ഗോവയിലും മണിപ്പൂരിലും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും സര്‍വ അടവും പയറ്റുന്നു, മണിപ്പൂരില്‍ തന്ത്രം മനയുന്നത് രമേശ് ചെന്നിത്തല

By സ്വന്തം ലേഖകന്‍ | Sunday March 12th, 2017

ന്യൂഡല്‍ഹി: ഗോവിയിലും മണിപ്പൂരിലും ചെറുകകക്ഷികളെ കൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ തിരക്കിട്ടി നീക്കങ്ങള്‍ നടക്കുന്നു.

യുപിക്കും ഉത്തരാഖണ്ഡിനും പുറമേ ഗോവയിലും മണിപ്പൂരിലും തങ്ങള്‍ തന്നെ സര്‍ക്കാരുണ്ടാക്കുമെന്നാണ് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ഭരണം ബിജെപിയുടെ കൈയിലായതിനാല്‍ അവര്‍ക്കു തന്നെയാണ് പല കാര്യങ്ങളിലും മേല്‍ക്കൈ.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് ഗോവയിലും മണിപ്പൂരിലും. തന്ത്രങ്ങള്‍ മെനയാന്‍ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുകയാണ്.

ഗോവയില്‍ ഇന്ന് രാവിലെ 11മണിക്ക് കോണ്‍ഗ്രസ് എം.എല്‍.എ മാരുടെ യോഗം ആരംഭിച്ചു. ഇവിടെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന് 17 സീറ്റുകളുണ്ട്. ഒരുസീറ്റ് നേടിയ എന്‍.സി.പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് സീറ്റുള്ള ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് അറിയുന്നത്. ഒരു സ്വതന്ത്രനെ കൂടി കൂടെ നിര്‍ത്താനായാല്‍ 22 അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസിന് സര്‍ക്കാറുണ്ടാക്കാം.

എന്നാല്‍ ഇവിടെ 13 സീറ്റുകള്‍ മാത്രമുള്ള ബി.ജെ.പിക്ക് സര്‍ക്കാറുണ്ടാക്കണമെങ്കില്‍ ഒമ്പത് അംഗങ്ങളുടെ പിന്തുണ വേണം. അത് അത്ര എളുപ്പമല്ല. എങ്കിലും കോണ്‍ഗ്രസിന് അധികാരത്തില്‍ നിന്ന് അകറ്റിനിറുത്തുന്നതിനു സാദ്ധ്യമായ വഴി തിരയുകയാണ് ബിജെപി.

മണിപ്പൂരില്‍ ബി.ജെ.പിക്ക് 21 അംഗങ്ങളേ ഉള്ളൂ. എന്നാല്‍ നാലംഗങ്ങളുള്ള എന്‍.പി.പി ഇവിടെ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്. നാലു സീറ്റുള്ള എന്‍.പി.എഫ് കോണ്‍ഗ്രസ് വിരുദ്ധരെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഇതെല്ലാം ബിജെപിക്കു പ്രതീക്ഷ പകരുന്നു. പിന്നീട് അവര്‍ക്കു വേണ്ടത് രണ്ടു പേരുടെ കൂടി പിന്തുണയാണ്.

പക്ഷേ, ഇവിടെ 28 സീറ്റ് ലഭിച്ച കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളുടെ പിന്തുണകൂടി മതി. അതിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇവിടെ ഏതുവിധേനയും സര്‍ക്കാരുണ്ടാക്കാനുള്ള ദൗത്യവുമായി കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇംഫാലിലെത്തിയിട്ടുണ്ട്. മണിപ്പൂരിലെ കോണ്‍ഗ്രസ് കാര്യങ്ങളുടെ ചുമതല രമേശിനാണ്.

ബിജെപിയുടെ ശ്രമങ്ങളെ അതിജീവിച്ച് സര്‍ക്കാരുണ്ടാക്കുക എന്ന ദൗത്യമാണ് ഇവിടെ രമേശിനു മുന്നിലുള്ളത്. ഇതിനു സാദ്ധ്യമായ എല്ലാ വഴിയും തേടുന്നുണ്ട് രമേശ്.

Comments

comments

Tags: ,