വളര്‍ച്ച ദേശീയ നിരക്കിലും മുകളില്‍, പക്ഷേ വിവാദങ്ങളില്‍ മുങ്ങി സ്വയം കുഴിതോണ്ടി മുന്‍ സര്‍ക്കാര്‍

By ദീപക് നമ്പ്യാര്‍ | Wednesday March 1st, 2017

തിരുവനന്തപുരം: തുടര്‍ച്ചയായ വിവാദങ്ങളില്‍ കുടുങ്ങിപ്പോയെങ്കിലും മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളം മികച്ച സാമ്പത്തിക വളര്‍ച്ച നേടിയെന്ന റിപ്പോര്‍ട്ട് പുതിയ സര്‍ക്കാരിന്റെ ബജറ്റ് വരാനിരിക്കെ പ്രതിപക്ഷത്തിന് നല്ലൊരു ആയുധമായി മാറും.

സരിത, സോളാര്‍ തുടങ്ങിയ വിവാദങ്ങള്‍ക്കു പിന്നാലെ രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും നടക്കുകയായിരുന്നു. ഇതിനിടെ സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ചു കാര്യമായ ചര്‍ച്ച ചെയ്യാന്‍ കഴിയാതെയും പോയി.

പല നല്ല കാര്യങ്ങളും ചെയ്തുവെങ്കിലും അവയൊന്നും വേണ്ടുംവിധം ജനമധ്യത്തിലെത്തിക്കാന്‍ ആ സര്‍ക്കാരിനും അതിനെ നയിച്ച പാര്‍ട്ടികള്‍ക്കും കഴിയാതെപോയി. ഇതിന്റെയെല്ലാം ബാക്കിപത്രമായിരുന്നു യുഡിഎഫിന് തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി.

വളരെ വൈകിയാണെങ്കിലും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഇന്നത്തെ പ്രതിപക്ഷത്തിന് ആശ്വാസത്തിനു വക നല്കുന്നതാണ്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 12.61 ശതമാനം വളര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മുന്‍ വര്‍ഷം 12.31 ശതമാനമായിരുന്നു വളര്‍ച്ച നിരക്ക്.

2014-15 കാലത്ത് കേരളത്തിന്റെ വളര്‍ച്ച 6.67 ശതമാനമായിരുന്നതാണ് 12.31 ശതമാനമായി കുതിച്ചുയര്‍ന്നത്. ദേശീയ വളര്‍ച്ച നിരക്ക് ഈ കാലയളവില്‍ 10.78 ശതമാനമായിരുന്നു എന്നിടത്താണ് കേരളത്തിന്റെ നേട്ടത്തിനു തിളക്കമേറുന്നത്. വളര്‍ച്ച നിരക്ക് രേഖപ്പെടുത്തുന്ന അടിസ്ഥാന ഘടകങ്ങളില്‍ വരുത്തിയ മാറ്റവും കേരളത്തിനു ഗുണമായി. 2004 05 അടിസ്ഥാന വര്‍ഷമായെടുത്തുകൊണ്ടായിരുന്നു ദേശീയ വളര്‍ച്ച നിരക്ക് കണക്കാക്കിയിരുന്നത്. ഇക്കുറി അടിസ്ഥാനവര്‍ഷം 2011 12 ലേക്കു മാറ്റിയിട്ടുണ്ട്.

മറ്റു കണക്കുകള്‍ ഇപ്രകാരമാണ്

* കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തിന്റെ റവന്യൂ വരുമാനത്തില്‍ 19.13 ശതമാനം വര്‍ധന.
* കേരളത്തന്റെ ആളോഹരി വരുമാനം 1,64,462 രൂപ.
* 2011 12 സാമ്പത്തികവര്‍ഷം നികുതി വരുമാനം 25,719 കോടി രൂപ. ഇത് 2015 16ല്‍ 38,995 കോടിയായി വര്‍ധിച്ചു.
* 2011 12 ല്‍ നികുതിയിതര വരുമാനം 2592 കോടി രൂപ. 2015 16ല്‍ ഇത് 8426 കോടിയായി ഉയര്‍ന്നു.
* കേന്ദ്ര സഹായം 2011ല്‍ ആകെ 3709 കോടി രൂപ. 2015 16ല്‍ സഹായം 8921 കോടി രൂപ.
* ധനകാര്യ കമ്മിഷന്‍ അവാര്‍ഡ് 2014 15ല്‍ 9620.06 കോടി രൂപ. 2015 16ല്‍ല്‍ സഹായം 17,862.13 കോടി രൂപ.
* റവന്യുകമ്മി മുന്‍ വര്‍ഷത്തെ 13,796 കോടി രൂപയില്‍നിന്ന് കഴിഞ്ഞ വര്‍ഷം 9657 കോടിയായി കുറഞ്ഞു.

ഇത്തരം നേട്ടങ്ങളുടെ കണക്കുകള്‍ നിരത്തുമ്പോള്‍ തന്നെ ചില തിരിച്ചടികളും കേരളം നേരിടുന്നുണ്ട്. സംസ്ഥാനത്തിന്റെ പൊതുകടം 1,60.539 കോടി രൂപയാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 27.4 ശതമാനം പൊതു കടം വീട്ടുന്നതിനു വേണ്ടിവരും. 2017 18 സാമ്പത്തിക വര്‍ഷം മുതല്‍ കടത്തിന്റെ തിരിച്ചടവ് വലിയ വെല്ലുവിളിയായി മാറും.

Latest News

 
 

Comments

comments

Tags: ,