ദേശഭക്തിഗാനങ്ങളുടെ കാവല്‍ക്കാരന്‍

| Saturday September 6th, 2014

സ്വാതന്ത്ര്യവും ജീവിതവും രണ്ടല്ല എന്നും അതു ഒന്നാണ് എന്നും നമ്മോട് പറഞ്ഞത് മഹാത്മജിയാണ്. സംഗീതവും ജീവിതവും രണ്ടല്ല എന്നും അത് ഒന്നാകേണ്ടതാണെന്നും നമ്മെ പഠിപ്പിച്ചത് രവീന്ദ്രനാഥ ടാഗോറാണ്. ഇന്ത്യ കൈകോര്‍ത്തുനിന്നു പാടിയ സ്വാതന്ത്ര്യസമരഗീതങ്ങള്‍ ജനസഹസ്രങ്ങളുടെ ഹൃദയങ്ങളില്‍ ആവേശത്തിന്റെ അകലകള്‍ നിറച്ചിരുന്നു ആ കാലം. സ്വാതന്ത്ര്യസമര ഗീതങ്ങളില്‍ അഗ്നി നിറച്ച് മലയാളിയുടെ മനസ്സില്‍ സൂക്ഷിക്കാന്‍ തന്ന സംഗീതകാരനാണ് കെ.പി. ഉദയഭാനു.

ദേശഭക്തിഗാനങ്ങളുടെ കാവല്‍ക്കാരന്‍. വളരെക്കുറച്ച് സിനിമയ്ക്കുവേണ്ടി സംഗീതം നല്‍കുകയും, അന്‍പതോളം ചിത്രങ്ങളില്‍ മാത്രം പാടുകയും ചെയ്ത ഉദയഭാനുവിന്റെ ഏറ്റവും വലിയ സംഭാവന ഈ ദേശഭക്തിഗാനങ്ങളാണ്. പത്മപുരസ്‌ക്കാരം തേടി എത്തിയതും ഈ നിലയ്ക്കാണ്.

ദേശത്തിന്റെ ആഘോഷം വരുമ്പോഴെല്ലാം തന്റെ ഗായകസംഘത്തേയും കൂട്ടി, അദ്ദേഹം തീര്‍ത്ഥാടനത്തിന് ഇറങ്ങുന്നു. ഭാരതത്തിലെ വിവിധയിടങ്ങളില്‍ യാത്ര ചെയ്ത് കേരളത്തിലുടനീളം പാടിനടന്ന്, ഭാരതീയര്‍ സ്വാതന്ത്ര്യത്തിനായി തീച്ചൂളയില്‍ നടന്ന്, കടന്നുപോയ കാലത്തെ ഓര്‍മ്മപ്പെടുത്തുന്നു.

കാര്‍ഗില്‍ യുദ്ധഫണ്ടിലേക്ക് പണം സമ്പാദിക്കാന്‍ യേശുദാസ് ഒപ്പമുണ്ടായിരുന്നു. ചെന്നെയിലെ മറീനാ ബീച്ചില്‍ നടന്ന ദേശീയോദ്ഗ്രഥന സംഗമമായ ‘വാനത്ത് പൂച്ചികള്‍’ എന്ന കൂട്ടായ്മയില്‍ കേരളത്തില്‍ നിന്ന് എത്തിയത് ഉദയഭാനുവും സംഘവുമായിരുന്നു. ആകാശവാണിയുടെ പരിമിതമായ സാങ്കേതിക സൗകര്യങ്ങളില്‍ ആലേഖനം ചെയ്ത മഹത്തായ മലയാള സ്വാതന്ത്ര്യസമരഗീതങ്ങള്‍ കൂടാതെ, ബംഗാളി, ഹിന്ദി, അസമിയ, തമിഴ്, തെലുങ്ക്, കന്നട, പഞ്ചാബി എന്നീ ഭാഷകളില്‍ തീര്‍ത്ത ദേശഭക്തിഗാനങ്ങള്‍ ഇന്നും ദൂരദര്‍ശന്റെ സമ്പത്താണ്.

വി.എസ്.എസ്.സിയില്‍ ജോലിനോക്കുന്ന സംഗീത അഭിരുചിയുള്ള അന്യദേശക്കാരെ ക്ഷണിച്ചുവരുത്തി അവരുടെ സഹായത്താല്‍ പാട്ടിലെ വാക്കുകളുടെ ഉച്ചാരണ കൃത്യത കുട്ടികളെ പറഞ്ഞുപഠിപ്പിച്ചാണ് പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്തിട്ടുള്ളത്. മഹാത്മജിക്ക് പ്രിയപ്പെട്ട ‘എക്‌ളചലോരെ’ എന്ന ഗാനം ഡല്‍ഹി പ്രൊഡക്ഷന്‍ സെന്ററില്‍ (ദൂരദര്‍ശന്‍) അവതരിപ്പിച്ചപ്പോള്‍, പാട്ടിലെ ഉച്ചാരണ സ്ഫുടതയും, ഭാവവും കേട്ടിട്ട് ബംഗാളികളായ ഉദ്യോഗസ്ഥര്‍ വന്ന് ഉദയഭാനുവിനെ അഭിനന്ദിച്ച മുഹൂര്‍ത്തം മറക്കുവാന്‍ കഴിയുകയില്ല.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഘഗാനങ്ങള്‍ അവതരിപ്പിക്കാന്‍ 22 ഗായകരോടൊപ്പം ഒരു ഡല്‍ഹി യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ കെ.പി. ഉദയഭാനു, അന്നത്തെ മുഖ്യമന്ത്രിയായ ഇ.കെ. നായനാരെ ചെന്നുകണ്ടു. കുട്ടികള്‍ക്ക് പ്രതിഫലം കുറവാണ്. താമസസൗകര്യവും ഭക്ഷണവും സൗജന്യനിരക്കില്‍ കേരളഹൗസില്‍ തരപ്പെടുത്തണം. മുഖ്യമന്ത്രിയുടെ പ്രത്യേക സന്ദേശം ചെന്നു കേരളഹൗസില്‍. ഗായകസംഘത്തിന് അഭയം നല്‍കി എന്നു മാത്രമല്ല മടക്കയാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ട്രെയിനില്‍ വച്ച് കഴിക്കാന്‍ ഭക്ഷണംകൂടി പാക്കറ്റുകളിലാക്കി അവര്‍ നല്‍കി യാത്രയാക്കി. ഇവിടെയാണ് ഒരു യഥാര്‍ത്ഥ ഭരണാധികാരിയുടെ യഥാര്‍ത്ഥ ദേശസ്‌നേഹം നമ്മള്‍ തിരിച്ചറിയുന്നത്.

മാത്രമല്ല സിനിമ-നാടക ഗാനങ്ങളുടെ കൂട്ടായ്മയായ ‘ഓള്‍ഡ് ഈസ് ഗോള്‍ഡു’ മായി ഉത്സവവേദികളില്‍ വന്നെത്തുമ്പോള്‍ ഗംഗ, യമുന, ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍…, ജയജയജന്മഭൂമി… തുടങ്ങിയ ദേശഭക്തിഗാനങ്ങളില്‍ ഒന്നെങ്കിലും അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.

ഒരു സംഗീതകാരന്‍ എന്ന നിലയില്‍ സിനിമയ്ക്ക് അപ്പുറമുള്ള വിപുലമായ ദേശീയതയുടെ പൊതുബോധ പ്രാതിനിധ്യത്തിലേക്ക് കെ.പി. ഉദയഭാനു വന്നു എന്നത്, മറ്റാരും കാട്ടാത്ത പ്രതിബദ്ധതയാണ്. എം.ബി.എസിനെയും spot suresh_vyganews copyഇവിടെ സ്മരിക്കട്ടെ. നൂറ് കണക്കിന് ശബ്ദത്തെ കണ്ടെത്തി അവരുടെ സാദ്ധ്യതകള്‍ പാട്ടില്‍ പകര്‍ത്തി, ദേശീയോദ്ഗ്രഥനം കാത്തു സൂക്ഷിക്കാന്‍ ഉദയഭാനു സദാ ഉണര്‍ന്നിരുന്നു. ഇന്ന് ആ ചിന്തകളും, സംഗീതവും നിര്‍വീര്യമാക്കപ്പെട്ടിരിക്കുന്നു. കെ.പി ഉദയഭാനു ദീനക്കിടക്കയിലാണ്. ഓര്‍മകളില്‍ പാടിപ്പാടി പൊലിപ്പിച്ച സമരവീര്യം തുളുമ്പുന്നുണ്ടാവാം. നമുക്കതു മനസ്സിലാവുന്നില്ല.


KSIE AD

Comments

comments