവസാന ഇമെയിലുകള്‍

 

എല്ലാത്തിനും ഒരു സ്വപ്നത്തിലേക്കുള്ള ദൂരം മാത്രം !

 

സ്വര്‍ഗം ഇതാ ഇവിടെയാണ്…

 

മൂന്നാറില്‍ ആനക്കാലം

 

പക്ഷിപാതാളത്തിലെ സ്‌നേഹക്കാഴ്ചകള്‍

Comments

comments

Tags: , ,