തിരുവനന്തപുരം സ്വദേശിയായ കേരള ഫാര്മര് എന്ന ബ്ലോഗറുമായി ഒരു സംഭാഷണം"പതിനേഴ് വര്ഷത്തെ സൈനിക സേവനത്തിനു ശേഷം കൃഷി ഉപജീവനമാര്ഗമായി കൊണ്ടുനടക്കുന്ന ഒരു കര്ഷകന്. തെങ്ങുകയറ്റം, പശു വളര്ത്തല്, കറവ, റബ്ബര് ടാപ്പിങ്ങും അനുബന്ധ പണികളും സ്വയം ചെയ്യുന്നു. ഇന്റര്നെറ്റും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച കാര്യങ്ങള് ലോകമെമ്പാടുമുള്ള ഒരുകൂട്ടം സമര്ത്ഥരായ ഐ.ടി പ്രൊഫഷണലുകളില് നിന്നു സ്വായത്തമാക്കുവാന് കഴിഞ്ഞ ചാരിതാര്ത്ഥ്യമുണ്ട്. ഞാനെഴുതുന്ന ഓരോ വരിക്കും. പേപ്പറില്ലാതെ, പേനയില്ലാതെ, മഷിയില്ലാതെ, ആഗോളതാപനത്തിന് കാരണമാകുന്ന മുളയും, യൂക്കാലിയും, ഈറ്റയും മറ്റും നശിപ്പിക്കാതെ മാധ്യമ മുതലാളിയുടെ എഡിറ്റിങ്ങും സെന്സറിങ്ങും ഇല്ലാതെ മനസ്സിലുള്ളത് പ്രസിദ്ധീകരിക്കുവാന് കഴിയുന്നതിന്റെ ശാന്തിയും സമാധാനവും ലഭിക്കുന്നുണ്ട്. വെള്ളെഴുത്ത് ബാധിച്ചിട്ടും എഴുതുവാനും വായിക്കുവാനും അക്ഷരങ്ങളുടെ വലുപ്പം വര്ദ്ധിപ്പിക്കാ
വുന്നതുമായ ഈ ബ്ലോഗെന്ന മാധ്യമം എനിക്കൊരനുഗ്രഹം തന്നെയാണ്." ഇങ്ങനെയാണ് കേരള ഫാര്മര് എന്ന പേരില് ബൂലോഗത്ത് പ്രശസ്തനായ ഒരു ബ്ലോഗറുടെ തന്നെക്കുറിച്ചുള്ള വിവരണങ്ങള് ഇന്റര്നെറ്റില് പ്രത്യക്ഷപ്പെടുന്നത്. യഥാര്ത്ഥ 
നാമം എസ്. ചന്ദ്രശേഖരന് നായര്, വയസ് അറുപത്. ഒന്നര ദശാബ്ദത്തിലേറെ നീണ്ട സൈനികജീവിതത്തിനു ശേഷം തിരുവനന്തപുരത്തിനടുത്തുള്ള പേയാട് എന്ന സ്ഥലത്ത് കൃഷിയും മറ്റു കാര്യങ്ങളുമായി ഒതുങ്ങികൂടുകയാണ് ഇപ്പോള്.
ഒതുങ്ങിക്കൂടുക എന്നു പറഞ്ഞാല് അതു തെറ്റാണെന്ന് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ജീവിതരീതി കാണിച്ചുതരും. കാര്യമായ സാങ്കേതികജ്ഞാനമോ ഇന്റര്നെറ്റ് എന്ന മാധ്യമത്തിന്റെ സാന്നിധ്യത്തില് ലഭിച്ച വിദ്യാഭ്യാസമോ ഒന്നുമില്ലാത്ത കുട്ടിക്കാലത്തിനു ശേഷം ഇപ്പോള് ചന്ദ്രശേഖരന് നായര് ജീവിക്കുന്നത് ബ്ലോഗുകളെയും ഇന്റര്നെറ്റിനെയും കുറിച്ചുള്ള ഒരു സഞ്ചരിക്കുന്ന വിജ്ഞാനകോശമായി തന്നെയാണ്. അദ്ദേഹവുമായുള്ള അഭിമുഖം തന്നെ ഒരു ഓണ്ലൈന് ചാറ്റിന്റെ രൂപത്തിലായിരുന്നു.
തന്നെക്കുറിച്ച് ചോദിച്ചപ്പോള് വേര്ഡ് പ്രസ്സില് ഉണ്ടാക്കിയെടുത്ത www.keralafarmeronline.com എന്ന ബ്ലോഗിന്റെ വിലാസമാണ് അദ്ദേഹം വൈഗ ന്യൂസിന് നല്കിയത്. ഈ ബ്ലോഗ് മൂന്ന് ഭാഷകളില് വായിക്കാന് കഴിയും. ഇന്റര്നെറ്റില് തന്നെ ലഭ്യമായ ഒരു സേവനം ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള് മൂന്നായി അവതരിക്കുവാന് സഹായിക്കുന്നു.
എസ് എസ് എല് സിക്കും സമരം നിറഞ്ഞ ഒരു പ്രീ-ഡിഗ്രീ കാലത്തിനും ശേഷം ചന്ദ്രശേഖരന് നായര് പട്ടാളത്തിലെത്തുന്നത് 1968-ലാണ്.
കുട്ടിക്കാലത്തെക്കുറിച്ച് ചോദിച്ചപ്പോള് ചന്ദ്രശേഖരന് നായര് ഇങ്ങനെ പറഞ്ഞു. "അമ്മയുടെ നാല്പത്തെട്ടാമത്തെ വയസിലെ ജനനം. മൂത്ത സഹോദരങ്ങള് പതിമൂന്ന് വയസിന് മുകളില് പ്രായം. താന്തോന്നിയായി വളര്ന്നു. പുസ്തകം, വായന, എഴുത്ത് ഇവ അലര്ജി. പക്ഷേ, ഒരിക്കലും കണക്കിന് തോറ്റിട്ടില്ല. എട്ടാംക്ലാസില് പരീക്ഷയുടെ തലേദിവസം നാടകം കാണാന് പോയി. അധ്യാപികയായ സഹോദരി ചോദ്യം പറഞ്ഞുതരാത്തതുകൊണ്ട് പരീക്ഷക്ക് പോയില്ല, തോറ്റു. രണ്ടാമത് വീണ്ടും പഠിച്ച് ജയിച്ചു. എസിസി, എന്സിസി ഇവയില് സജീവം."
കേരള ഫാര്മറെ ബ്ലോഗിങ്ങിന്റെ വിശാലമായ ലോകത്തേക്ക് നയിച്ചത് യഥാര്ത്ഥത്തില് റബ്ബര് കൃഷിയോടുള്ള കമ്പം ആയിരുന്നു. ക്വാളിറ്റി റബ്ബര് മാര്ക്കറ്റിംഗ് സൊസൈറ്റി എന്ന സംഘടനയുടെ സെക്രട്ടറിയായിരുന്ന വേളയില് ആയിരുന്നു 2000-ല് അദ്ദേഹം ആദ്യമായി യാഹൂവിന്റെ ജിയോസിറ്റീസ് സേവനം ഉപയോഗിച്ച് ഒരു വെബ് സൈറ്റ് തുടങ്ങുന്നത്. പിന്നീട് 2005- ല് ബ്ലോഗ്ഗര് മലയാളത്തില് ബ്ലോഗ് ചെയ്യുവാനുള്ള സൗകര്യം നല്കിയപ്പോള് 'കര്ഷകന്റെ മലയാളം' എന്ന പേരില് ഒരു മലയാളം ബ്ലോഗും തുടങ്ങി കേരള ഫാര്മര്. പിന്നീട് കൃഷിയും സാമൂഹികവും രാഷ്ട്രീയവും ഇന്റര്നെറ്റുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകള് അദ്ദേഹം തുടങ്ങി. എല്ലാം തന്നെ നിരവധി വായനക്കാരെയും സുഹൃത്തുക്കളെയും അദ്ദേഹത്തിന് നേടി കൊടുക്കുകയും ചെയ്തു.
"ഇപ്പോള് ഞാന് ഐറ്റി പ്രൊഫഷണല് അല്ല എന്ന് അപരിചിതരെ വിശ്വസിപ്പിക്കാന് പ്രയാസം", കേരള ഫാര്മര് പറയുന്നു. ബ്ലോഗിങ്ങിനെക്കുറിച്ചും മറ്റു സാമുഹ്യ വിഷയങ്ങളെക്കുറിച്ചും സെമിനാറുകളും പ്രഭാഷണങ്ങളും നടത്തുക കേരള ഫാര്മര് ഒരു നിയോഗമായി കാണുന്നു ഇപ്പോള്.
ചന്ദ്രശേഖരന് നായരുടെ ഇന്റര്നെറ്റിലുള്ള ഹരിശ്രീ തന്റെ മകളില് നിന്ന് ആയിരുന്നു. പിന്നെ അനന്തരവനായ ബ്രൈടെക് ജനറല് മാനേജര് പത്മകുമാറില് നിന്നും ആവശ്യമായ സാങ്കേതിക ജ്ഞാനം പകര്ന്നുകിട്ടി. മലയാളം ബ്ലോഗിന്റെ കാര്യത്തിലാണെങ്കില് വിശ്വ പ്രഭ, അനില്കുമാര്, സിബുജോണി, എം.കെ. പോള്, കലേഷ് കുമാര് തുടങ്ങിയവരാണ് അദ്ദേഹത്തിന്റെ ഗുരുസ്ഥാനീയര്. ഇന്റര്നെറ്റിന്റെ കാര്യത്തില് പലരുടെയും ശിഷ്യനായിരുന്നിട്ടും ഇപ്പോള് അവരെക്കാളുമൊക്കെ മുന്പന് ആണല്ലോ എന്ന് ചോദിച്ചപ്പോള് അദ്ദേഹം പറഞ്ഞു, "അതൊരു വാശിയാണ്. അദ്ധ്വാനത്തിന്റെ നല്ലൊരു പങ്ക് ഇപ്പോള് ഇന്റെര്നെറ്റുമായി ബന്ധപ്പെട്ട് സെല്ഫ് ലേബറിലൂടെ പാഴാക്കുന്നു. ആറു മണിക്കൂര് പ്രതിദിന ഇന്റെര്നെറ്റ് ഉപയോഗം, എ ഡി എല് ചാര്ജ് പ്രതിമാസം 532 രൂപ, കംപ്യൂട്ടര് റീപ്പയര് മുതലായവക്കായി വരുന്ന ചെലവുകള് എന്നിവയോടൊപ്പം ആദായമില്ലാത്ത സേവനവും കൂടാതെ കര്ഷകര്ക്കുവേണ്ടി ശബ്ദിക്കുന്നു".
എങ്ങനെയാണ് ചന്ദ്രശേഖരന് നായര് ബ്ലോഗിലൂടെ കര്ഷകരുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തുന്നത്. കേരള ഫാര്മറുടെ വാക്കുകളില്, "കര്ഷകരുടെ പ്രശ്നങ്ങള് ഉയര്ത്താന് നെറ്റിനേക്കാള് ഉചിതമായ വേറൊരിടം ഇല്ല. റബ്ബര് വിലയിലെ ഏറ്റക്കുറച്ചില്, സ്ഥിതിവിവരക്കണക്കുകളിലെ തിരിമറി, കര്ഷക വിരുദ്ധമായ കാര്ഷിക ഗവേഷണങ്ങള്, രാസവളങ്ങളുടെയും കള, കുമിള്, കീടനാശിനികളുടെയും വിപത്തുകള് എന്നിവക്കെതിരെ ബ്ലോഗുകളിലൂടെ പോരാടുന്നു. കൃഷിയിലൂടെ കിട്ടുന്ന അറിവുകള് പങ്കുവയ്ക്കുന്നു. തിരുവനന്തപുരത്തെ തണല് എന്ന സംഘടന ഓര്ഗാനിക് ഫാമിംഗ് അറിവ്, ജിഎം വിളകളുടെയും വിത്തുകളുടേയും ദോഷവശങ്ങള് എന്നിവ പ്രചരിപ്പിക്കുന്നതിലൂടെ എനിക്ക് സഹായവും ചെയ്യുന്നു." തന്റെ പ്രവര്ത്തനങ്ങളെ കുറിച്ചുള്ള വീഡിയോ ലിങ്കുകളും മറ്റും ബ്ലോഗുകളില് കൊടുത്തിട്ടുണ്ട് അദ്ദേഹം.
സംസാരത്തിനിടയില് കേരള ഫാര്മര് എന്ന ബ്ലോഗറുടെ ഉള്ളിലുള്ള കര്ഷകന് ഉണര്ന്നു. പശുക്കളെ അഴിക്കുവാനുള്ള സമയം കഴിഞ്ഞിരിക്കുന്നു എന്നറിയിച്ചു കൊണ്ട് പോവുകയും ചെറിയൊരു ഇടവേളയ്ക്കു ശേഷം അദ്ദേഹം മടങ്ങി വരുകയും ചെയ്തു. പുതിയ തലമുറയെ പോലെ ഒരു ഇന്റര്നെറ്റ് അടിമയല്ല താനെന്നു അദ്ദേഹം തെളിയിക്കുകയായിരുന്നു അപ്പോള്.
ചന്ദ്രശേഖരന് നായര് ഇപ്പോള് ഒരു സമ്പൂര്ണ ലിനക്സ് ഉപഭോക്താവാണ്. "പ്രൊപ്പറൈറ്ററി സോഫ്റ്റ് വെയര് പൈറേറ്റഡായി ഉപയോഗിക്കുന്നത് കുറ്റകരമാണ് . അത് ഞാനിഷ്ടപ്പെടുന്നില്ല. കാലാകാലങ്ങളിലെ പുതിയ വിന്ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം വാങ്ങുവാനുള്ള ശേഷി ഇല്ല. ലിനക്സ് പൂര്ണമായും സൌജന്യം മാത്രമല്ല, വൈറസിനെ പേടിക്കേണ്ട ആവശ്യമേ ഇല്ല. ഓപ്പണ് ഓഫീസ് ഫയലുകള് ഏത് ഫോര്മാറ്റിലും സേവ് ചെയ്യാം. വിന്ഡോസിന് അത് കഴിയില്ല", അദ്ദേഹം വിശദമാക്കി.
ബ്ലോഗുകളുടെ ഭാവി എന്താകും എന്ന് ഞങ്ങള് ചോദിച്ചു, "ബ്ലോഗുകള് എണ്ണം കൂടുന്തോറും വായനക്കാര് കുറയും. പക്ഷേ ആവശ്യക്കാര് ഇഷ്ടവിഷയം സെര്ച്ച് ചെയ്ത് കണ്ടെത്തും.സൈബര് ആക്ടും നിയമങ്ങളും നല്ല ബ്ലോഗുകളുടെ പിറവിക്ക് സഹായകമാകാം. അനോണിമിറ്റി ഒരിക്കലും സുരക്ഷിതമല്ല," അദ്ദേഹം തന്റെ അഭിപ്രായങ്ങള് പങ്കുവച്ചു.
പുതിയ ബ്ലോഗര്മാര്ക്കായുള്ള ഉപദേശവും തരാന് അദ്ദേഹം മറന്നില്ല, "ഇന്റര്നെറ്റില് സൌജന്യമായി കിട്ടുന്ന ഈ സ്ഥലം ദുരുപയോഗം ചെയ്യാതിരിക്കുക. തനിക്കറിയാവുന്ന കാര്യങ്ങള് മറ്റുള്ളവരോട് പങ്കുവയ്ക്കുക. ആരെങ്കിലും എഴുതിയത് തനിക്കറിയാമെങ്കില് തെറ്റ് തിരുത്തുവാന് സഹായിക്കുക".
വായനയോടോ എഴുത്തിനോടോ പഠനത്തിനോടോ യാതൊരു താത്പര്യവുമില്ലാതെ നടന്ന കാലത്തെക്കുറിച്ച് ഓര്മിക്കുമ്പോള് അദ്ദേഹം പറയുന്നു, "ഇപ്പോള് എനിക്ക് എഴുത്ത്, വായന എന്നിവ ഇഷ്ടമാണ്. ചിലപ്പോള് അതൊരു ശിക്ഷ യാവാം".
ചന്ദ്ര ശേഖരന് നായരുടെ ചില പ്രധാന ബ്ലോഗ്ഗുകള്:
കര്ഷകന്റെ മലയാളം
കേരള ഫാര്മര്
മലയാളം ബ്ലോഗ് റോള്
ട്രിവാന്ഡ്രം ബ്ലോഗേഴ്സ്
ഇന്റര്നെറ്റിലെ കര്ഷകന് 



























