വെട്ടേറ്റ ബി.എം.എസ് പ്രവര്‍ത്തകന്‍ മരിച്ചു

| Wednesday August 27th, 2014

തലശ്ശേരി: വെട്ടേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ബി.എം.എസ് പ്രവര്‍ത്തകന്‍ മരിച്ചു. തലശ്ശേരിയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറായ പൊട്ടം പാറ നുച്ചോളി വീട്ടില്‍ സുരേഷ് കുമാറാണ് (42) മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സംഘപരിവാറിന്റെ ആഹ്വാന പ്രകാരം സംഭവത്തില്‍ പ്രതിഷേധിച്ച് ഉച്ചയ്ക്ക് ഒരു മണിമുതല്‍ വൈകിട്ട് 6 വരെ പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കും. ന്യൂമാഹി, കതിരൂര്‍, എരഞ്ഞോളി, ധര്‍മ്മടം, പിണറായി, വേങ്ങാട് പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ആഗസ്റ്റ് 17ന് രാത്രി പത്ത് മണിക്കാണ് സുരേഷ് കുമാറിന് വെട്ടേറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന സുരേഷിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടി, കൊടുവാള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാറിനെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. അക്രമസംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ പൊട്ടംപാറയിലെ നിജേഷ് (26), നിതീഷ് (22), റിജില്‍ (25), നമീഷ് (27) എന്നിവരെ കൂത്തുപറമ്പ് സിഐ കെ.പ്രേംസദന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.

Comments

comments

Tags: