സര്‍വീസ് ചാര്‍ജ്: സര്‍ക്കാരിനെ വെല്ലുവിളിച്ച് ഹോട്ടലുടമകള്‍, വേണമെന്നുള്ളവര്‍ വന്ന് ആഹാരം കഴിച്ചാല്‍ മതിയെന്ന്

By അഭിനന്ദ് | Tuesday January 3rd, 2017

സര്‍വീസ് ചാര്‍ജും സര്‍വീസ് ടാക്‌സും എന്തെന്നറിയാതെ മാധ്യമങ്ങളും

ന്യൂഡല്‍ഹി: ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും തൃപ്തികരമായ സേവനം ലഭിച്ചില്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് കൊടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം കസ്റ്റമര്‍ക്കുണ്ടെന്ന കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെ വെല്ലുവിളിച്ച് ഹോട്ടലുടമകളുടെ അസോസിയേഷന്‍.

സര്‍വീസ് ചാര്‍ജ് തരാന്‍ മനസ്സില്ലാത്തവര്‍ ഭക്ഷണം കഴിക്കാന്‍ വരേണ്ടതില്ലെന്നാണ് നാഷണല്‍ റസ്‌റ്റോറന്റ് അസോസിയേഷന്‍ ഒഫ് ഇന്ത്യയുടെ വെല്ലുവിളി രൂപത്തിലുള്ള മറുപടി.

ഇതേസമയം, സര്‍വീസ് ചാര്‍ജ് എന്തെന്നു മനസ്സിലാക്കാതെ, സര്‍വീസ് ടാക്‌സെന്നാണ് മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തത്. ഹോട്ടലുകാര്‍ ചുമത്തുന്നത് നുകുതി അല്ലെന്നും ഒരര്‍ത്ഥത്തില്‍ ടിപ്പ് തന്നെയാണെന്നതുമാണ് സത്യം.

സര്‍വീസ് ചാര്‍ജ് നല്‍കാന്‍ വയ്യാത്തവര്‍ക്ക് ആഹാരം കഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നാഷണല്‍ റസ്‌റ്റോറന്റ് അസോസിയേഷന്‍ ഒഫ് ഇന്ത്യ വ്യക്തമാക്കി.

നിലവില്‍ ബില്ലിന്റെ അഞ്ച് മുതല്‍ 20 ശതമാനം വരെ തോന്നിയപടിയാണ് ഹോട്ടലുകളും റെസ്‌റ്റോറന്റുകളും സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്. ഈ പണം ജീവനക്കാര്‍ക്കു പല രൂപത്തില്‍ വീതിച്ചുകൊടുക്കുന്നുണ്ടെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. ഇതറിയാതെ തന്നെ ഭക്ഷണം കഴിക്കാന്‍ ചെല്ലുന്നവര്‍ പിന്നെയും ടിപ്പും കൊടുക്കാറുണ്ട്.

മെനുവില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കിയിട്ടുണ്ട്. സേവന നികുതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഹോട്ടലിലെ ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിനാണ് ഉപയോഗിക്കുന്നത്.

ഹോട്ടലുകളും റസ്‌റ്റോറന്റുകളും മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്)യും ജീവനക്കാര്‍ ആദായ നികുതിയും നല്‍കുന്നതിനാല്‍ തന്നെ സര്‍വീസ് ചാര്‍ജ് ഈടാക്കാതിരിക്കാനാവില്ലെന്നും അസോസിയേഷന്‍ പറയുന്നു.

ഇതെല്ലാം ചുമത്തിയാലും വലിയൊരു വിഭാഗം ഹോട്ടലുകള്‍ നിലവാരമില്ലാത്ത സേവനമാണ് നല്‍കുന്നതെന്ന് വ്യാപക പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദ്ദേശം മന്ത്രാലയം മുന്നോട്ടു വച്ചത്.

ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളും അവയുടെ നിലവാരവും സംബന്ധിച്ച വിശദാംശങ്ങള്‍ ഏവര്‍ക്കും ദൃശ്യമാകുന്ന വിധം ഹോട്ടലുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറുന്നുണ്ട്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സര്‍വീസ് ചാര്‍ജ് എല്ലായിടത്തും അംഗീകരിക്കപ്പെട്ടതും പതിവു രീതിയുമാണെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമം എല്ലാ റസ്‌റ്റോറന്റുകളും പാലിക്കുന്നുമുണ്ട്. പിന്നെന്തിന് ചാര്‍ജ് ഈടാക്കുന്നതില്‍ നിന്നു തങ്ങളെ വിലക്കുന്നുവെന്നാണ് ഇവരുടെ ചോദ്യം.

Comments

comments

Tags: ,