കൊച്ചി മെട്രോ ഉദ്ഘാടന തീയതി തീരുമാനിച്ചെന്നു മന്ത്രി, ഇല്ലെന്നു മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ ഒഴിവാക്കുന്നുവെന്ന് ആരോപിച്ചു ബിജെപി, വിവാദം കത്തുന്നു

| Friday May 19th, 2017

കൊച്ചി: പ്രധാനമന്ത്രി എത്തുമെന്ന് ഉറപ്പു വരുത്താതെ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനു തീയതി നിശ്ചയിച്ചതു വിവാദമായി മാറി. വിവാദം കൊടുമ്പിരിക്കൊണ്ടതോടെ തീയതി നിശ്ചയിച്ചിട്ടില്ലെന്നു പറഞ്ഞു മുഖ്യമന്ത്രി തലയൂരുകയും ചെയ്തു.

ഈ മാസം 30ന് നടത്തുമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ചടങ്ങിന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും കടകംപള്ളി പറഞ്ഞിരുന്നു.

ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണയുടെ പുറത്താണെന്നും ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൂടി സാധിക്കുന്ന ഒരു ദിവസം നിശ്ചയിക്കുന്നതിന് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എത്രയും വേഗം ഉദ്ഘാടന തീയതി നിശ്ചയിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം സന്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും പിണറായി വ്യക്തമാക്കി. മെട്രോയുടെ ഉദ്ഘാടന ദിവസം നിശ്ചയിച്ചതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണ നിമിത്തമുള്ളതാണെന്നഉം മുഖ്യമന്ത്രി പറഞ്ഞു.

ആലുവയിലായിരിക്കും ഉദ്ഘാടന ചടങ്ങ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉദ്ഘാടനം പ്രഖ്യാപിച്ചിരിക്കുന്ന മേയ് 30ന് പ്രധാനമന്ത്രി വിദേശത്തായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.

മേയ് 30 മുതല്‍ ജൂണ്‍ മൂന്ന് വരെ പ്രധാനമന്ത്രി ജര്‍മനി, റഷ്യ, സ്‌പെയിന്‍ എന്നിവിടങ്ങളിലേക്ക് പോവുകയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി മാറ്റിവയ്ക്കാനാകില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ ഉദ്ഘാടനം തീരുമാനിച്ചത് ശരിയായില്ലെന്നും ഉദ്ഘാടന തീയതി ആലോചനകളില്ലാതെ പ്രഖ്യാപിച്ചത് അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്‍ ആരോപിച്ചു.

സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പിടിവാശിയാണ് ഇതില്‍ തെളിയുന്നത്. പ്രധാനമന്ത്രിയുടെ പരിപാടികള്‍ നേരത്തെ നിശ്ചയിക്കുന്നതാണ്. അദ്ദേഹത്തിന്റെ വിദേശ യാത്രയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ് ജൂണ്‍ അഞ്ചിനും ആറിനും ഒഴിവുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നുവെന്നും കുമ്മനം പറഞ്ഞു.

വികസന കാര്യങ്ങളില്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ തീയതി നോക്കാതെ തീയത് പ്രഖ്യാപിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് എം.ടി.രമേശ് വ്യക്തമാക്കി.

ഇതേസമയം, കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയില്ലെന്ന് കെഎംആര്‍എല്‍ പറഞ്ഞു. മാധ്യമ വാര്‍ത്തകളിലൂടെയാണ് ഉദ്ഘാടനം തീരുമാനിച്ചത് അറിഞ്ഞതെന്ന് കെഎംആര്‍എല്‍ വക്താവ് പറഞ്ഞു.

ആരാണ് ഉദ്ഘാടനം ചെയ്യണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രധാനമന്ത്രിയെ ക്ഷണിക്കുക തന്നെ വേണമെന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസ് എം.പി പ്രതികരിച്ചത്.

Comments

comments

Tags: , ,