സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോഡ്‌ഷെഡ്ഡിങ്

| Thursday May 22nd, 2014

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ലോഡ് ഷെഡ്ഡിങ്. മേയ് 31 വരെ വൈകുന്നേരം അരമണിക്കൂര്‍ വീതം ഭാഗികമായ രീതിയില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് വൈദ്യുതിബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ അറ്റകുറ്റപണി ആരംഭിക്കുന്നതും കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി എത്തിക്കുന്നതിനുള്ള തടസവും മൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുന്നത്. വൈകിട്ട് 6.30നും രാത്രി 10.30നും ഇടയിലായിരിക്കും ലോഡ് ഷെഡിംഗ് നടപ്പാക്കുക, ഒരു ദിവസം വടക്കന്‍ മേഖലയിലും അടുത്തനാള്‍ തെക്കന്‍ മേഖലയിലും എന്ന രീതിയിലാവും നിയന്ത്രണം.

ഇതനുസരിച്ച് മേയ് 22 ന് കാസര്‍ഗോഡ് മുതല്‍ മാടക്കത്തറ 400 കെ വി സബ് സ്‌റ്റേഷന്‍ വരെയുള്ള പ്രദേശത്തും മേയ് 23 ന് കളമശേരി 220 കെ വി സബ് സ്‌റ്റേഷന്‍ മുതല്‍ തിരുവനന്തപുരം ജില്ലവരെയുമുള്ള പ്രദേശങ്ങളിലും നിയന്ത്രണമുണ്ടാവും. മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, ജല അതോറിറ്റിയുടെ ഡെഡിക്കേറ്റഡ് ഫീഡറുകള്‍ എന്നിവയെ ലോഡ് ഷെഡിംഗില്‍ നിന്നൊഴിവാക്കും.

ശബരിഗിരി പദ്ധതി അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നതിനാല്‍ ഉണ്ടാവുന്ന 340 മെഗാവാട്ട് കുറവുനികത്താനാണ് ലോഡ് ഷെഡ്ഡിംഗെന്നും കെഎസ്ഇബി അറിയിച്ചു. മൂഴിയാര്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടു പോകുന്ന പെന്‍സ്‌റ്റോക്ക് പൈപ്പിന്റെ ബട്ടര്‍ഫ്‌ളൈ വാല്‍വ് മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ഉത്പാദനം നിര്‍ത്തി വയ്ക്കുന്നത്. ജൂലൈ ആദ്യ വാരം പദ്ധതിയില്‍ നിന്നുള്ള ഉത്പാദനം ആരംഭിക്കാന്‍ കഴിയും .

കടുത്ത വേനലില്‍ ജല സംഭരണികളിലെ വെള്ളത്തിന്റെ അളവ് കുറയുന്നതു മൂലം സംസ്ഥാന വൈദ്യുത ബോര്‍ഡ് പ്രതിസന്ധിയിലായതിനിടെയാണ് അറ്റകുറ്റപണികള്‍ക്കായി ശബരിഗിരി പദ്ധതി താല്‍ക്കാലിമായി അടച്ചിടുന്നത്. ശബരിഗിരി പദ്ധതിപ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ഇതില്‍ നിന്ന് പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കക്കാട്, അള്ളുങ്കല്, കാരിക്കയം, മണിയാറ്, പെരുനാട് എന്നീ പദ്ധതികളിലെയും ഉത്പാദനം ഏതാനും ദിവസങ്ങള്‍ക്കകം ഇല്ലാതാവും. ഇതോടെ ഈ പദ്ധതികളില്‍ നിന്നായി ലഭിക്കുന്ന 90 മെഗാവാട്ട് വൈദ്യുതി ഉത്പാദനവും നിലയ്ക്കും.

വലിപ്പത്തില്‍ സംസ്ഥാനത്തെ രണ്ടാമത്തെ പദ്ധതിയായ ശബരിഗിരിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിലൂടെ പ്രതിദിനം 340 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകും .1960കളില്‍ സ്ഥാപിച്ച രണ്ടാം നമ്പര്‍ ബട്ടര്‍ഫ്‌ളൈ വാല്‍വിലാണ് ചോര്‍ച്ച രൂക്ഷമായിരിക്കുന്നത്. കാലവര്‍ഷത്ത സാധ്യത പരിഗണിച്ചാണ് ഇപ്പോള്‍ പണികള്‍ തുടങ്ങുന്നത്.

Comments

comments

Tags: , ,