സിയാച്ചിനില്‍ ജീവന്‍ വെടിഞ്ഞ ധീരജവാന്റെ മൃതദേഹത്തോട് അനാദരം, ഏറ്റുവാങ്ങാന്‍ കേരള പ്രതിനിധികളാരുമെത്തിയില്ല

| Monday February 15th, 2016

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സരിതയുടെ സാരിത്തുമ്പില്‍ തൂങ്ങി രാഷ്ട്രീയം കളിക്കുന്ന കേരള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരും തഥൈവ എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കിക്കൊണ്ട്, ജമ്മു കശ്മീരിലെ സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു മരിച്ച മലയാളി സൈനികന്റെ മൃതദേഹം ഡല്‍ഹിയില്‍ അനാഥമായി വിമാനമിറക്കി.

ഓരോ സംസ്ഥാനത്തിന്റെയും റസിഡന്റ് കമ്മിഷണര്‍മാരാണ് അവരവരുടെ നാട്ടിലെ ധീര ജവാന്മാരുടെ മുൃതദേഹങ്ങള്‍ വിമാനത്താവളത്തില്‍ ഏറ്റുവാങ്ങിയത്. എന്നാല്‍, മലയാളിയും കൊല്ലം മണ്‍റോത്തുരുത്തു സ്വദേശിയുമായ സുധീഷിന്റ മൃതദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് ആരുമെത്തിയില്ല.

മറ്റു സംസ്ഥാനങ്ങളിലെ റെസിഡന്റ് കമ്മിഷണര്‍മാര്‍ ആദരവോടെ വിമാനത്താവളത്തില്‍ എത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്. സുബേദാര്‍ ടി.ടി.നാഗേഷ് (കര്‍ണാടക), ഹവില്‍ദാര്‍ എം. ഏഴുമലൈ (തമിഴ്‌നാട്), ലാന്‍സ് ഹവില്‍ദാര്‍ എസ്. കുമാര്‍ (തമിഴ്‌നാട്), സിപായിമാരായ പി.എന്‍. മഹേഷ് (കര്‍ണാടക), ഗണേശന്‍ (തമിഴ്‌നാട്), രാമമൂര്‍ത്തി (തമിഴ്‌നാട്), മുഷ്താഖ് അഹമ്മദ് (ആന്ധ്രാ പ്രദേശ്), നഴ്‌സിംഗ് അസിസ്റ്റന്റ് സൂര്യവംശി (മഹാരാഷ്ട്ര) എന്നിവരാണ് മരിച്ച മറ്റു സൈനികര്‍.

കര്‍ണാടക സ്വദേശി ഹനുമന്തപ്പയെ രക്ഷപ്പെടുത്താനായെങ്കിലും അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ മരിച്ചു. സിയാച്ചിനില്‍ സോനം സൈനിക പോസ്റ്റില്‍ ഈ മാസം മൂന്നിനുണ്ടായ ഹിമപാതത്തിലാണ് സുധീഷ് ഉള്‍പ്പെടെയുള്ള സൈനികര്‍ മരിച്ചത്.

വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാവിലെയാണ് മൃതദേഹങ്ങള്‍ ലേയില്‍ നിന്ന് ഡല്‍ഹിയിലെ കരസേനാ ആസ്ഥാനത്ത് എത്തിച്ചത്. ഈ സമയത്താണ് മൃതദേഹം ഏറ്റുവാങ്ങാന്‍ കേരളത്തിന്റെ റസിഡന്റ് കമ്മിഷണര്‍ എത്താതിരുന്നത്.

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തില്‍ സുധീഷിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സൈനിക ഉദ്യോഗസ്ഥരും സുധീഷിന്റെ അടുത്ത ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങും.

ഇന്നു പാങ്ങോട് സൈനിക കേന്ദ്രത്തില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ 10ന് വിലാപയാത്രയായി മണ്‍ട്രോതുരുത്തിലേക്ക് കൊണ്ടുപോകും. കൊല്ലം കുണ്ടറയില്‍ സുധീഷ് പഠിച്ച മണ്‍ട്രോതുരുത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ മൈതാനിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

തുടര്‍ന്ന് വീട്ടിനടുത്തുള്ള മൈതാനത്ത് സൈന്യത്തിന്റെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം വീടിന് സമീപം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്നു സേനാവൃത്തങ്ങള്‍ അറിയിച്ചു.

 

 

Comments

comments

Tags: , , ,