മൂന്നാറില്‍ കുരിശു നാട്ടി കൈയേറിയിരുന്ന നൂറു കണക്കിന് ഏക്കര്‍ ഒഴിപ്പിച്ചു, നിരോധനാജ്ഞ, അനുകൂലിച്ച് കോണ്‍ഗ്രസ്, എതിര്‍ത്ത് സിപിഎം

| Thursday April 20th, 2017

മൂന്നാര്‍: മൂന്നാറില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സിപി ഐയുടെ നിയന്ത്രണത്തിലെ റവന്യൂ വകുപ്പ് സജീവമായി രംഗത്തിറങ്ങിയതോടെ സിപിഎം സിപി ഐ പോര് രൂക്ഷമാവുന്നു.

സൂര്യനെല്ലി പാപ്പാത്തിചോലയിലെ കൈയേറ്റ ഭൂമി റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചുകൊണ്ടാണ് നടപടിക്കു തുടക്കമിട്ടത്.

പാപ്പാത്തിചോലയില്‍ റവന്യു ഭൂമി കൈയേറി വേലിക്കെട്ടി തിരിച്ച് സ്ഥാപിച്ചിരുന്ന കുരിശാണ് പൊളിച്ചു നീക്കിയത്. ദേവികുളം തഹസില്‍ദാറുടെയും ഭൂസംരക്ഷണ സേനയുടെയും നേതൃത്വത്തില്‍ ഇന്നു പുലര്‍ച്ചെ ആറ് മുതലാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം ഇവിടെ ഒരുക്കിയിരുന്നു. കുരിശ് സ്ഥാപിച്ചിരുന്ന കല്‍കെട്ട് തകര്‍ത്ത് കുരിശ് എടുത്തു മാറ്റി. സമീപത്തുണ്ടായിരുന്ന ഷെഡ് ഉദ്യോഗസ്ഥര്‍ തീയിട്ട് നശിപ്പിച്ചു.

സ്ഥലത്തേക്ക് പോകുന്നവഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രദേശവാസികള്‍ വഴിതടയാന്‍ ശ്രമിച്ചിരുന്നു. മാര്‍ഗ തടസമുണ്ടാക്കിയ വാഹനങ്ങള്‍ ജെസിബി ഉപയോഗിച്ച് മാറ്റി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാപ്പാത്തിച്ചോലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

നൂറു കണക്കിന് എക്കറാണ് ഒരു കുരിശ് സ്ഥാപിച്ച് അതിന്റെ മറവില്‍ കൈയേറിയിരുന്നത്. വാഹനങ്ങള്‍ നീക്കിയ ശേഷം 8.30ന് പാപ്പാത്തി ചോലയിലെ അതിര്‍ത്തിയിലെത്തി. നാല് കിലോമീറ്ററോളം കാല്‍നടയായി മല കയറിയാണ് സംഘം കുരിശ് സ്ഥാപിച്ച സ്ഥലത്ത് എത്തിയത്.

തൃശൂര്‍ സ്വദേശികളും ധ്യാന കേന്ദ്രം നടത്തിപ്പുകാരുമായ ടോമീസ് സ്‌കറിയ, ജിമ്മീസ് സ്‌കറിയ എന്നിവര്‍ സ്ഥാപിച്ചതാണ് ഈ കുരിശ്. ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലമാണിത്. ഇവിടെ സര്‍ക്കാര്‍ ആര്‍ക്കും ഭൂമി പതിച്ചു നല്‍കിയിട്ടില്ല.

ഇവിടെയാണ് വലിയ ഇരുമ്പ് ഗര്‍ഡറില്‍ കോണ്‍ക്രീറ്റിലുറപ്പിച്ച കൂറ്റന്‍ കുരിശ് സ്ഥാപിച്ചത്. ഇരുപത് അടിയോളം ഉയരം വരുന്ന കുരിശ് മണിക്കൂറുകള്‍ കൊണ്ടാണ് പൊളിച്ച് നീക്കിയത്. പ്രദേശത്ത് അനധികൃതമായി നിര്‍മ്മിച്ചിരുന്ന താല്‍ക്കാലിക ഷെഡുകളാണ് പൊളിച്ച് തീയിട്ടത്. മൂന്നാറുകാര്‍ സ്ഥാപിച്ച കുരിശ് അല്ലാത്തതിനാല്‍ പ്രദേശവാസികളുടെ ഇടയില്‍ നിന്ന് വലിയ പ്രതിഷേധം ഉണ്ടാകില്ലെന്നു മനസ്സിലാക്കിയാണ് ഇതു പൊളിച്ചതും.

വി. എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് തിരിച്ചുപിടിച്ച പല പ്രദേശങ്ങളും കൈയേറ്റക്കാര്‍ വീണ്ടും കൈയടക്കിയിരുന്നു. അതിനാല്‍ തന്നെ പലേടത്തും കൈയേറ്റം ഒഴിപ്പിക്കുന്നത് പാഴ് വേലയാണെന്ന് പരക്കെ സംസാരമുണ്ട്.

ഇതേസമയം, മൂന്നാറില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ആരോപിച്ചു. നിയമപരമായ നടപടികള്‍ പാലിക്കുന്നില്ല. എന്തിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് കളക്ടര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കു കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ വ്യക്തമാക്കി.

ഒഴിപ്പിച്ചെടുക്കുന്ന ഭൂമി പാവപ്പെട്ടവര്‍ക്കു നല്‍കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. സിപിഎം നേതാക്കളാണ് കൈയേറ്റം ഒഴിപ്പിക്കുന്നതിനെ ഏതിര്‍ക്കുന്നതെന്നും സബ് കളക്ടറെ ആക്രമിച്ചത് ഇവരാണെന്നും അദ്ദേഹം ആരോപിച്ചു.

Comments

comments

Tags: