നഗ്നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവിക്ക് ഉപാധികളോടെ ജാമ്യം

| Friday September 2nd, 2016

പാലക്കാട്: വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവിക്കു ജാമ്യം. ഉപാധികളോടെയാണ് അഡീഷണല്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ചത്.

റോഡരികിലൂടെ നടന്നു പോകുമ്പോള്‍ കാറിലിരുന്ന് സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൊബൈലില്‍ ഫോട്ടോയെടുത്തെന്നുമാണ് ശ്രീജിത്തിനെതിരെയുള്ള പരാതി.

കഴിഞ്ഞ മാസം 27 ന് പത്തിരിപ്പാലയ്ക്കു സമീപമായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടിക്കു മോശമായി പെരുമാറിയ ആളിനെ മനസ്സിലായിരുന്നില്ല.Sreejith_Ravi_arrest_Vyganews

നഗ്നതപ്രദര്‍ശിപ്പിച്ചതിനൊപ്പം ഫോട്ടോയെടുക്കാനും ശ്രമിച്ചതോടെ വിദ്യാര്‍ത്ഥിനികള്‍ ബഹളമുണ്ടാക്കി. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കാറോടിച്ചു പോയതിനാല്‍ ആളിനെ പിടികൂടാനായില്ല.

കാറിന്റെ നമ്പര്‍ കുറിച്ചെടുത്ത് സ്‌കൂളിലെ പ്രിന്‍സിപ്പലിനു നല്‍കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ ഉടമ ശ്രീജിത്ത് രവിയാണെന്നു കണ്ടെത്തിയത്.

കൊല്ലങ്കോട് പല്ലശ്ശനയ്ക്കു സമീപമുള്ള ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

പെണ്‍കുട്ടികള്‍ക്കു കാറിന്റെ നമ്പര്‍ തെറ്റിയതാവുമെന്നും കാറില്‍ താനായിരുന്നെങ്കില്‍ കുട്ടികള്‍ക്കു തിരിച്ചറിയാന്‍ കഴിയുമായിരുന്നു എന്നുമാണ് ശ്രീജിത്ത് ആദ്യം പ്രതികരിച്ചത്.

എന്നാല്‍, സംഭവം നടക്കുമ്പോള്‍ ശ്രീജിത്ത് രവിയുടെ മൊബൈല്‍ ഫോണ്‍ ലക്കിടി ടവറിന്റെ പരിധിയിലായിരുന്നെന്നു പൊലീസ് കണ്ടെത്തി. പരാതിക്കാരായ വിദ്യാര്‍ത്ഥിനികളും മൂന്നു സാക്ഷികളും നടനെ തിരിച്ചറിഞ്ഞു.

മറ്റൊരാള്‍ക്കു ഫോണില്‍ സെല്‍ഫിയെടുത്തു അയച്ചു കൊടുക്കുമ്പോള്‍ കുട്ടികള്‍ തെറ്റിദ്ധരിച്ചതാണെന്നാണ് ശ്രീജിത്ത് രവി പിന്നീട് പറഞ്ഞത്.

ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, പാസ്‌പോര്‍ട്ടു നല്‍കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാവണം തുടങ്ങിയ ഉപാധികളോടേയാണ് ജാമ്യം അനുവദിച്ചത്.

 

 

 

Comments

comments

Tags: , , , ,