പുലിയിറങ്ങുന്നു, ഒക്ടോബര്‍ ഏഴിന്

| Saturday September 17th, 2016

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലി മുരുകന്‍ ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളിലെത്തും. മോഹന്‍ലാലും പുലിയും തമ്മില്‍ പതിനഞ്ചു മിനിട്ടോളം നീണ്ടുനില്‍ക്കുന്ന ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്.

പുലിയിറങ്ങുന്ന നാടിന്റെ രക്ഷകനായി മാറുന്ന പുലി മുരുകന്റെ ജീവിതമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നൂറ്റിയമ്പതിലേറെ ദിവസങ്ങള്‍ ചിത്രീകരണത്തിനായി വേണ്ടിവന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനും ഇരുന്നൂറോളം ദിവസങ്ങള്‍ നീണ്ടു.

ബാഹുബലി പോലുള്ള ചിത്രങ്ങളുടെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിനു പിന്നില്‍ പ്രവര്‍ത്തിച്ച ഹൈദരാബാദിലെ ഫയര്‍ ഫ്‌ളൈയാണ് ചിത്രത്തിന്റെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് നിര്‍വഹിക്കുന്നത്. ചിത്രത്തിലെ അതിസാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് പ്രശസ്ത സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയ്‌നാണ്.

25 കോടിയോളം രൂപ ചെലവിട്ടു മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന പുലി മുരുകന്റെ തിരക്കഥ ഉദയ് കൃഷ്ണനാണ്.

റഫീഖ് അഹമ്മദ്. മുരുകന്‍ കാട്ടാക്കട എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ഗോപി സുന്ദര്‍. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് ഷാജിയാണ്.

കമാലിനി മുഖര്‍ജി നായികയാകുന്ന ചിത്രത്തില്‍ തെലുങ്കുതാരം ജഗപതി ബാബുവാണ് വില്ലനായി എത്തുന്നത്. കിഷോര്‍, ലാല്‍, സിദ്ദിഖ്, വിനു മോഹന്‍, ബാല, സുരാജ് വെഞ്ഞാറമ്മൂട്, മകരന്ത് ദേശ്പാണ്ഡെ, നോബി, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന അഭിനയിക്കുന്നു.

 

 

Comments

comments

Tags: , , ,