ഗെയിലിനു ചരിത്രനേട്ടം, ട്വന്റി20യില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ താരം

| Thursday April 20th, 2017

രാജ്‌കോട്ട്: ട്വന്റി20 ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ഖ്യാതി ക്രിസ് ഗെയിലിനു സ്വന്തം.

ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 21 റണ്‍സ് വിജയം കുറിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നതിനിടെയാണ് ഗെയില്‍ ഈ ചരിത്ര നേട്ടം കുറിച്ചത്.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 192 റണ്‍സിന് പുറത്തായി. പത്താം ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണ് ബാംഗ്ലൂര്‍ കുറിച്ചത്. ഓപ്പണര്‍ ക്രിസ് ഗെയില്‍, ക്യാപ്റ്റന്‍ കോലി എന്നിവരുടെ വെടിക്കെട്ട് ബാറ്റിഗാണ് ബാംഗ്ലൂരിന്റെ വിജയത്തിന് അടിത്തറ പാകിയത്.

ഇതിനിടെയാണ് ക്രിസ് ഗെയില്‍ ടി20 ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടവും കൈവരിച്ചത്. 77 റണ്‍സെടുത്ത ഗെയില്‍ ട്വന്റി20യില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി മാറുകയായിരുന്നു.

ഗെയില്‍ (38 പന്തില്‍ 77), കോലി (50 പന്തില്‍ 64), കേദാര്‍ ജാദവ് (16 പന്തില്‍ 38), ട്രാവിസ് ഹെഡ് (16 പന്തില്‍ 30) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ബാംഗ്ലൂരിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ഈ സീസണില്‍ ആദ്യമായി ഫോമിലേക്ക് ഉയര്‍ന്ന ഗെയില്‍ വെറും 21 പന്തിലാണ് 50 പിന്നിട്ടത്. അഞ്ച് ഫോറും ഏഴ് സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു ഗെയിലിന്റെ 77. ഓപ്പണിങ് വിക്കറ്റില്‍ ഗെയിലും കോലിയും 12.4 ഓവറില്‍ 122 റണ്‍സാണ് ചേര്‍ത്തത്. പിന്നീടെത്തിയ ഹെഡ്, ജാദവ് എന്നിവരും കത്തിക്കയറിയപ്പോള്‍ സ്‌കോര്‍ 200 കടന്നു.

Comments

comments

Tags: ,