മലപ്പുത്തെ വിധി സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് പിണറായി, സിപിഎമ്മിനു കിട്ടിയ തിരിച്ചടിയെന്ന് ഉമ്മന്‍ ചാണ്ടി, യുഡിഎഫിന്റെ വിജയമല്ലെന്നു മാണി

| Monday April 17th, 2017

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലം ഇടതു സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇതേസമയം, സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഈ ഫലമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഭിപ്രായപ്പെട്ടു.

വെല്‍ഫയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും കൂടിച്ചേര്‍ന്നിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ പ്രാവശ്യം എല്‍.ഡി.എഫിന് വോട്ടു ശതമാനം കൂടുകയാണുണ്ടായത്.

ഇതേസമയം, ബി.ജെ.പിയുടെ വോട്ട് ശതമാനം താഴേയ്ക്കു പോയി. മലപ്പുറത്ത് കടുത്ത മത്സരമാണ് നടന്നത്. യുഡിഎഫ് നേടിയത് വലിയ വിജമല്ല, പിണറായി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍
സിപിഎം സംസ്ഥാന സെക്രട്ടറി

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റേത് മികച്ച പ്രകടനമാണ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തോളം വോട്ട് എല്‍ഡിഎഫിന് കൂടി. 10 ശതമാനത്തോളം വോട്ടിന്റെ വര്‍ധന.

കടുത്ത മത്സരം നടന്നതിന്റെ ഫലമായി യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കാല്‍ ലക്ഷത്തോളം കുറഞ്ഞു. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം നല്കിയത്.

കാനം രാജേന്ദ്രന്‍
സിപിഐ സംസ്ഥാന സെക്രട്ടറി

മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ ജനവിധി ബഹുമാനത്തോടെ അംഗീകരിക്കുന്നു. തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരുത്തി എല്‍ഡിഎഫ് മുന്നോട്ടു പോകും. വോട്ട് ശതമാനം കൂടിയത് ഇടതു രാഷ്ട്രീയത്തിന് അനുകൂലമായ വിധിയെഴുത്താണ്. 2014ലെ തിരഞ്ഞെടുപ്പിലേതിലും ഒരു ലക്ഷത്തിലേറെ വോട്ട് കൂടിയത് സന്തോഷിപ്പിക്കുന്നു.

വി.എസ്. അച്യുതാനന്ദന്‍
ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍

മലപ്പുറം ലീഗിന് ഭൂരിപക്ഷമുള്ള പ്രദേശമാണ്. അതിനാലാണ് പി.കെ. കുഞ്ഞാലിക്കുട്ടി മികച്ച മുന്നേറ്റം നടത്തിയത്. കൂടുതല്‍ പ്രതികരണം പിന്നീട്.

ഉമ്മന്‍ ചാണ്ടി
മുന്‍ മുഖ്യമന്ത്രി

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അഹങ്കാരത്തിനും ധിക്കാരത്തിനും കിട്ടിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. എന്തുമാകാമെന്ന എല്‍.ഡി.എഫിന്റെ നിലപാടിന് കേരള ജനത നല്‍കിയ തിരിച്ചടിയാണിത്. സര്‍ക്കാരിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന് പറഞ്ഞത് കോടിയേരി ബാലകൃഷ്ണനായിരുന്നു. യു.ഡി.എഫിന്റെ ഐക്യവും കെട്ടുറപ്പും തെളിയിച്ച തിരഞ്ഞെുപ്പായിരുന്നു ഇത്.

കെഎം മാണി
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍

ഉപതിരഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫിന്റേതല്ല. മുസ് ലിം ലീഗിന് മാത്രം അവകാശപ്പെട്ട വിജയമാണിത്. ലീഗിന് ജനങ്ങളിലും സമുദായത്തിലുമുള്ള വര്‍ധിച്ച വിശ്വാസമാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.

പാലായില്‍ കേരള കോണ്‍ഗ്രസിനെയും പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനെയും പോലെ മലപ്പുറത്ത് ലീഗിനെ മാറ്റിനിര്‍ത്താനാവില്ല. തിളക്കമാര്‍ന്ന വിജയം നേടിയ പി.കെ കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിക്കുന്നു.

Comments

comments