വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് റിമാന്‍ഡില്‍

| Tuesday March 21st, 2017

തൃശൂര്‍: ലക്കിടി കോളജിലെ വിദ്യാര്‍ഥി ഷെഹീറിനെ മര്‍ദ്ദിച്ചവശനാക്കിയ കേസില്‍ അറസ്റ്റിലായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ റിമാന്‍ഡ് ചെയ്തു. വടക്കാഞ്ചേരി കോടതിയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്.

കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്നു കോടതി പറഞ്ഞു. രാവിലെ പട്ടാന്പിക്കടുത്തുനിന്ന് കസ്റ്റഡിയിലെടുത്ത കൃഷ്ണദാസിനെ പിന്നീട് എരുമപ്പെട്ടി സ്റ്റേഷനില്‍ എത്തിച്ച് ചോദ്യംചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് കൃഷ്ണദാസിന്റെ നിയമോപദേശക സുചിത്ര, ലക്കിടി കോളജിലെ ജീവനക്കാരായ സുകുമാരന്‍, ഗോവിന്ദന്‍കുട്ടി, വത്സലകുമാര്‍ എന്നിവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

കോളജില്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നതിനെതിരേ ഷെഹീര്‍ എന്ന വിദ്യാര്‍ഥി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ജനുവരി മൂന്നിന് കോളജിലെത്തിയ ഷെഹീറിന്റെ ഹാജര്‍ രേഖപ്പെടുത്താതെ പ്രതികള്‍ പാന്പാടി നെഹ്‌റു കോളജിലുണ്ടായിരുന്ന ചെയര്‍മാന്‍ കൃഷ്ണദാസിന്റെ അടുത്തേയ്ക്കു ഷെഹീറിനെ കൊണ്ടുപോയി.

അവിടെ വച്ച് കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ഷെഹീറിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്. ഇതിനെക്കുറിച്ചു ചോദിക്കാനെത്തിയ കുട്ടിയുടെ പിതാവിനെയും ഭീഷണിപ്പെടുത്തിയിരുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയകേസുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഇതേസമയം, കൃഷ്ണദാസിനെ അറസ്റ്റു ചെയ്ത പോലീസിനെതിരേ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കരുതെന്നും അത്തരത്തില്‍ ശ്രമം നടത്തുന്ന പൊലീസുകാരെ എന്തുചെയ്യണമെന്നു കോടതിക്ക് അറിയാമെന്നും കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് എബ്രാഹം മാത്യു പറഞ്ഞു.

കോടതി പരാമര്‍ശം വന്നുവെങ്കിലും പൊലീസ് കേസുമായി മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.

Comments

comments

Tags: , ,