ജനത്തിനു വേണ്ട, മനം നൊന്ത് ഇറോം ശര്‍മിള കേരളത്തില്‍ ധ്യാനത്തിന്, സൈനിക അതിക്രമത്തിനെതിരായ പോരാട്ടം തുടരുമെന്ന് പ്രതിജ്ഞ

| Sunday March 12th, 2017

ഇംഫാല്‍: പതിനാറു വര്‍ഷം സ്വന്തം ജനത്തിന്റെ പൗരാവകാശങ്ങള്‍ക്കു വേണ്ടി നിരാഹാരം കിടന്നു പൊരുതിയ ഇറോം ശര്‍മിളയെ കേവലം 90 വോട്ടിന് ഒതുക്കിയ നന്ദികേടില്‍ മനം നൊന്ത് അവര്‍ കേരളത്തിലേക്കു വണ്ടി കയറുന്നു.

ഒരു മാസം കേരളത്തില്‍ ധ്യാനമിരുന്നു മനസ്സിന്റെ വേദനയകറ്റാനാണ് ശര്‍മിളയുടെ തീരുമാനം. ഇതിനൊപ്പം രാഷ്ട്രീയം വിടാനും അവര്‍ ആലോചിക്കുന്നു.

തോല്‍വിയിലും പക്ഷേ, ശര്‍മിള ജനങ്ങളെ തള്ളിപ്പറയുന്നില്ല. എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളീന്‍ നടത്തുന്ന കാര്‍മല്‍ ജ്യോതി ആശ്രമത്തിലായിരുന്നു ഫലപ്രഖ്യാപന ദിവസം ഇറോം ഉണ്ടായിരുന്നത്.

കുരുന്നുകള്‍ക്കൊപ്പം ചെലവഴിച്ച് സങ്കടം മറക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഫലം എന്താകുമെന്ന് ഏറക്കുറെ ഉറപ്പുണ്ടായിരുന്നു. എങ്കിലും ഇത്രയും അപമാനം പ്രതീക്ഷിച്ചിരുന്നില്ല.

വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, ഈ തിരിച്ചടിയോടെ മതിയായി. ഇനിയില്ല. ജനങ്ങളുടെ വോട്ടവകാശം പണം കൊടുത്ത് ചിലര്‍ വാങ്ങുകയായിരുന്നു.

കേരളത്തില്‍ തത്കാലം പോകുന്നുവെങ്കിലും ലോകത്തിന്റെ ഏത് കോണിലായാലും സൈനിക പരമാധികാര നിയമത്തിനെതിരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.

പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കിയായിരുന്നു ഇറോം ശര്‍മിള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിയത്.

മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേ തൗബാല്‍ മണ്ഡലത്തിലാണ് ഇറോം ജനവിധി തേടിയത്. എന്നാല്‍ അവര്‍ നോട്ടയ്ക്കും പിന്നിലായി 90 വോട്ടു മാത്രം വാങ്ങി പരാജയം സമ്മതിക്കുകയായിരുന്നു.

Comments

comments