ഗര്‍ഭം രോഗമല്ല, ഞാനതാസ്വദിച്ചു: ശ്വേത

| Monday August 19th, 2013

കളിമണ്ണ് എടുക്കുമ്പോള്‍ ഒരു എ പടമായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം, അതിനാല്‍ തന്നെ സിനിമ തീയറ്റില്‍ എത്തുന്നതോടെ വിവാദമെല്ലാം കെട്ടടങ്ങും

ഷാരോണ്‍ മൂത്തേടന്‍

കളിമണ്ണ് വിവാദം അവസാനിക്കുന്നില്ല. പ്രതിബന്ധങ്ങള്‍ എല്ലാം കടന്ന് സിനിമ റിലീസിന് തയ്യാറെടുക്കുമ്പോഴും ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്ന ബെ്‌ളസിയെക്കാള്‍ ആരോപണശരങ്ങള്‍ ഏറ്റുവാങ്ങുന്നത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ശ്വേതാ മേനോനാണ്. കളിമണ്ണിന്റെ പശ്ചാത്തലത്തില്‍ ശ്വേതയുമൊത്ത് അല്പനേരം…

സിനിമയോടെ വിവാദം തീരും

വിവാദമുണ്ടാക്കാനല്ല കളിമണ്ണ് എന്ന സിനിമയില്‍ ഗര്‍ഭിണിയായി അഭിനയിച്ചത്. ഗര്‍ഭിണിയായി അഭിനയിക്കുന്നു എന്ന കാര്യം ഞാന്‍ തന്നെയാണ് പുറത്തുവിട്ടത്. അപ്പോള്‍ ശ്വേതാ മേനോന്‍ അതു ചെയ്യും എന്നായിരുന്നു പലരുടെയും പ്രതികരണം. അഭിനയിച്ചപ്പോള്‍ ഇവര്‍ തന്നെ വിവാദമുണ്ടാക്കുകയും ചെയ്തു. സിനിമ കാണുമ്പോള്‍ എല്ലാ വിവാദങ്ങളും അവസാനിക്കുമെന്ന് ഉറപ്പാണ്. സിനിമ കാണുന്ന ഓരോ വ്യക്തിയും അവരുടെ അമ്മയെ ഓര്‍ക്കുമെന്ന് ഉറപ്പാണ്. എല്ലാ സ്ത്രീകളെയും ഞാന്‍ ബഹുമാനിക്കുന്നു. കളിമണ്ണ് ഞാന്‍ എന്റെ അമ്മയ്ക്കു സമര്‍പ്പിക്കുന്നു.

വിവാദത്തൊഴിലാളികള്‍

ഒരു ശതമാനം ആളുകളാണ് ഇവിടെ എല്ലാ വിവാദങ്ങള്‍ക്കും പിന്നില്‍. നമ്മുടെ നാട്ടില്‍ ശ്രദ്ധ ആവശ്യപ്പെടുന്ന എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. വിവാദമുണ്ടാക്കുന്നവര്‍ അവയിലൊക്കെ ഒന്ന് ഇടപെട്ടിരുന്നെങ്കില്‍ ഈ നാട് എന്നേ നന്നായേനെ.

എ പടം ആയിരുന്നില്ല ലക്ഷ്യം

കളിമണ്ണിന്റെ പ്രമേയം കേട്ടപ്പോള്‍ പ്രസവം ചിത്രീകരിക്കാമെന്ന് ആദ്യം പറഞ്ഞത് ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍ ആയിരുന്നു. അപ്പോള്‍ ബെ്‌ളസി പറഞ്ഞു പ്രസവം ചിത്രീകരിക്കുകയാണെങ്കില്‍ കഥയില്‍ ഇങ്ങനെയൊക്കെ മാറ്റങ്ങള്‍ വരുമെന്ന്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരമൊരു ചിത്രം ഒരുക്കുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഏതു പരിധിവരെ ദൃശ്യങ്ങള്‍ കാണിക്കാനാവുമെന്നും അത് സെന്‍സര്‍ ബോര്‍ഡ് എന്തു ചെയ്യുമെന്നും എനിക്കു വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അല്ലാതെ ഒരു എ പടം ഉണ്ടാക്കുക ആയിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം.

മകളുടെ പേരിലും വിവാദം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വാങ്ങാന്‍ ഞാന്‍ മുംബയില്‍ നിന്ന് 40 ദിവസം മാത്രമെത്തിയ മകളെയും കൊണ്ടു വന്നത് വന്‍ വിവാദമാക്കിയിരുന്നു ചിലര്‍. ഇത്ര ചെറിയ കുഞ്ഞിനെയുംകൊണ്ടു വന്നു എന്നതായിരുന്നു അവരുടെ പരാതി. കുട്ടിയെ കൊണ്ടുവരാതെ ഞാന്‍ വന്നിരുന്നെങ്കില്‍ ഇവര്‍ പറയുമായിരുന്നു മുലയൂട്ടുന്ന കുട്ടിയെ കളഞ്ഞിട്ടു വന്നുവെന്ന്. ഞാന്‍ പീഡിയാട്രിഷനുമായി ആലോചിച്ച് കുട്ടിയെ കൊണ്ടുപോകുന്നതില്‍ റിസ്‌ക് ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് വന്നത്. ഒരു മാസമായ കുഞ്ഞിനെയും കൊണ്ട് യാത്രചെയ്യാന്‍ വിമാനക്കമ്പനികളും അനുവദിക്കുന്നുണ്ട്. വിവാദമുണ്ടാക്കാന്‍ വിഷയമില്ലെങ്കില്‍ പിന്നെ കുഞ്ഞെങ്കില്‍ കുഞ്ഞ്…!

മകള്‍ നാളെ തിരിഞ്ഞുനില്‍ക്കില്ല

ഗര്‍ഭം എന്തിനു ചിത്രീകരിച്ചു എന്നു നാളെ മകള്‍ ചോദിക്കില്ലേ എന്നു പലരും എന്നോടു ചോദിക്കുന്നു. അങ്ങനെ ചോദിക്കില്ലെന്നു തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. ഒരുപക്ഷേ, നാളെ അവള്‍ അങ്ങനെ ചോദിച്ചാല്‍ അത് എന്റെ വളര്‍ത്തുദോഷം എന്നേ ഞാന്‍ കരുതൂ. മകള്‍ക്കു നല്ലൊരു മാതൃകയാവുന്ന അമ്മയാവാനാണ് എനിക്ക് ഇഷ്ടം. മകളെ ഒരു കൂട്ടുകാരിയെപ്പോലെ വളര്‍ത്തണം എന്നാണ് എന്റെ ആഗ്രഹം. അവള്‍ നാളെ ഒരു കലാകാരിയായി കാണുന്നതായിരിക്കും എനിക്ക് ഏറ്റവും സന്തോഷം തരിക.

ഗര്‍ഭം രോഗമല്ല, ആസ്വദിക്കണം

ഗര്‍ഭം ഒരു രോഗാവസ്ഥ പോലെയാണ് നമ്മുടെ സ്ത്രീകള്‍ കരുതുന്നത്. ഗര്‍ഭാവസ്ഥ ആസ്വദിക്കേണ്ട ഒരു ഘട്ടമാണ്. ഞാന്‍ അതു നന്നായി ആസ്വദിക്കുക തന്നെ ചെയ്തു. ആ ഘട്ടത്തില്‍ ഞാന്‍ മൂന്നു സിനിമകളില്‍ അഭിനയിച്ചു. റിയാലിറ്റി ഷോയില്‍ പങ്കെടുത്തു. അപ്പോഴെല്ലാം എന്റെ ഉദരത്തിലുള്ള കുഞ്ഞിനു വേണ്ട പരിചരണമെല്ലാം കൊടുത്തിരുന്നു. ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയും സ്‌നേഹവുമായിരുന്നു ആ ദിനങ്ങള്‍ ആസ്വാദ്യകരമാക്കിയത്.

ലേബര്‍ റൂമില്‍ കാമറയോ കാമറാമാനോ സംവിധായകനോ ഉണ്ടെന്ന ചിന്ത പ്രസവവേളയില്‍ എനിക്കില്ലായിരുന്നു. എന്റെ മുന്നില്‍ നഴ്‌സുമാര്‍ പോലുമില്ലായിരുന്നു. ഭര്‍ത്താവും ഡോക്ടറും മാത്രമായിരുന്നു മനസ്‌സില്‍. ഏതു ലോകത്താണെന്ന് എനിക്കറിയില്ലായിരുന്നു. പൊക്കിള്‍ക്കൊടി മുറിക്കുന്നതിനു മുന്‍പ് കുഞ്ഞിനെ എന്റെ വയറില്‍ വയ്ക്കണമെന്ന് ഡോക്ടറോടു പറഞ്ഞിരുന്നു. ഡോക്ടര്‍ അതുപോലെ ചെയ്തു. അതു വല്ലാത്തൊരു അനുഭവമായിരുന്നു.

ഗര്‍ഭിണിയായി ജീവിച്ചു

ഗര്‍ഭിണിയായി അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുക തന്നെയായിരുന്നു. സിനിമയില്‍ എഴുപതു ശതമാനവും എന്റെ സ്വാഭാവിക ചലനങ്ങള്‍ തന്നെയായിരുന്നു. മുപ്പതു ശതമാനം മാത്രമായിരുന്നു അഭിനയം. എനിക്കും കൂടെ അഭിനയിച്ച ബിജു മേനോനും പുതിയ അനുഭവമായിരുന്നു. രണ്ടു പേര്‍ക്കും ഇതിനു മുന്‍പ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ല. അതിശയിപ്പിക്കുന്നൊരു നടനാണ് ബിജു മേനോന്‍. അദ്ദേഹവുമൊത്ത് അഭിനയിക്കുന്ന നിമിഷങ്ങള്‍ എപ്പോഴും ആസ്വാദ്യകരമാണ്.

എനിക്കൊരു മാറ്റവുമില്ല

കളിമണ്ണുണ്ടാക്കിയ വിവാദങ്ങള്‍ എന്റെ ജീവിതവീക്ഷണത്തില്‍ യാതൊരു മാറ്റവും വരുത്തില്ല. വിവാദങ്ങള്‍ കൂടുതല്‍ ഉന്മേഷവും ലക്ഷ്യബോധവും മുന്നോട്ടുപോകാന്‍ പ്രചോദനവുമാവുകയാണ്.

വിമര്‍ശനം അതിരുകടന്നു

വിവാദങ്ങള്‍ക്കിടെ ചില വിമര്‍ശനങ്ങള്‍ അതിരുകടന്നു. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ എന്നെ വേദനിപ്പിച്ചു. അവര്‍ക്കു ഞാന്‍ മറുപടി നല്കുന്നില്ല. വിമര്‍ശനം ഉന്നയിച്ചവര്‍ അവരുടെ നിലവാരത്തിന് അനുസരിച്ചു പെരുമാറി. മറുപടി നല്കിയാല്‍ ഞാന്‍ അവരുടെ നിലവാരത്തിലേക്ക് താഴ്ന്നുപോകും.

വിവാഹം കഴിഞ്ഞാലും സിനിമയില്‍ അഭിനയിക്കാമെന്നു ഞാന്‍ തെളിയിച്ചു. നടിയുടെ വിവാഹം കഴിഞ്ഞോ എന്നതല്ല, അവരുടെ കഴിവാണ് അംഗീകരിക്കപ്പെടേണ്ടത്. വിവാഹം കഴിഞ്ഞെത്തിയ എനിക്കു നല്ല വേഷങ്ങള്‍ കിട്ടി. പ്രേക്ഷകരും എന്നെ സ്വീകരിച്ചു. കളിമണ്ണിനെ കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമായി ഉണ്ടാക്കിയതാണ്. അത് സിനിമയ്ക്കു മറ്റൊരു തരത്തില്‍ ഗുണകരമായി. കൂടുതല്‍ പേര്‍ കളിമണ്ണിനെക്കുറിച്ച് അറിഞ്ഞു.

 

Comments

comments

Tags: , , , ,

Leave a Reply

Your email address will not be published. Required fields are marked *