കുരിശിനെതിരേ യുദ്ധം ചെയ്യുന്ന സര്‍ക്കാരല്ല ഇത്, മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വരുമെന്ന് മുഖ്യമന്ത്രി, കുരിശുപൊളിച്ചതിനെ അനുകൂലിച്ച് യാക്കോബായ സഭ

By സ്വന്തം ലേഖകന്‍ | Thursday April 20th, 2017

തിരുവനന്തപുരം: കൂടിയാലോചനയൊന്നുമില്ലാതെ മൂന്നാറില്‍ ഒഴിപ്പിക്കല്‍ നടത്തിയ റവന്യൂ വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

മൂന്നാര്‍ കൈയേറ്റത്തിനെതിരെ ഇടുക്കി ജില്ലാ ഭരണകൂടം കൈക്കൊണ്ട നടപടികളില്‍ ജാഗ്രതക്കുറവുണ്ടായി. ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന വേണമായിരുന്നു. സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയാകുമെന്നും പൊളിക്കലല്ല സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ അതൃപ്തി കളക്ടറെ നേരിട്ടു വിളിച്ച് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. പാപ്പാത്തിച്ചോലയിലെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറിലെ പപ്പാത്തിച്ചോലയില്‍ റവന്യൂ ഭൂമി കൈയേറി നിര്‍മ്മിച്ച കുരിശ് പൊളിച്ചുമാറ്റിയതായിരുന്നു പ്രധാനപ്പെട്ട ഒഴിപ്പിക്കല്‍ നടപടി. ദേവികുളം തഹസില്‍ദാറുടെ നേതൃത്വത്തിലായിരുന്നു പൊളിച്ചുമാറ്റല്‍.

എന്തിന്റെ പേരിലെങ്കിലും ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചാല്‍ സംരക്ഷിക്കുമെന്ന് കരുതേണ്ട. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. കുരിശ് തകര്‍ക്കുകയും അങ്ങനെ കൈയേറ്റം ഒഴിപ്പിക്കുകയും സര്‍ക്കാര്‍ നയമല്ല. മൂന്നാറിലെ നടപടി കുരിശിനെതിരെ യുദ്ധം ചെയ്യുന്ന സര്‍ക്കാരാണ് ഇതെന്ന പ്രതീതി സൃഷ്ടിച്ചു. ഇതു സംബന്ധിച്ച് കൂടുതല്‍ തീരുമാനം വെള്ളിയാഴ്ചയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറില്‍ കുരിശ് പൊളിച്ചുമാറ്റിയത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഒരു ജനവിഭാഗം പ്രത്യാശയോടെ നോക്കിക്കാണുന്നതാണ് കുരിശ്. ഇത് നീക്കം ചെയ്യുമ്പോള്‍ സര്‍ക്കാരിനോട് ആലോചിക്കേണ്ടതുണ്ട്.

കൈയേറ്റമുണ്ടെങ്കില്‍ വിട്ടുവീഴ്ചയില്ല. എന്നാല്‍ കുടിയേറ്റക്കാരെ ദ്രോഹിക്കാന്‍ ആരെയും അനുവദിക്കില്ല. കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കും. തെറ്റായ ഒരുനീക്കത്തേയും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല.

ഇതോടെ കളക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കു നേരേ നടപടിയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സിപി ഐ ഭരിക്കുന്ന റവന്യൂ വകുപ്പാണ് പൊളിക്കലിനു നേതൃത്വം കൊടുത്തതെന്നതിനാല്‍ വിഷയം സിപിഎം സിപി ഐ പോരു രൂക്ഷമാക്കുന്നതിലേക്കാണ് നീങ്ങുന്നതെന്നും സൂചനയുണ്ട്.

കൂറ്റന്‍ കുരിശുനാട്ടി നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ധ്യാനകേന്ദ്രത്തിന്റെ മറവില്‍ ഒരു വിഭാഗം സ്വന്തമാക്കിയത്. ഈ ഭൂമിയാണ് ഒഴിപ്പിച്ചു തിരിച്ചുപിടിച്ചത്. സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിച്ചതിന്റെ പേരിലായിരിക്കും അധികൃതര്‍ നടപടി നേരിടാന്‍ പോകുന്നതെന്നതും കൗതുകകരമാണ്.

കുരിശുപൊളിച്ചുനീക്കിയതില്‍ യേശുക്രിസ്തുവായിരിക്കും ഏറ്റവുമധികം സന്തോഷിക്കുകയെന്ന് യാക്കോബായ സഭ നിരണം ഭ്രദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലേസ് പറഞ്ഞതിനു പിന്നാലെയാണ് മുഖ്യമന്ത്രി കുരിശു പൊളിക്കാന്‍ പാടില്ലായിരുന്നുവെന്നു പറഞ്ഞതെന്നതും ശ്രദ്ധേയമാണ്.

ബാബറി കേസ് പൊടുന്നനെ പൊട്ടിവീണപ്പോള്‍ തകര്‍ന്നത് അദ്വാനിയുടെ രാഷ്ട്രപതി സ്വപ്‌നവും ജോഷിയുടെ ഉപരാഷ്ട്രപതി മോഹവും

മൂന്നാറില്‍ കുരിശു നാട്ടി കൈയേറിയിരുന്ന നൂറു കണക്കിന് ഏക്കര്‍ ഒഴിപ്പിച്ചു, നി…

Comments

comments

Tags: , ,