കല്ലേറിന്റെ രാഷ്ട്രീയം

| Friday November 1st, 2013

സെബിന്‍ ഏബ്രഹാം ജേക്കബ്‌

കല്ലെറിയുക എന്നതു് protesting mobന്റെ സ്വഭാവമാണു്. ചിലപ്പോള്‍ കല്ലെറിഞ്ഞിട്ടുണ്ടാവാം. ആം ആദ്മി പാര്‍ട്ടിക്കാരല്ലാതെ കേരളത്തിലെ വേറെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ പെട്ടവര്‍ (എല്ലാ പ്രവര്‍ത്തകരും എന്നല്ല, ചിലരെങ്കിലും) കല്ലെറിയാത്തവരുണ്ടെങ്കില്‍ എഴുന്നേറ്റുനില്‍ക്കട്ടെ! പൊലീസ് സമരക്കാര്‍ക്കു് നേരെ നടത്തുന്ന അതിക്രമം ന്യായീകരിക്കപ്പെടുകയും പൊലീസിനുനേരെ നടക്കുന്ന അക്രമം പര്‍വ്വതീകരിക്കപ്പെടുകയും ചെയ്യുന്ന നാടാണു് കേരളം എന്നറിഞ്ഞു് പെരുമാറാന്‍ മാത്രം കാപട്യം സമരത്തില്‍ പങ്കെടുത്തവര്‍ക്കുണ്ടാവില്ല.

തിരുവനന്തപുരത്തു് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ ഒരു യുവാവിന്റെ ജനനേന്ദ്രിയം ചവിട്ടിക്കലക്കിയതു് പൊതുനിരത്തില്‍ വച്ചാണു്. പ്രതിഷേധിക്കുന്ന സാധാരണ പൌരനു് അനുകൂലമായി വികാരമുണ്ടാകാതിരിക്കയും പ്രതിഷേധത്തിനു പാത്രമാകുന്ന ആള്‍ വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ, നമ്മുടെ ജനാധിപത്യത്തിലെ പാളിച്ചകളെക്കുറിച്ചുള്ള വലിയ തിരിച്ചറിവാണു്. കല്ലെറിയുന്നതു് അക്രമമാണു്, കുറ്റകരമാണു്, പിടികൂടി ശിക്ഷിക്കേണ്ടതാണു്. അതിന്റെ മറവില്‍ മുഖ്യമന്ത്രിക്കെതിരായ സമരം അനുവദിക്കില്ലെന്നു് പറയുന്നിടത്താണു്, ഈ കല്ലേറ് സംശയാസ്പദമാകുന്നതു്.

പ്രക്ഷോഭങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെ വലിയ ജനവികാരമാണു് കേരളത്തിലുള്ളതു്. പൊതുമുതല്‍ നശീകരണത്തോടു് വ്യക്തിപരമായി എനിക്കും യോജിപ്പില്ല. എന്നാല്‍ പ്രക്ഷോഭത്തിനു കാരണമാകുന്ന കാര്യങ്ങളില്‍ നടക്കുന്നതും പൊതുമുതലിന്റെയോ സ്വകാര്യമുതലിന്റെയോ നശീകരണമാണെന്ന വസ്തുത നാം കണ്ണടയ്ക്കുന്ന രഹസ്യമാണു്. സോളാര്‍ തട്ടിപ്പു തന്നെ നോക്കുക. കാര്യം, കാശുപോയതത്രയും വലിയ പണക്കാരുടേതാണു്. അവര്‍ കാശുമുടക്കിയതാവട്ടെ, സ്വന്തമായി സോളാര്‍ പാനല്‍സ്ഥാപിക്കാന്‍ വേണ്ടിയല്ല. പകരം കേരളത്തില്‍ രണ്ടായിരം സ്ക്വയര്‍ ഫീറ്റിനു മുകളിലുള്ള എല്ലാ വീടുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതു് നിര്‍ബന്ധമാക്കുന്ന നിയമം വരുന്നു എന്നു മുന്‍കൂട്ടി അറിഞ്ഞു്, ഇങ്ങനെ വരുന്ന പക്ഷം പാനല്‍ സ്ഥാപിക്കാനുള്ള തള്ള് നല്ല കച്ചവട അവസരമായി മനസ്സിലാക്കി, ആ കച്ചവടത്തില്‍ കണ്ണുവച്ചു് കാശുമുടക്കിയതാണു്. അങ്ങനെ കാശുമുടക്കുന്നവര്‍ക്കു് വിശ്വാസ്യത വന്നതാവട്ടെ, അവരെ സംഘടിപ്പിക്കുന്ന തട്ടിപ്പുസംഘം മുഖ്യമന്ത്രിയുടോ ഓഫീസുമായി, അദ്ദേഹത്തിന്റെ വിശ്വസ്തരുമായി ഉണ്ടാക്കിയെടുത്ത അടുത്ത ബന്ധംമൂലവും. സോളാര്‍ തട്ടിപ്പിലെ സംശയത്തിന്റെ മുന ഇപ്പോഴും മുഖ്യമന്ത്രിയിലേക്കു് തന്നെ തിരിഞ്ഞിരിക്കുന്നതിന്റെ കാരണമിതാണു്.

oommen-chandy_hospital

നിയമം പാസാകാന്‍ അല്‍പ്പം താമസിച്ചുപോയതാണു്, ഈ തട്ടിപ്പു് പുറത്തെത്തിച്ചതു്. അല്ലായിരുന്നെങ്കില്‍ ബിജു രാധാകൃഷ്ണന്റെ കമ്പനി വന്‍തോതില്‍ പണം വാരുമായിരുന്നുവെന്നും അതിന്റെ വിഹിതം മുഖ്യമന്ത്രിയുടെ സില്‍ബന്ധികള്‍ക്കും ലഭിക്കുമായിരുന്നു എന്നും സംശയിക്കുന്നതില്‍ തെറ്റില്ല. നിയമം ലംഘിക്കാതെ തന്നെ, അല്ലെങ്കില്‍ നിയമം നിര്‍മ്മിച്ചുകൊണ്ടുതന്നെ, എങ്ങനെ വലിയ സാമ്പത്തികലാഭം ഉണ്ടാക്കാം എന്നതിന്റെ ഉദാഹരണമാണു്, ഇതു്. വലിയ കമ്പനികളില്‍ നടക്കുന്ന insider trading പോലെയുള്ള പരിപാടി. അതിനേക്കാള്‍ ഭീകരമാണു്, ഈ സോളാര്‍ തട്ടിപ്പു പുറത്തുവന്നതിനുശേഷവും, ഏറെക്കാലം മുഖ്യമന്ത്രി സംരക്ഷിച്ചുനിര്‍ത്തിയ അദ്ദേഹത്തിന്റെ ഗണ്‍മാന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തെമ്പാടും നടത്തിയ ഭൂമി തട്ടിപ്പു്. ജനവാസകേന്ദ്രങ്ങളിലെ ഏക്കര്‍കണക്കിനു് ഭൂമിയുടെ തണ്ടപ്പേര്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തിരുത്തിയെഴുതി, സാധാരണ ജനത്തിനു് കരം അടയ്ക്കാനാവാത്ത അവസ്ഥയുണ്ടാക്കിയാണു്, അതു് ശരിപ്പെടുത്താന്‍ അവര്‍ കാശുവാങ്ങിയതു്. ഇത്തരം തട്ടിപ്പുസംഘങ്ങള്‍ക്കു് തഴച്ചുവളരാന്‍ അവസരമുണ്ടാക്കിയ ഭരണമാണിതെന്നു് പത്രങ്ങള്‍ മറക്കുന്നു.

കല്ലേറുകൊള്ളുന്നതു് പിണറായി വിജയനായിരുന്നെങ്കില്‍ എന്നു് ചില മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരടക്കം സംശയം കൂറുകയുണ്ടായി. അതിനുള്ള അവസരം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. എത്രകാലമായി, നിങ്ങള്‍ പിണറായി വിജയനു നേരെ തെറ്റായ ആരോപണങ്ങളെറിഞ്ഞു പീഡിപ്പിക്കുന്നു എന്ന ചോദ്യവും അവിടെ നില്‍ക്കട്ടെ. ഇന്നോവയുടെ വിന്‍ഡ് ഷീല്‍ഡില്‍ ഏറുകൊണ്ടാല്‍ അതു പൊട്ടുമോ അതോ ചിന്നിപ്പൊടിയുകയേയുള്ളോ എന്ന ഭൌതികശാസ്ത്രസംബന്ധിയായ നിരീക്ഷണങ്ങളും അവിടെ നില്‍ക്കട്ടെ. ഉമ്മന്‍ ചാണ്ടി ഭരണത്തിനും യുഡിഎഫിനും നല്‍കുന്ന പിന്തുണയുടെ നൂറിലൊരംശം ഇടതുപക്ഷം ഭരിക്കുമ്പോള്‍ നിങ്ങള്‍ നല്‍കാറുണ്ടോ?

സെബിന്‍ ഏബ്രഹാം ജേക്കബ്‌
സെബിന്‍ ഏബ്രഹാം ജേക്കബ്‌

മുസ്ലീം ലീഗ് നേതൃത്വത്തില്‍ മതമില്ലാത്ത ജീവന്‍ എന്ന പാഠപുസ്തകത്തിനെതിരെ സമരം നടത്തി ഒരദ്ധ്യാപകനെ ചവിട്ടിക്കൊന്നപ്പോള്‍ ഈ ആവേശം എവിടെപ്പോയിരുന്നു? പ്രതിഷേധപ്രകടനം നടത്തിയ നാലുംമൂന്നും ഏഴു് എഐവൈഎഫുകാരെ ഒരു പെണ്‍കുട്ടിയേയും സംസ്ഥാനപ്രസിഡന്റിനേയും അടക്കം പുതുപ്പള്ളിയില്‍ നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ പാമ്പിനെ തല്ലുന്നതുപോലെ വളഞ്ഞിട്ടുതല്ലിയപ്പോള്‍ ഈ ആവേശം എവിടെപ്പോയിരുന്നു? തിരുവനന്തപുരത്തു് കരിങ്കൊടികാട്ടിയ യുവാവിന്റെ ജനനേന്ദ്രിയം ചവിട്ടിക്കലക്കിയപ്പോള്‍ ഈ ആവേശം എവിടെപ്പോയിരുന്നു? സമരം ചെയ്യാന്‍ എത്തുന്നവര്‍ക്കു് കുടിക്കാന്‍ തുള്ളിവെള്ളമോ പെടുക്കാന്‍ ഇറ്റു സ്ഥലമോ കൊടുക്കാന്‍ പാടില്ലെന്നു് പ്രഖ്യാപിച്ചപ്പോള്‍, ഹോട്ടലുകളോടു് അടച്ചിടാന്‍ ആജ്ഞാപിച്ചും തലസ്ഥാനവാസികളോടു് സമരക്കാരെ താമസിപ്പിക്കരുതെന്നു് ഭീഷണിപ്പെടുത്തിയും അമിതാധികാരപ്രമത്തത കാട്ടിയപ്പോള്‍ ഈ ആവേശം എവിടെപ്പോയിരുന്നു? അക്കാലത്തെ പൊലീസ് അന്വേഷണങ്ങളോടു് നിങ്ങളെടുത്ത നിലപാടുകളും ഇക്കാലത്തെ പൊലീസ് അന്വേഷണങ്ങളോടു് എടുക്കുന്ന നിലപാടുകളും ഒന്നു താരതമ്യം ചെയ്യാന്‍ ആമ്പിയറുണ്ടോ?

കല്ലെറിഞ്ഞു് ആളെക്കൊല്ലുക എന്നതു് ഇസ്ലാമികരാജ്യങ്ങളിലെ പ്രാകൃതശിക്ഷാരീതിയാണു്. ജനാധിപത്യത്തിലെ കല്ലേറും അതുമായി ഒരു ബന്ധവുമില്ല. തീയേറ്ററിലിരുന്നു കൂവുന്നതുപോലെ ഒരു എക്പ്രഷന്‍ മാത്രമാണു്, ഭരണാധികാരികള്‍ക്കെതിരെയോ ഭരണകൂടസ്ഥാപനങ്ങള്‍ക്കെതിരെയോ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായ പൊലീസിനെതിരെയോ ഒക്കെ നടക്കുന്ന കല്ലേറ്. തീയേറ്ററിലിരുന്നു കൂവുന്നതുപോലെ തന്നെ കല്ലെറിയുന്നതും എന്റെ മദ്ധ്യവര്‍ഗ്ഗ മനസ്സിനിഷ്ടമല്ല. എന്നുകരുതി, കൂവല്‍ സിനിമയെ കൊല്ലാനാണെന്നും കല്ലേറു് മുഖ്യമന്ത്രിയെ കൊല്ലാനാണെന്നും വിശ്വസിക്കണമെങ്കില്‍ തലയില്‍ ചകിരിച്ചോറാകണം. സിനിമ മോശമാകുമ്പോഴാണു് കൂവുന്നതു്. മുഖ്യമന്ത്രി ആ സ്ഥാനത്തിനു് അര്‍ഹനല്ലെന്നു് ജനത്തിനു തോന്നുമ്പോഴാണു് പ്രതിഷേധമുണ്ടാവുന്നതു്.

കല്ലേറിന്റെയെങ്കിലും ചരിത്രമാവുക എന്നു് പണ്ടു കുഞ്ഞപ്പ പട്ടാനൂരോ മുല്ലനേഴിയോ മറ്റോ എഴുതിയ ഒരു കവിത വായിച്ചതോര്‍മ്മിക്കുന്നു. തൊഴിലാളിയുടെ മകനായി പിറന്നു് തൊഴിലന്വേഷിച്ചലഞ്ഞു് ഒടുവില്‍ ഉന്നതപദവി കരസ്ഥമാക്കിയപ്പോള്‍ സിംഹങ്ങളുടെ ക്ലബ്ബില്‍ അംഗത്വം നേടിയ ഒരു പെറ്റി ബൂര്‍ഷ്വാസിയോടു പറയുന്ന മട്ടിലുള്ള കവിതയായിരുന്നു. കല്ലെറിഞ്ഞവര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു എന്നുകേട്ടപ്പോള്‍ വെറുതെ ഓര്‍ത്തുവെന്നേയുള്ളൂ. കല്ലേറ് കൊണ്ട മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ പോയവരിലെത്രപേര്‍ ജനനേന്ദ്രിയം തകര്‍ക്കപ്പെട്ട ജയപ്രകാശ് എന്ന യുവാവിനെ സന്ദര്‍ശിച്ചു എന്നും വെറുതെ ചിന്തിച്ചുപോയി.

വാല്‍ക്കഷ്ണം: മുഖ്യമന്ത്രിക്കെതിരായ എല്ലാ പരാതികളെയും condone ചെയ്യാന്‍ നമുക്കു് ഒറ്റക്കല്ലുമതി. പക്ഷെ മറ്റുചിലര്‍ ദീര്‍ഘകാലം അന്യായത്തടവില്‍ കിടന്നു് കുറ്റക്കാരനല്ലെന്നു കണ്ടു് വിട്ടയയ്ക്കപ്പെട്ടു് പുറത്തുവന്നു്, എന്നിട്ടും താന്‍ മുമ്പു പ്രസംഗിച്ചതിനൊക്കെ ക്ഷമ യാചിച്ചാലും നാം പൊറുക്കില്ല. ഇരട്ടാത്താപ്പേ, നിന്റെ പേരോ, കേരളം?

 

മോഡിരാജ്യം വന്നാല്‍ എന്താണ് കുഴപ്പം?

സമരങ്ങള്‍ക്ക് മാര്‍ക്കിടുന്നവരോട്…

വയലാര്‍ അവാര്‍ഡ് പ്രഭാ വര്‍മയ്ക്ക് നല്‍കിയത് എന്ത് ഉദ്ദേശ്യത്തില്‍ ? 

സ്ത്രീകളുടെ മൂത്രപ്പുരകള്‍ അഥവാ ചില സ്ത്രീപക്ഷ ആവശ്യങ്ങള്‍ 

വിലാപങ്ങള്‍ ഇപ്പോഴും തുടരുകയാണ്… 

നിങ്ങളാണെന്നെ വര്‍ഗീയവാദിയാക്കിയത് 

അപ്പോള്‍ ഇതാണ്, വര്‍ഗ്ഗീയവാദം 

സന്യാസത്തിന്റെ മറവിലെ കാമവെറിയന്മാര്‍ 

ഹജ്ജ് എങ്ങനെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമമാവും? 

മുസ്ലീം പെണ്‍കുട്ടികളെ എന്തിന് വേട്ടയാടുന്നു? 

മുസ്ലീം പെണ്‍കുട്ടികളെ ആര്‍ക്കാണ് പേടി?

 

നഗ്‌നത വിളിച്ച മുദ്രാവാക്യം

എന്റെ കവിത പരേതര്‍ക്കുള്ള പൂജാകര്‍മം

ഫ്രഞ്ച് വ്യാസന്‍

കഥ രാഘവീയം

എന്റെ നൃത്തം അമ്മമ്മയുടെ കവിളിലെ ഉമ്മ

മനുഷ്യനിറമുള്ള സ്ത്രീയുടെ നൃത്തം

ജീവനുള്ള പിയെ മാത്രമേ കണ്ടിട്ടുള്ളൂ

വിടപറയും മുന്‍പേ വ്യസനിച്ചത്…

Comments

comments

Tags: , , ,