പ്രമേഹത്തിന് സുരക്ഷിതം ഇന്‍സുലിനോ ഗുളികയോ?

By Health Desk | Monday October 3rd, 2016

പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിനാണോ ഗുളികകളാണോ മികച്ചതെന്ന സംശയം പലര്‍ക്കുമുണ്ട്. പ്രമേഹമുണ്ട്, എന്നാല്‍ ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ തുടങ്ങിയിട്ടില്ലെന്ന് പലരും പറയാറുണ്ട്. ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ ദോഷമുണ്ടാക്കുമെന്നതുപോലെയാണ് രോഗികള്‍ സംസാരിക്കാറുള്ളത്. എന്നാല്‍, ഇതേക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാം.

ഗുളികകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു

പനി, ചുമ തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധം ഗുളിക രൂപത്തില്‍ നല്‍കുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനം പോലെയല്ല പ്രമേഹരോഗത്തിനു മരുന്നുകഴിക്കുമ്പോള്‍ ഉണ്ടാകുന്നത്. ഔഷധം പാന്‍ക്രിയാസ് കോശങ്ങളെ ഉത്തേജിപ്പിച്ച് ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.

കൂടുതല്‍ തളരുന്നു

പാന്‍ക്രിയാസിലെ കോശങ്ങളുടെ ക്ഷീണം മൂലമോ പ്രവര്‍ത്തനശേഷിക്കുറവു കൊണ്ടോ ആണ് ഇന്‍സുലിന്‍ ഉല്പാദനം കുറയുന്നത്. അത്തരം പാന്‍ക്രിയാറ്റിക് കോശങ്ങളെ ഔഷധത്തിലൂടെ ഹോര്‍മോണ്‍ ഉല്പാദനത്തിനു നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നത്. തത്കാല ആശ്വാസം ഉണ്ടാകുമെങ്കിലും ഭാവിയില്‍ ഇതു നിരവധി ദോഷങ്ങളുണ്ടാക്കിയേക്കാം. കൂടാതെ ഈ ഗുളികകള്‍ കരള്‍, വൃക്ക എന്നിവയ്ക്കു ദോഷങ്ങളുണ്ടാക്കുന്നു.

ഇന്‍സുലിന്‍ ഔഷധമല്ല

ഇന്‍സുലിന്‍ ഹോര്‍മോണ്‍ ഇന്‍ജക്ഷന്‍ ഗുളികകള്‍ വരുത്തുന്നതു പോലെയുള്ള ദോഷങ്ങള്‍ പാന്‍ക്രിയാസ് കോശങ്ങളിലും ആന്തരികാവയവങ്ങളിലും ഉണ്ടാക്കുന്നില്ല. ഹോര്‍മോണ്‍ ഉല്പാദിപ്പിക്കാന്‍ പ്രയാസപ്പെടുന്ന പാന്‍ക്രിയാസിനെ സഹായിക്കുകയാണ് ചെയ്യുന്നത്.

ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ ഔഷധമല്ല. ശരീരം ഉല്പാദിപ്പിക്കുന്ന ഹോര്‍മോണിനു പകരം കൃത്രമമായി ഉല്പാദിപ്പിച്ചു നല്‍കുന്ന ഇന്‍സുലിന്‍ ഹോര്‍മോണാണത്.

 

 

Comments

comments

Tags: , , , , ,