ജയരാജനെ വിജിലന്‍സ് പ്രതിയാക്കി, സിപിഎമ്മില്‍ ശാക്തിക ചേരികള്‍ മാറുന്നു, ലാവലിന്‍ കോടതി നിലപാടറിഞ്ഞിട്ട് തിരിച്ചടി

By സിദ്ധാര്‍ത്ഥ് ശ്രീനിവാസ് | Friday January 6th, 2017

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും പിബിയും തിരുവനന്തപുരത്തു നടക്കവേ തന്നെ സിസി അംഗവും മുന്‍ മന്ത്രിയുമായ ഇപി ജയരാജനെതിരേ സംസ്ഥാന വിജിലന്‍സ് കേസെടുത്തതോടെ പാര്‍ട്ടിയില്‍ പുതിയൊരു ചേരിതിരിവിനു വഴിമരുന്നു വീണിരിക്കുന്നു. 

പിണറായി പക്ഷത്തെ ശക്തനായ നേതാക്കളില്‍ ഒരാളായിരുന്ന ജയരാജന്‍ മന്ത്രിക്കസേര തെറിച്ചതു മുതല്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. ജയരാജനു പിന്തുണയുമായി എംപി കൂടിയായ പി.കെ ശ്രീമതിയും നില്‍ക്കുന്നു.

പാര്‍ട്ടി കണ്ണൂര്‍ ഘടകത്തില്‍ ശക്തമായ വേരുകളുള്ള ജയരാജന്‍ ഇടയുന്നതോടെ പാര്‍ട്ടിയില്‍ ശാക്തിക ചേരികളില്‍ വലിയൊരു വഴിത്തിരിവാണ് വരുന്നത്. ജയരാജനോടൊപ്പം ഇപ്പോഴത്തെ നേതൃത്വത്തോട് അതൃപ്തിയുള്ള ചിലര്‍ കൂടി ചേരുന്നതോടെ വരും ദിവസങ്ങളില്‍ ഭരണത്തിലും പാര്‍ട്ടി നേതൃത്വത്തിലുമുള്ളവര്‍ക്കു തലവേദന സൃഷ്ടിക്കാന്‍ ഇവര്‍ക്കാവും.

വിഎസ് പക്ഷവുമായും അടുക്കുന്നതിന് ജയരാജന്‍ വിഭാഗം ആലോചന നടത്തുന്നുണ്ട്. ആവശ്യം വരുന്ന ഘട്ടത്തില്‍ വിഎസ് പക്ഷത്തിന്റെ പിന്തുണ തേടുകയാണ് ഇവരുടെ ലക്ഷ്യം.

തത്കാലം കാറ്റ് തങ്ങള്‍ക്ക് എതിരായതിനാല്‍ മൗനം പാലിക്കാനാണ് ഈ ഗ്രൂപ്പ് ആലോചിക്കുന്നത്. ഫെബ്രുവരിയില്‍ ലാവലിന്‍ കേസിലെ തീരുമാനം വരുന്നതുവരെയായിരിക്കും മൗനം. ആ തീരുമാനം മുഖ്യമന്ത്രിക്ക് എതിരായിട്ടാണെങ്കില്‍ അതുമുതല്‍ പുതിയ ഗ്രൂപ്പ് നയം വ്യക്തമാക്കും. ലാവലിന്‍ മുഖ്യമന്ത്രിക്ക് അനുകൂലമാണ് കോടതി നിലപാടെങ്കിലും അപ്പോള്‍ പുതിയ സമര തന്ത്രം ആലോചിക്കും.

ജയരാജനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കോടതിയില്‍ ഇന്ന് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ബന്ധുവും ശ്രീമതിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ നിയമിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്.

കേസില്‍ സുധീര്‍ നമ്പ്യാര്‍ രണ്ടാം പ്രതിയും വ്യവസായ സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്. കൂടുതല്‍ രേഖകള്‍ ശേഖരിച്ചുവെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജയരാജനെതിരെ കേസെടുക്കുന്നതെന്നും കോടതിയില്‍ വിജിലന്‍സ് അറിയിച്ചു.

ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടു തവണ സമയം നീട്ടിച്ചോദിച്ച ശേഷമാണ് വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് ജനുവരി ഏഴിനകം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെയുള്ള കേസുകളില്‍ നടപടി വൈകുന്നെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച്ച വിജിലന്‍സ് ഡയറക്ടറെ തിരുവനന്തപുരം വിജിലന്‍സ് കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ജയരാജന്‍ കേസ് വിജിലന്‍സ് കോടതി നാളെ പരിഗണിക്കും.

Comments

comments

Tags: , ,