നെടുമ്പാശേരിയില്‍ വന്ന നാലു മലയാളികള്‍ക്ക് എബോളയെന്നു സംശയം, ആശങ്കയോടെ ആരോഗ്യ വകുപ്പ് അധികൃതര്‍

| Thursday October 30th, 2014

കോഴഞ്ചേരി: ആഫ്രിക്കയില്‍ നിന്നെത്തിയ നാലു മലയാളികള്‍ക്ക് എബോള രോഗ ബാധയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.

നൈജീരിയയില്‍നിന്ന് എന്നിവിടങ്ങളില്‍ നിന്നു നെടുമ്പാശേരി വിമാനത്താവളം വഴി കേരളത്തിലെത്തിയ നാലുപേരിലാണ് രോഗം സംശയിക്കുന്നത്. എബോള രോഗബാധിത മേഖലയില്‍ നിന്നെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ പ്രത്യേക പരിശോധന നടക്കുന്നു. സംശയം തോന്നിയ നാലുപേരുടെയും വിവരങ്ങള്‍ സംസ്ഥാന ആരോഗ്യവകുപ്പിനു കൈമാറുകയായിരുന്നു.

ഒരാഴ്ചയ്ക്കിടെ വിമാനത്താവളത്തില്‍ വന്നിറങ്ങിയവരെ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. ലോസ്ഏഞ്ചല്‍സില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലെ കോയിപ്രം പുല്ലാട് സ്വദേശിയായ ആളെ സംബന്ധിച്ച് ഇന്നലെ പത്തനംതിട്ട ഡിഎംഒയിലേക്ക് ആരോഗ്യ ഡയറക്ടറേറ്റില്‍ നിന്ന് ഇ മെയില്‍ സന്ദേശം ലഭിച്ചു.

തുടര്‍ന്ന് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും കോയിപ്രം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വിവരം കൈമാറിയതിനേതുടര്‍ന്ന് ആരോഗ്യവകുപ്പ് ഇന്‍സ്‌പെക്ടര്‍മാര്‍ വിവരശേഖരണത്തിനു ശ്രമിച്ചു.

ഡയറക്ടറേറ്റില്‍ നിന്നു ലഭിച്ച ടെലിഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ ലോസ് ഏഞ്ചല്‍സില്‍ നിന്നു കഴിഞ്ഞ 25നു മടങ്ങിയെത്തിയ പുല്ലാട് സ്വദേശിയെ ബന്ധപ്പെടാന്‍ കഴിഞ്ഞു. തനിക്ക് രോഗമൊന്നുമില്ലെന്ന് പ്രാഥമികമായി ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ നല്‍കിയ മേല്‍വിലാസത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഇങ്ങനെയൊരാളെ സംബന്ധിച്ചു ഇന്നലെ വിവരം ലഭിച്ചിരുന്നില്ല. വീണ്ടും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്നുരാവിലെയും കോയിപ്രം പിഎച്ച്‌സിയിലെ ജീവനക്കാര്‍ അന്വേഷണം നടത്തി.

ഇതേസമയം ആശങ്കപ്പെടാന്‍ മാത്രം ഒന്നുമില്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് ആരോഗ്യ വകുപ്പിനു വിവരം കൈമാറിയതെന്നും നെടുമ്പാശേരി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

 

doubtful ebola cases in kerala

Comments

comments

Tags: , ,