സുജാതയും മകളും മത്സരിച്ചു പാടുന്നു

| Saturday September 6th, 2014

ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയ ഗായിക സുജാത വീണ്ടും പാടുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച പാട്ടുകളിലൊന്നാണ് പ്രിയപ്പെട്ടവരുടെ സുജു പാടുന്നത്…

സംഗീത സംവിധായകന്‍ രമേഷ് നാരായണനും വിനോദ് മങ്കരയും ചേര്‍ന്ന് ഒരുക്കുന്ന സംഗീത മായിക പ്രപഞ്ചത്തിനു പുതിയ മാനങ്ങള്‍ ശബ്ദത്തിലൂടെ നല്കുകയാണ് സുജാത.

ഒരു വര്‍ഷമായി ഒളിച്ചുപോയ അക്ഷരങ്ങള്‍ പാട്ടിന്റെകൂട്ടുകാരിയെ തേടി തിരിച്ചെത്തുന്നു…

അതേ. ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം സുജാത പാടിയ പാട്ട് അതിന്റെ പൂര്‍ണ രൂപത്തില്‍ എത്തും മുന്‍പു തന്നെ നെറ്റില്‍ തരംഗമാവുന്നു. മാമ്പൂ പൊഴിക്കുന്ന കാറ്റേ കിനാവിലെ നീല നിലാവും പൊഴിച്ചതെന്തേ എന്നു തുടങ്ങുന്ന പാട്ടാണ് പുതിയ തരംഗമാവുന്നത്. റെക്കോഡിംഗ് സ്റ്റുഡിയോയില്‍ നിന്നു പകര്‍ത്തിയ പാട്ട് പൂര്‍ണമായും മിക്‌സിംഗ് ജോലികള്‍ കഴിയുന്നതിനു മുന്‍പാണ് നെറ്റില്‍ എത്തിയിരിക്കുന്നത്.

സുജാതയുടെയും രമേഷ് നാരായണിന്റെയും സംഗീത ജീവിതത്തിലെ ഏറ്റവും മികച്ച പാട്ടെന്നാണ് കേഴ്‌വിക്കാര്‍ ഇതിനെ വിലയിരുത്തുന്നത്. മലയാളത്തിനു നഷ്ടമായ മെലഡികളുടെ കാലം തിരിച്ചു കൊണ്ടുവരികയാണ് വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ഒറ്റമന്ദാരത്തിലെ പാട്ടുകള്‍

വിനോദ് മങ്കരയുടെ ഹൃദയഹാരിയായ വരികള്‍ക്ക് രമേഷ് നാരായണ്‍ മനോഹരമായി സംഗീതം നല്കുകയും സുജാത അതിലേറെ മനോഹരമായി പാടുകയും ചെയ്തിരിക്കുന്നു.

സുജാതയും മകളും മത്സരിച്ചു പാടുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിലെ പാട്ടുകള്‍ക്കുണ്ട്. ചിത്രത്തിലെ തന്നെ ഒന്നാം കൊമ്പത്തെ, പൂമരക്കൊമ്പത്തെ… എന്നു തുടങ്ങുന്ന താരാട്ടു പാട്ട് പാടിയിരിക്കുന്നത് സുജാതയുടെ മകള്‍ ശ്വേതയാണ്. അമ്മയും മകളും മത്സരിച്ചാണ് പാടിയിരിക്കുന്നത്. കൂടാതെ ചങ്ങമ്പുഴയുടെ ആ പൂമാലയിലെ ആരുവാങ്ങുമിന്നാരു വാങ്ങുമീ ആരാമത്തിന്റെ രോമാഞ്ചം…. എന്നു തുടങ്ങുന്ന വരികള്‍ വിജയ് യേശുദാസും മധുശ്രീ നാരായണും ചേര്‍ന്ന് മനോഹരമായി ആലപിച്ചിരിക്കുന്നു.

മലയാളത്തിന് പുതിയൊരു വസന്തകാലം തരാന്‍ പോകുന്ന പാട്ടുകള്‍ പാടാനായത് തന്റെ സംഗീത ജീവിതത്തിലെ ഭാഗ്യമാണെന്ന് സുജാത പറയുന്നു.

സംഭവകഥയെ ആസ്പദമാക്കി അജയ് മുത്താന കഥയും തിരക്കഥയുമെഴുതി വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ഒറ്റമന്ദാരത്തില്‍ ഭാമ പതിനഞ്ചുകാരിയായ അമ്മയും വിധവയുമായെത്തുന്നു. സജിതാ മഠത്തില്‍ , നന്ദു, കൊച്ചു പ്രേമന്‍, കോഴിക്കോട് നാരായണന്‍ നായര്‍ തുടങ്ങി വലിയൊരു നിര ചിത്രത്തില്‍ അണിനിരക്കുന്നു.

പാപ്പിലോണിയ വിഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍ ജയദേവന്‍ നെടുങ്ങാടിയും കാമറ ഉദയന്‍ അമ്പാടിയുമാണ്.


Science & Tech Advt New

 

Comments

comments