സ്പന്ദനം നിലയ്ക്കുന്ന ജലധാരകള്‍

| Saturday September 6th, 2014

  • ഷഹീര്‍ ഷാ

ആമുഖം

ലോകമാകമാനമുള്ള നദികളും തണ്ണീര്‍ തടങ്ങളും നാശത്തിന്റെ വക്കിലാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങളും, നിരീക്ഷണങ്ങളും വെളിപ്പെടുത്തുന്നത്. കാലാവസ്ഥാ മാറ്റവും, പരിസ്ഥിതി തകര്‍ച്ചയുമാണ് ഈ പ്രതിഭാസത്തിന്റെ മൂലകാരണമെന്ന് അവര്‍ ചൂണ്ടികാട്ടുന്നു. പുരാതന കാലത്ത് വിവിധ സംസ്‌കാരങ്ങളെ പാലൂട്ടി വളര്‍ത്തിയ, സമൃദ്ധിയുടെയും നാഗരികതകളുടെയും പ്രതീകങ്ങളായ നമ്മുടെ പുഴകള്‍ അതി ദയനീയമായി മരിച്ചു കൊണ്ടിരിക്കുന്നത് സ്വന്തം കണ്‍മുന്നില്‍ കാണാന്‍ വിധിക്കപ്പെട്ടവരാണ് ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഈ ആധുനിക തലമുറ. ഭൂമി ശാസ്ത്രമെന്ന ശാസ്ത്ര ശാഖയുടെ ജീവന്‍ നിലനിര്‍ത്തുന്ന പല പഠനങ്ങളുടെയും കളിത്തൊട്ടിലായ നദികള്‍ക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യം നാം പ്രത്യേകം ചിന്തിക്കുക.

കണ്‍മുന്നില്‍ എത്രയെത്ര ഉദാഹരണങ്ങള്‍ ആഫ്രിക്കയിലെ ചാഡ് തടാകം, ബീഹാറിലെ ഫാല്‍ഗൂ നദി, ഇങ്ങ് കൊച്ചു കേരളത്തിലെ നിളയെന്ന ഭാരതപ്പുഴ… അങ്ങനെ നീളുന്നു ആ പട്ടിക. ഒരു വശത്ത് ഒഴുകാന്‍ ഒരിറ്റു ജലമില്ലാതെ പ്രാണനു വേണ്ടി കേഴുന്ന പുഴകള്‍, മറുവശത്ത് കാണാക്കയങ്ങളിലെ ചുഴികളിലേക്ക് ആണ്ടുപോയി ജീവന്‍ നഷ്ട്ടപ്പെടുന്ന നിരപരാധികളായ മനുഷ്യ ജന്മങ്ങള്‍. ഇതാണ് നമ്മുടെ നദികള്‍ക്ക് ഏറ്റവും അനുയോജ്യമായ വര്‍ണ്ണനകള്‍. എന്തുകൊണ്ട് നമ്മുടെ പുഴകള്‍ക്ക് ഈ ദുര്‍ഗതി വന്നു എന്ന ചോദ്യമാണ് മനുഷ്യന്റെ സ്വാര്‍ത്ഥതയും അത്യാര്‍ത്തിയും കാരണം ജന്മം കൊണ്ട അനധികൃത മണല്‍ ഖനനത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നത്.

keezharkuth-waterfalls1പാരിസ്ഥിതിക സാമൂഹ്യ പ്രശ്‌നങ്ങളും അനധികൃത മണല്‍ ഖനനവും

അനിയന്ത്രിതമായ തോതിലുള്ള മണല്‍ ഖനനം പ്രകൃതിക്കും മനുഷ്യനും വന്‍തോതില്‍ ഭീഷണി സൃഷ്ടിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നദികളില്‍ കയങ്ങളുടെയും ചുഴികളുടെയും രൂപീകരണത്തിന് മണല്‍ ഖനനം കാരണമാകുന്നു. ഇത്തരം പ്രദേശങ്ങളില്‍ വന്‍തോതില്‍ നദീജലം സംഭരിക്കപ്പെടുമ്പോള്‍ തുടര്‍ന്നുള്ള നദിയുടെ ഒഴുക്കിനെ ഇത് പ്രതികൂലമായി ബാധിക്കുന്നു. ഒഴുക്ക് നഷ്ടപ്പെട്ട പുഴകള്‍ മാലിന്യങ്ങളുടെ കലവറയായി തീരുന്നു. ഒരുകാലത്ത് സമ്പത്തും സമൃദ്ധിയും കൊണ്ടുവന്നു നല്‍കിയ പുഴകളും നീര്‍ച്ചാലുകളും ഇന്ന് ആധുനിക സമൂഹത്തിന് രോഗങ്ങളെന്ന മഹാമാരിയുടെ പ്രഭവ കേന്ദ്രങ്ങളാകുന്നു.

മാലിന്യങ്ങള്‍ ഒഴുകാതെയും മണലെടുപ്പ് മൂലവും ജലം കലങ്ങുകയും ചെയ്യുന്നതിനാല്‍ നദീജലത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും കുടിക്കാന്‍ യോഗ്യമല്ലാതായി തീര്‍ന്ന് ശുദ്ധജലപദ്ധതികള്‍ നിലക്കുകയും ചെയ്യുന്നു. നദീജലത്തിലെ മാലിന്യങ്ങള്‍ അലിയിപ്പിച്ചുകളയാന്‍ പ്രതിദിനം 480 മുതല്‍ 1711 കോടി ലിറ്റര്‍ ജലം നദിയിലൂടെ ഒഴുകണം. പെരിയാറിലെ ശരാശരി ജലപ്രവാഹം വേനലില്‍ കേവലം 110 കോടിലിറ്റര്‍ മാത്രമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഓക്‌സിജന്റെ അഭാവവും മറ്റു മാലിന്യങ്ങളും മത്സങ്ങളുടെ കൂട്ട മരണത്തില്‍ കലാശിക്കുന്നു. ശുദ്ധജല മത്സ്യബന്ധന മേഖലയെ തെല്ലൊന്നുമല്ല ഇത് ബാധിക്കുന്നത്. കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടെയുള്ള ജൈവവ്യവസ്ഥ ഇതേതുടര്‍ന്ന് അപകടത്തിലാക്കുന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. വന്‍തോതിലുള്ള മണല്‍ നഷ്ടവും, ഒഴുക്ക് നിലക്കലും വെള്ളത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുകയും ശുദ്ധജല അവാസ വ്യവസ്ഥ ഭീഷണി നേരിടുകയും ചെയ്യുന്നു. ജലത്തിന്റെ ബാഷ്പീകരണ തോത് കൂടുന്നതോടൊപ്പം വമ്പിച്ച ജലക്ഷാമവും തത്ഫലമായ് ഉണ്ടാകുന്നു.

ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ക്ക് ജീവനേകുന്നത് സാവധാനം മണ്ണിലൂടെ താഴേക്ക് ഊര്‍ന്നിറങ്ങുന്ന ജലകണങ്ങളാണല്ലോ. എന്നാല്‍ മണല്‍ വാരല്‍ മൂലം പ്രതലം മിനുസമാക്കപ്പെട്ട നദികളിലൂടെ മഴക്കാലത്ത് വെള്ളം കുതിച്ച് പാഞ്ഞ് കടലിലേക്കെത്തുന്നു. ഇതോടെ ഭൂഗര്‍ഭ ജലസ്രോതസ്സും ജലനിരപ്പും താഴുകയും ജലസ്രോതസുകള്‍ വരണ്ടുണങ്ങി ശുദ്ധജലപദ്ധതികള്‍ അവതാളത്തിലായി വന്‍ ജലക്ഷാമം ഉണ്ടാവുകയും ചെയ്യുന്നു. അനിയന്ത്രിതമായ മണല്‍ ഖനനം മൂലം കേരളത്തിലെ പുഴകളുടെ അടിത്തട്ട് താഴ്ന്നുകൊണ്ടിരിക്കുന്നു. ഇക്കാരണത്താല്‍ കടലില്‍ നിന്നും നദികളിലേക്ക് ഉപ്പുവെള്ളം ഒഴികിയെത്തുകയും ഇത്തരം വെള്ളം ജലസേചനത്തിനായ് ഉപയോഗിക്കുന്ന കൃഷിക്കാര്‍ക്ക് വന്‍തോതില്‍ കൃഷിനാശം സംഭവിക്കുകയും ചെയ്യുന്നു.

അനധികൃത മണല്‍ ഖനനം മൂലം നമുക്ക് കടവുകള്‍ നഷ്ടപ്പെടുന്നു. തുറമുഖങ്ങളെ ഇല്ലാതാക്കുന്നു, ജലനിരപ്പ് തീരങ്ങളില്‍ നിന്ന് ഉള്‍വലിയുന്നു, നദികള്‍ ദിശമാറി ഒഴുകുന്നു, കരയിടിഞ്ഞ് ഇല്ലാതാകുന്നു, ഉള്‍നാടന്‍ ജലഗതാഗതം സ്ഥംഭിക്കുന്നു. പക്ഷേ ഒരിക്കലും ഒരു കുറവും സംഭവിക്കാത്ത മറ്റൊന്നുണ്ട്, മണല്‍ മാഫിയ രൂപീകരിക്കുന്ന കാണാക്കയങ്ങളിലെ ചുഴികളില്‍ പെട്ട് പൊലിഞ്ഞുകൊണ്ടിരിക്കുന്ന നിരവധി വിലപ്പെട്ട മനുഷ്യ ജീവനുകള്‍, നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകള്‍, അതെ. മണലും മണലുമായ് ബന്ധപ്പെട്ട മേഖലയില്‍ നിന്നുമുള്ള മരണനിരക്കും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ആഴമേറിയതോടെ പുഴയിലെ മരണ നിരക്കുകളും വര്‍ദ്ധിച്ചു. 2002 മുതല്‍ 2006 വരെ 248 പേര്‍ നദികളിലെ ചതിക്കുഴികളില്‍പ്പെട്ടു മരിച്ചതായി പഠനങ്ങള്‍ തെളിയിക്കുന്നു.

അനധികൃത മണലൂറ്റില്‍ നിന്നും ലഭിക്കുന്ന കൊള്ളലാഭം കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമായ് തീരുന്നു. മണല്‍ മാഫിയകളും അതുമായ് ബന്ധപ്പെട്ട ക്വട്ടേഷന്‍ സംഘങ്ങളും തങ്ങളുടെ സുഗമമായ നടത്തിപ്പിനായ് ഇതിനെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതായ് ദിനപത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

നിഗമനം

കേരളത്തിലെ പുഴകളെയും വിലപ്പെട്ട മനുഷ്യ ജീവനുകളെയും സംരക്ഷിക്കാന്‍ മണലൂറ്റ് പൂര്‍ണ്ണമായും നിരോധിക്കുകയല്ല വേണ്ടത്. നദികളുടെ സുഗമമായ ഒഴിക്കിന് ചെറുതോതിലുള്ള മണല്‍ ഖനനം അത്യന്താപേക്ഷിതമാണ്. മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള മണല്‍ ലഭ്യത ഉറപ്പു വരുത്തുന്നതോടൊപ്പം ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കുകയും വേണം. കേരളത്തിലെ ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് എം ഡാന്‍സ് ഉല്‍പാദനവും ഉപയോഗവും വര്‍ദ്ധിപ്പിക്കുക. അതുപോലെ തന്നെ കേരളത്തിലെ ഡാമുകളിലും കെട്ടികിടക്കുന്ന മണല്‍ ശേഖരിച്ച് വില്‍പ്പന നടത്തുക. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി അന്യ സംസ്ഥാനങ്ങളില്‍ നിന്നും, ഒറീസ്സ, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ മണല്‍ ലഭ്യത ഏറെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതിയും ചെയ്യാം. ഇവയൊക്കെയാണ് പ്രധാന നിര്‍ദേശങ്ങള്‍. നമ്മുടെ പൂര്‍വ്വികര്‍ക്ക് വിശപ്പിന് ആഹാരവും, ദാഹജലവും നല്‍കി താരാട്ടുപാടി ഉറക്കിയ പുഴകളെ അങ്ങനെയെങ്കിലും ഈ ആസന്ന മരണത്തില്‍ നിന്ന് നമുക്ക് സംരക്ഷിക്കണം.

ഇനിയും പുഴയൊഴുകും, ഇതിലെ
ഇനിയും കുളിര്‍ക്കാറ്റോടി വരും

ഇനിയും പുഴയൊഴുകട്ടെയെന്നും, കുളിര്‍ക്കാറ്റ് ഓടിവരട്ടെയെന്നുമുള്ള കവിവാക്യം അന്വര്‍ത്ഥമാകട്ടെ എന്ന് നമുക്ക് ആത്മാര്‍ത്ഥമായ് പ്രാര്‍ത്ഥിക്കാം.
10x5 - KERAFED - COCONUT MILK POWDER

Comments

comments