അമിതദാഹവും വിശപ്പും പ്രമേഹ ലക്ഷണം

| Friday September 9th, 2016

ജീവിതശൈലി രോഗങ്ങളില്‍ ഇന്ന് സര്‍വ്വസാധാരണമായി കണ്ടുവരുന്ന രോഗമാണ് പ്രമേഹം അഥവാ ഡയബറ്റീസ് മെലിറ്റസ്. പ്രമേഹം ഒരിക്കല്‍ പിടിപെട്ടാല്‍ അതില്‍ നിന്നും ശാശ്വതമായ മുക്തി സാധ്യമല്ല. തുടര്‍ച്ചയായി മരുന്നുകള്‍ ഉപയോഗിക്കേണ്ടിവരും. ആഹാരകാര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയും രോഗതീവ്രത കുറയ്ക്കാം.

തുടക്കത്തില്‍ രോഗം കണ്ടെത്തി മരുന്നിനൊപ്പം ആഹാരം, ജീവിത ശൈലി ഇവ ക്രമീകരിച്ച് പ്രമേഹം നിയന്ത്രിക്കാം. കഴിയും. ഏറ്റവുമധികം പ്രമേഹരോഗികള്‍ ഉള്ളത് ഇന്ത്യയിലാണ്.

പാന്‍ക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയുക, ശരീരം പല കാരണങ്ങളാല്‍ ശരീരം ഇന്‍സുലിനോട് പ്രതികരിക്കാതിരിക്കുക, ശരിയായ രീതിയില്‍ ഇന്‍സുലിന്‍ പുറപ്പെടുവിച്ചാലും ഉപയോഗിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയ അവസ്ഥകളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നു. ഇതാണ് പ്രമേഹം.

* പ്രൈമറി ഡയബറ്റീസ്

പ്രത്യേക കാരണങ്ങളോ രോഗങ്ങളോ ഒന്നുമില്ലാതെ കണ്ടുവരുന്നു.

* സെക്കന്‍ഡറി ഡയബറ്റീസ്

എന്തെങ്കിലും വ്യക്തമായ കാരണം കൊണ്ട് അല്ലെങ്കില്‍ ഒരു രോഗാവസ്ഥയുടെ തുടര്‍ച്ചയായി, ചികിത്സാവേളയില്‍, ദീര്‍ഘകാല മരുന്നുകളുടെ ഉപയോഗം കൊണ്ട് വരുന്നു.

കുട്ടികളിലും ചെറുപ്പക്കാരിലും കണ്ടുവരുന്ന ജുവനൈല്‍ ഡയബറ്റീസ് ഇന്നു വളരെ കൂടുതലാണ്. ഡയബറ്റീസ് ടൈപ്പ് 1 വിഭാഗത്തില്‍പ്പെടുന്ന ഈ രോഗാവസ്ഥ സങ്കീര്‍ണമാണ്. നേരത്തെ രോഗം കണ്ടെത്തി ചികിത്സ സ്വീകരിക്കണം. ജീവിതശൈലി, പാരമ്പര്യം, ഭക്ഷണരീതി, വ്യായാമക്കുറവ്, പൊണ്ണത്തടി തുടങ്ങിയ പലകാരണങ്ങളാല്‍ ഇന്നിപ്പോള്‍ കൂടുതലായി കണ്ടുവരുന്ന ടൈപ്പ് 2 ഡയബറ്റീസ് ചെറുപ്പക്കാരിലും മുതിര്‍ന്നവരിലും ധാരാളമായി കണ്ടുവരുന്നു. മുന്‍കാലങ്ങളില്‍ 40 വയസ്‌സിനു ശേഷം മാത്രം ബാധിച്ചിരുന്ന ടൈപ്പ് 2 പ്രമേഹം ഇന്ന് 18 വയസ്‌സുമുതല്‍ കണ്ടുവരുന്നു.

പാരമ്പര്യമായി രോഗം പകര്‍ന്നുകിട്ടാം. അച്ഛനും അമ്മയും പ്രമേഹരോഗികളാണെങ്കില്‍ മക്കള്‍ക്ക് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഫാസ്റ്റ്ഫുഡ്, കോള, ടിന്‍ഫുഡ് എന്നിവയുടെ അമിതോപയോഗം, മാനസികസമ്മര്‍ദ്ദം, ചില മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം ഇവയൊക്കെ പ്രമേഹ രോഗത്തിലേക്ക് നയിക്കും.

അമിത വിശപ്പ് ഇടയ്ക്കിടെ മൂത്രമൊഴിക്കുക, അമിത ദാഹം, ക്ഷീണം തളര്‍ച്ച കൈകാല്‍ തരിപ്പും പെരുപ്പും, ശരീരഭാരം കുറയുക, മൂത്രമൊഴിക്കുന്നഭാഗത്ത് നീറ്റല്‍, ചൊറിച്ചില്‍ കാഴ്ച മങ്ങല്‍, മുറിവ് ഉണങ്ങാന്‍ താമസം, സ്ത്രീകളില്‍ ലൈംഗികവും വൈകാരികവുമായ തളര്‍ച്ച, മാനസികസമ്മര്‍ദ്ദം ഇവയാണ് രോഗലക്ഷണങ്ങള്‍.

പ്രമേഹം നിയന്ത്രണ വിധേയമാക്കാതിരുന്നാല്‍ ശരീരത്തിലെ മറ്റ് പ്രധാന അവയവങ്ങളായ വൃക്ക, ഹൃദയം, കണ്ണുകള്‍, ത്വക്ക്, രക്തക്കുഴലുകള്‍, ഞരമ്പുകള്‍, പാദങ്ങള്‍ തുടങ്ങിയവയെ ബാധിച്ച് അവയുടെ പ്രവര്‍ത്തനം താളം തെറ്റിക്കും . ഗര്‍ഭിണിയാകുന്നതിന് മുമ്പ് പ്രമേഹമില്ലാത്തവര്‍ക്കും ഗര്‍ഭകാലത്ത് ഈ രോഗം കണ്ടുവരുന്നു. ഗര്‍ഭിണികളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് പ്രധാനമായും മാനസിക സമ്മര്‍ദ്ദം കൊണ്ടാണ്. പ്രസവം കഴിയുമ്പോള്‍ രോഗം മാറുമെങ്കിലും ചിലരില്‍ സ്ഥായിയായി കണ്ടുവരുന്നു.

വിവരസാങ്കേതിക രംഗത്തും ഗള്‍ഫ് മേഖലയിലും പണിയെടുക്കുന്നവരില്‍ പ്രമേഹ സാധ്യത കൂടുതലാണ്. വീട്ടുകാരെയും നാട്ടുകാരെയും പിരിഞ്ഞുകഴിയേണ്ടി വരുന്ന അവസ്ഥ, അതു വഴിയുള്ള മാനസിക സമ്മര്‍ദ്ദം, ആഹാരക്രമത്തിലെ വീഴ്ച ഇവ ഗള്‍ഫ് മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് വില്ലനാകുമ്പോള്‍, ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ തൊഴില്‍ജന്യരോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. ശീതീകരിച്ച മുറിയില്‍ കമ്പ്യൂട്ടറിനു മുന്നില്‍ ദീര്‍ഘനേരം ഇരിക്കുക, മാനസികസമ്മര്‍ദ്ദം, വ്യായാമക്കുറവ്, അനാരോഗ്യ ഭക്ഷണരീതികള്‍ ഇവ ജീവിതശൈലീ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പ്രമേഹരോഗത്തിന് ചികില്‍സ തേടുന്ന വ്യക്തി പ്രമേഹ സംബന്ധമായ രോഗലക്ഷണങ്ങള്‍ മാത്രമാവും ഡോക്ടറോട് പറയുക. വലതുവശം ചരിഞ്ഞു കിടന്നാല്‍ ഉറക്കം വരാതിരിക്കുക, എണ്ണയുടെ അംശം കൂടുതലുള്ള ആഹാരം കഴിച്ചാല്‍ ദഹനക്കുറവ്, കിടക്കുകയോ, കണ്ണടയ്ക്കുകയോ ചെയ്താല്‍ തലകറക്കം, മഴക്കാലത്ത് രാത്രി മൂക്കടപ്പ് സൂര്യപ്രകാശമേറ്റാല്‍ തലവേദന, തലവേദന എന്നാല്‍ ഛര്‍ദ്ദി, നടന്നാല്‍ പുറംവേദന കുറയുക, ചൂട് ആഹാരം, വെള്ളം ഇവയോട് താല്പര്യം, ഓര്‍മ്മക്കുറവ്, നിസ്സാരകാര്യങ്ങള്‍ക്ക് പെട്ടെന്ന് ദേഷ്യം വരിക, ഒറ്റയ്ക്ക് ഇരിക്കാന്‍ താല്പര്യം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവാം.

രോഗം നിയന്ത്രണ വിധേയമായാല്‍ മിതമായി പഴങ്ങള്‍ കഴിക്കാം. ഭക്ഷണക്രമത്തോടൊപ്പം ചികില്‍സയും തുടരണം. അരിയാഹാരം കുറയ്ക്കുന്നതാണ് നല്ലത്. അമിതമായി ഗോതമ്പ് ആഹാരം കഴിക്കുന്നത് ദോഷം ചെയ്യും. രോഗം നിയന്ത്രണവിധേയമാകുമ്പോള്‍ സാധാരണ ജീവിതം നയിക്കാം.

ചിട്ടയായ വ്യായാമം, യോഗ എന്നിവ രോഗശമനത്തിന് സഹായിക്കും. പച്ചക്കറികള്‍ കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക. ഉറക്കം ക്രമീകരിക്കുക, മാനസിക പിരിമുറുക്കം കുറയ്ക്കുക പാദങ്ങള്‍ സംരക്ഷിക്കുക ഇവയൊക്കെ പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതാണ്.

Comments

comments

Tags: , , ,