കവിത/ വിജയകുമാര്‍ കുനിശ്ശേരി/ പ്രേമോപദേശ വിംശതി

| Tuesday August 30th, 2016

 

vkn

വിജയകുമാര്‍ കുനിശ്ശേരിയുടെ കവിത പ്രസിദ്ധീകരിക്കുന്നതില്‍ വൈഗയ്ക്ക് അഭിമാനമുണ്ട്. കാരണം, കുനിശ്ശേരിയെക്കുറിച്ച് ചിരിയുടെ കുലപതി വി കെ എന്‍ പറഞ്ഞതിതാണ്:

കൊടും തമിഴില്‍ നിന്ന് ഉരുത്തിരിഞ്ഞ് പൊള്ളാച്ചി, കൊടുവായൂര്‍ വഴി വന്നതാണ് കുനിശ്ശേരി മലയാളം. അടുത്ത താള്‍ തൊട്ട് ഈ കൊടുമയുടെ വിശ്വരൂപം നിങ്ങള്‍ക്കു കാണാം. വായിക്കാം, ഗദ്യത്തല്‍ , പദ്യത്തില്‍ , ഗദ്യപദ്യമിശ്രത്തില്‍ , മുക്തഛന്ദസ്‌സില്‍ …

 പ്രേമോപദേശ വിംശതി

പണയപ്പെടുത്താനുള്ളതല്ലെന്‍ ജീവിതം
അതിനാല്‍ വേണ്ടെനിക്കീപ്പീറ പ്രണയം

ആദ്യദര്‍ശനത്തിലനുരാഗം
പൊരിച്ചമീന്‍ കണ്ട
പൂച്ചയിന്നുള്‍ദാഹം

പനിനീര്‍പൂവിന്റെ പകിട്ടില്‍
മുള്‍മുന മൂര്‍ച്ച മറയുന്നു
പ്രേമത്തിന്റെ തികട്ടലില്‍
ഉള്‍മന രതിമൂര്‍ച്ഛ ഉറയുന്നു

പ്രേമം-
കണ്ണുകെട്ടിയ കുരുടി ഗാന്ധാരിpoetry1
കാമം-
പിറവിക്കുരുടന്‍ ധൃതരാഷ്ട്രര്‍
നൂറ്റൊന്നാവര്‍ത്തി
സംഭോഗാമിയുഗേ യുഗേ!

കാവ്യബകാസുരന്
ഓണസദ്യ പ്രേമം
അജീര്‍ണവിരേചനം
കാമായണം!

അനുരാഗ രാഗത്തില്‍
ഗര്‍ദ്ദഭ സാധകം
കാമാസുര പക്കമേളത്തില്‍
ഗര്‍ദ്ദഭ ക്രന്ദനം

ജീവിതം:
വാരാനെന്നു നിനപ്പവന്‍ വരന്‍
വാതുവയ്‌പ്പെന്നു നിനപ്പവള്‍ വധു

പിണങ്ങാതിണങ്ങിയാല്‍ ഇണ
ഇണങ്ങീട്ട് പിണങ്ങിയാല്‍ പിണം

തോഴി
ജീവിതപങ്കാളിയായാല്‍
തൊഴി!

മൂടുപടമിട്ട കാമമേ മുഗ്ദ്ധാനുരാഗം
ചിന്നവീടുള്ള ശിങ്കാരകോന്തനൊരു
ചിന്നംവിളിക്കുന്ന ചീവീട്
ചിന്നവീട്ടില്‍ പൊറുതി
പൊരി തീ!

വേളികള്‍ വയ്യാവേലികള്‍
വേലികള്‍ വേലികള്‍
വയ്യല്ലോ വേളികള്‍!

എട്ടുകാലില്ലാത്തതിനാലെന്നിരുക്കാലിഭാര്യ
പച്ചയ്ക്ക് തിന്നാതെന്നെ നിര്‍ത്തിപ്പൊരിക്കുന്നു-
സന്മനസ്‌സിന് നന്ദി!

കുലവധു-
കുളം കുത്തിയ പെണ്ണ്; കുലച്ച വില്ല്

ആദ്യത്തെ കെട്ടില്‍
നാലുകെട്ട് പൊളിച്ചുവിറ്റു
രണ്ടാം കെട്ടില്‍
എട്ടുകെട്ട് കുളംതോണ്ടി
മൂന്നാം കെട്ടിനുണ്ട് മോഹം
പന്ത്രണ്ട് കെട്ടില്ലല്ലോ ഏടാകൂടം!

മായമാനല്ലയോ മങ്കയിന്നുള്ളം
മറിമായമാണവളുടെ നെഞ്ചം
തഞ്ചത്തില്‍ കൊഞ്ചുക
കുതന്ത്രത്തില്‍ കൊല്ലുക!

കടക്കണ്ണെറിഞ്ഞെന്നെ വീഴ്ത്തി
കടക്കെണിയിലെന്നെ താഴ്ത്തി

ജീവന്റെ അംശമായിരുന്നവളേ,
നിനക്കു ഞാന്‍ നല്‍കുന്നു ജീവനാംശം

പെണ്‍കൊടിയായതിനാലവളെ
ഫാനില്‍ കെട്ടി ഉയര്‍ത്തുന്നു-
പാതകവന്ദനം!

പെണ്‍പിറവികളിനി
മുട്ടയിട്ടടയിരുന്ന്
വംശം പെരുപ്പിക്കട്ടെ-
ഭ്രൂണമഥന പാതകത്താല്‍
സ്വവംശനാശം വരുത്താതിരിക്കട്ടെ!

*

Other Stories in Sunday Supplement

സെന്റര്‍ കോര്‍ട്ടില്‍ തോറ്റ നമ്മള്‍

എന്നെ കുത്തിവീഴ്ത്തിയത് ഇതാ ഇങ്ങനെയാണ്… : ടോം ജോസഫ്‌

കായികരംഗത്തെ വെറുക്കുന്നു: അര്‍ജ്ജുന അവാര്‍ഡ് ജേതാവ് 

കവിത വിജയകുമാര്‍ കുനിശ്ശേരി 

സയാമീയ മീമാംസ 

പൂയത്തിന് അപ്രതീക്ഷിത ധനയോഗം, കാര്‍ത്തികയ്ക്കു സ്ഥാനലബ്ധി 

 

 

 

vyga_sunday

 

Comments

comments

Tags: , , ,