വിധവയുടെ മുറിയില്‍ / കരുണാകരന്‍

| Saturday October 5th, 2013

loveമഴ വിട്ട് മുപ്പതു ദിവസങ്ങള്‍
കഴിഞ്ഞിരുന്നു.
എങ്കിലും മഴ അവിടെത്തന്നെ
ഉണ്ടായിരുന്നു.
വിധവയുടെ മുറിയിലെ
നനഞ കണ്ണാടി പോലെ
മോഹമെന്നും വിധിയെന്നും
തിളങ്ങിക്കൊണ്ട്.

ഈ രാത്രിയിലും ഞാനുറങ്ങി.
ഉള്ളിലെ നരകങ്ങള്‍
ഓരോന്നായി അടഞ്ഞു.
തല കീഴായി നീന്തുന്ന മീനുകള്‍
ലോകം അവസാനിക്കുന്നു എന്ന ഓര്‍മ്മയില്‍
ഇന്നും എന്നെ കാണാന്‍ വന്നു.
അവയുടെ കണ്ണുകള്‍ ഇന്നും
മഴയും വേനലും മാറിമാറി കാണിച്ചു.
ഞാന്‍ കണ്ടില്ല എന്ന് നടിച്ചു.
ലോകം അവസാനിക്കുന്നില്ല എന്ന്
ഉറക്കത്തില്‍ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു.
നീ കിടക്കയില്‍ എന്റെ അരികില്‍ വന്നു കിടന്നു.
ഈറന്‍ പുതച്ച നിന്റെ ഉടലില്‍
നിന്റെ തന്നെ തലയിലെ പേനുകള്‍
ഈ രാത്രിയിലും നടക്കാനിറങ്ങി.

കരുണാകരന്‍
കരുണാകരന്‍

നീ നിന്റെ മുലകളും
വയറും തുടകളും തടവി, നിന്റെ
ശ്രദ്ധ തെറ്റിക്കുന്ന പേനുകളെ ഇന്നും
പുലഭ്യം പറഞ്ഞു. ഇന്നും ഞാന്‍
അമ്മയെ അവരുടെ അമ്മയെ
അവരുടെ അമ്മയെ ഓര്‍ത്തു.
നിന്റെ ഉറക്കം, പിന്നെ,
മുപ്പതു ദിവസം മുമ്പ് കണ്ട മഴ പോലെ കാണാന്‍
ഞാന്‍ കണ്ണുകള്‍ തുറക്കാതെ കിടന്നു.
പച്ച മഞ്ഞ ചോപ്പ് എന്ന്
ഒരു നിരത്ത്, ഇന്നും എനിക്കൊപ്പം സമയം
എണ്ണിക്കൊണ്ടിരുന്നു…

ഞാന്‍ ഇന്നും മരിച്ചു.

കരുണാകരന്‍

(കഥാകൃത്ത്‌, നോവലിസ്റ്റ്, കവി.)

പ്രസിദ്ധീകരിച്ച കൃതികള്‍ (മകരത്തില്‍ പറഞ്ഞത് (കഥകള്‍ -പാഠഭേദം) , പായക്കപ്പല്‍, ഏകാന്തതയെ കുറിച്ചു പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളു (കഥകള്‍ – ഡി.സി. ബുക്സ്‌) കൊച്ചിയിലെ നല്ല സ്ത്രീ (കഥകള്‍ – സൈന്‍ ബുക്സ്), പരസ്യജീവിതം (നോവല്ല – ഡി. സി ബുക്സ്‌), ബൈസിക്കിള്‍ തീഫ് (നോവല്‍ – മാതൃഭൂമി ബുക്സ്‌), യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും (നോവല്‍ – ഡി സി ബുക്സ്‌). ഇപ്പോള്‍ കുവൈറ്റില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയുന്നു.

Email : karun.elempulavil@gamil.com

വായനക്കാര്‍ക്ക് സണ്‍ഡേ സപ്‌ളിമെന്റുമായി സംവദിക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ , ആശയങ്ങള്‍ , ലേഖനങ്ങള്‍ , അനുഭവക്കുറിപ്പുകള്‍ , കഥ, കവിത… എല്ലാം…

എഴുതൂ.
എഡിറ്റോറിയല്‍ ഡെസ്‌കിലെ കത്തികളാല്‍ നിങ്ങളുടെ സൃഷ്ടിയുടെ ഹൃദയം മുറിയാതെ ഞങ്ങള്‍ ആഗോള മലയാളിയുടെ മുന്നിലെത്തിക്കാം.
സൈബര്‍ സ്‌പേസില്‍ , ആത്മാവിഷ്‌കാരത്തിന്റെ ഈ പുതിയ ഭൂമികയില്‍ , നിങ്ങളും വൈഗയും ഒരുമിച്ച്…

സൃഷ്ടികള്‍ അയയ്‌ക്കേണ്ടത്
news@vyganews.com

വിലാസം:

വൈഗ ന്യൂസ്
ട്യൂട്ടേഴ്‌സ് ലെയിന്‍
സ്റ്റാച്യു, തിരുവനന്തപുരം-01

Comments

comments

Tags: , ,