കാത്തിരിപ്പ്

| Sunday February 19th, 2017

കവിത
മിനു പ്രേം

കാത്തിരുന്നവന്റെ
തീക്കണ്ണുകള്‍ക്ക് മുന്നിലേക്ക്
ഇലകള്‍ കൊഴിഞ്ഞുവീഴുകയും
കാറ്റ് അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയും
ചെയ്തുകൊണ്ടേയിരുന്നു.

കാതോര്‍ത്തിരുന്നവന്റെ
കൂര്‍ത്തകാതുകളിലേക്ക്
ഒരിക്കലും വന്നെത്തിയില്ല
കുടഞ്ഞെറിഞ്ഞ കരിമുകിലിന്റെ
രോദനങ്ങളുയര്‍ത്തിയ തായമ്പകള്‍.

യൗവനതീക്ഷ്ണതയില്‍
ചുട്ടെരിക്കപ്പെടാനായി
നേര്‍ച്ചയര്‍പ്പിച്ച സ്വപ്നങ്ങളുടെ
വിങ്ങലുകള്‍ക്ക് അകമ്പടിയായി
ലഹരിമൂത്ത അധരങ്ങളെല്ലാം
ഒളിയിടങ്ങളിലെവിടെയോ
സദാ ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു.

ഇന്നത്തെപോലെ…
ഇനിയും വരുംനാളുകളിലും
എങ്ങുമീ കോലാഹലങ്ങള്‍
പാതയോരങ്ങളില്‍ നിന്നും
വൃക്ഷത്തണലുകളില്‍ നിന്നും
നാല്‍ക്കവലകളുടെ മുറ്റങ്ങളില്‍
ഇത്തിരി ചോരയിറ്റിച്ച്
മരണക്കിണറുകളിലേക്കിവിടെ
ചൂഴ്ന്നിറങ്ങും… കാത്തിരിക്കാം…

 

 

Comments

comments

Tags: , ,