മോളിവുഡില്‍ ഇനി സൈക്കോത്രില്ലറുകളുടെ പെരുമഴക്കാലം

| Wednesday August 21st, 2013

ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് മലയാള സിനിമയില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ വളരെ വലുതായിരുന്നു. പ്രമേയത്തിലും അവതരണത്തിലും പുതുവഴികള്‍ തേടിയ മണിച്ചിത്രത്താഴ് മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് സിനിമകളുടെ പട്ടികയില്‍ ഇടംനേടുകയും ചെയ്തു. ഇതിന് ശേഷം മലയാള സിനിമ പലവഴികളിലൂടെ സഞ്ചരിച്ച് ന്യൂജനറേഷന്‍ തരംഗവും കടന്ന് മണിച്ചിത്രത്താഴിന്റെ ഓര്‍മകള്‍ പൊടിതട്ടിയെടുക്കുകയാണ്.

പ്രമേയത്തില്‍ പുതുമതേടിയിറങ്ങളിയ സംവിധായകര്‍ ഇടക്കാലത്ത് ന്യൂജനറേഷന്‍ തരംഗത്തിന്റെ പിടിയിലായിരുന്നു. നഗരജീവിതവും മദ്യവും തെറിവിളികളുമായി എത്തിയ ന്യൂജനറേഷന്‍ സിനിമകളും ഇപ്പോള്‍ പ്രേക്ഷകര്‍ നിരസിച്ചു തുടങ്ങിയിരിക്കുന്നു. ഇതോടെയാണ് അണിയറപ്രവര്‍ത്തകര്‍ സൈക്കോളജിക്കല്‍ ത്രില്ലറുകളുടെ പിന്നാലെ സഞ്ചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മഴക്കാലം തീരുന്നതോടെ തിയേറ്ററുകളില്‍ സൈക്കോളജിക്കല്‍ ത്രില്ലറുകള്‍ പ്രമേയമാക്കിയ ചിത്രങ്ങളുടെ പെരുമഴ തന്നെയുണ്ടാവും.

നിരവധി സൈക്കോളജിക്കല്‍ ത്രില്ലറുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രിയദര്‍ശന്റെ ഗീതാഞ്ജലി, അനില്‍ ദാസിന്റെ ട്രൂ സ്റ്റോറി, ഷാജിയെമ്മിന്റെ മിസ്. ലേഖാ തരൂര്‍ കാണുന്നത്, വിനോദ് വിജയന്റെ ജഡ്ജ്‌മെന്റ് ഡേ, ലിജോ ജോസ് പെല്ലിശേരിയുടെ ആന്റിക്രൈസ്റ്റ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ ഗണത്തില്‍ വരുന്നവയാണ്.

mohanlal_vyganews

ശോഭനയും മോഹന്‍ലാലും അനശ്വരമാക്കിയ ചിത്രമാണ് മണിച്ചിത്രത്താഴ്. ഇതിലെ അഭിനയത്തിന് ശോഭനയ്ക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചു. ഇതേചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രത്തെ ആധാരമാക്കിയാണ് പ്രിയദര്‍ശന്‍ തന്റെ പുതിയ സിനിമയായ ഗീതാഞ്ജലി ഒരുക്കുന്നത്. മണിച്ചിത്രത്താഴില്‍ അഭിനയിച്ച ഇന്നസെന്റ്, ഗണേഷ് കുമാര്‍ തുടങ്ങിയവരും ഗീതാഞ്ജലിയിലുണ്ട്. മാത്രമല്ല, നാഗവല്ലിയെ അവതരിപ്പിച്ച ശോഭന അതിഥി വേഷത്തിലുമെത്തും.

ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഡോക്ടര്‍ സണ്ണിക്ക് ജീവന്‍പകരുന്നത്. പഴയ മണിച്ചിത്രത്താഴുമായി ഡോക്ടര്‍ സണ്ണിയെന്ന കഥാപാത്രത്തിന് മാത്രമേ ബന്ധമുളളൂ. ഗീതാഞ്ജലി മണിച്ചിത്രത്താഴിന്റെ രണ്ടാംഭാഗമല്ലെന്നും തികച്ചും വ്യത്യസ്തമായ പ്രമേയമാണ് അവതരിപ്പിക്കുന്നതെന്നും സംവിധയാകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. നടി മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകള്‍ കീര്‍ത്തിയാണ് ഗീതാഞ്ജലിയിലെ നായിക. കീര്‍ത്തിയുടെ ആദ്യ ചിത്രംകൂടിയാണ് ഗീതാഞ്ജലി.
യുവകമിതാക്കളുടെ സങ്കീര്‍ണമായ മാനസികപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന മന:ശാസ്ത്രജ്ഞനായാണ് ഡോക്ടര്‍ സണ്ണി ഗീതാഞ്ജലിയിലെത്തുന്നത്. കീര്‍ത്തിയും നിഷാനുമാണ് കമിതാക്കളായി അഭിനയിക്കുന്നത്. ഇവര്‍ക്കിടയിലെ വൈകാരിക പ്രശ്‌നങ്ങളാണ് സംവിധായകന്‍ മോഹന്‍ലാലിലൂടെ അനാവരണം ചെയ്യുന്നത്. സെവന്‍ ആര്‍ട്‌സാണ് ഗീതാഞ്ജലി നിര്‍മിക്കുന്നത്.

അനില്‍ദാസ് സംവിധാനം ചെയ്യുന്ന ട്രൂ സ്‌റ്റോറിയില്‍ പ്രിയാമണിയാണ് നായിക. നായികാ പ്രധാന്യമുളള ചിത്രമാണ് ട്രൂസ്റ്റ്രോറി. തന്റെ അസ്ഥിത്വത്തിന്റെ വേരുകള്‍ തേടിയിറങ്ങുന്ന കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിക്കുക. ട്രൂ സ്‌റ്റോറിയില്‍ രാഹുല്‍ മാധവും പ്രതാപ് പോത്തനും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് അനില്‍ ദാസ് ട്രൂ സ്‌റ്റോറി ഒരുക്കുന്നത്.
ഷാജിയെമ്മിന്റെ മിസ്. ലേഖാ തരൂര്‍ കാണുന്നതില്‍ മീരാ ജാസ്മിനാണ് നായിക. മറ്റുളളവര്‍ക്ക് കാണാന്‍ കഴിയാത്തത് കാണാന്‍ കഴിയുന്ന ടെലിവിഷന്‍ അവതാരകയായാണ് മീര എത്തുന്നത്.

വിനോദ് വിജയന്റെ ജഡ്ജ്‌മെന്റ് ഡേയില്‍ ഫഹദ് ഫാസിലും ഭാമയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഡി കമ്പനിയെന്ന ചലച്ചിത്രകൂട്ടായ്മയിലെ ഒരു ഭാഗമാണ് ജഡ്ജ്‌മെന്റ് ഡേ. ലിജോ ജോസ് പെല്ലിശേരിയുടെ ആന്റിക്രൈസ്റ്റില്‍ പൃഥ്വിരാജാണ് നായകന്‍.

സൈക്കോ ത്രില്ലറുകള്‍ ഏറെ ഒരുങ്ങുന്നുണ്ടെങ്കിലും മോഹന്‍ലാല്‍ നായകനാവുന്ന ഗീതാഞ്‌ലിയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ കൂട്ടുകെട്ട് മറ്റൊരു കാഴ്ചവിരുന്നൊരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

SUMMARY: the regular family dramas and political satires. Looks like the current flavour of the season is thriller movies, especially psychological thrillers, what with a dozen such movies all set to hit the screens soon.

Comments

comments

Tags: , , , ,